ADVERTISEMENT

ചീമേനി∙ ഇടതു മുന്നണി സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കയ്യൂരിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടക്കം. തേജസ്വിനിയുടെ തീരത്തുള്ള രക്തസാക്ഷി മണ്ഡപ പരിസരത്ത് നടന്ന പരിപാടി ഇടതു മുന്നണി കൺവീനർ കെ.പി.സതീശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ബാബു അധ്യക്ഷനായി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം കയ്യൂരിൽ തന്നെയുള്ള ചൂരിക്കാടൻ കൃഷ്ണൻ നായരുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. പിന്നീട് ചീമേനി, കോറോം, മുനയൻ കുന്ന്, കരിവെള്ളൂർ എന്നീ രക്തസാക്ഷി മണ്ഡപങ്ങളും സന്ദർശിച്ചു. ഇന്ന് കല്യാശ്ശേരിയിൽ വിവിധ സ്ഥാപനങ്ങളും വ്യക്തികളെയും സന്ദർശിക്കും.

എം.വി. ബാലകൃഷ്ണൻ
എം.വി. ബാലകൃഷ്ണൻ

ഉത്തരവാദിത്തങ്ങളുടെ കരുത്തിൽ
കാസർകോട്‌ ∙ ജില്ല രൂപീകൃതമായതു മുതൽ ഇതുവരെ സിപിഎം ജില്ലാ കമ്മിറ്റിയിൽ അംഗമായി തുടരുന്ന നേതാവാണ് എൽഡിഎഫിനു വേണ്ടി ലോക്സഭാ സ്ഥാനാർഥിയാകുന്ന എം.വി.ബാലകൃഷ്ണൻ (74). 1996 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം. കഴിഞ്ഞ 6 വർഷമായി പാർട്ടി ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കാസർകോട് ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റാണ്. ജില്ലാ പഞ്ചായത്തിലേക്കും ഗ്രാമ പഞ്ചായത്തിലേക്കും മാത്രം മത്സരിച്ചിട്ടുള്ള ബാലകൃഷ്ണന് പാർലമെന്റിലേക്ക് കന്നി മത്സരമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായി ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ച ഏക പേര് ഇദ്ദേഹത്തിന്റേതായിരുന്നു. എന്നാൽ സിറ്റിങ് എംഎൽഎമാർക്ക് മത്സരിക്കാൻ ഒരു അവസരം കൂടി പാർട്ടി നൽകിയതോടെ ബാലകൃഷ്ണന് സീറ്റ് ലഭിച്ചില്ല. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയാണ്. 

ചെറുവത്തൂർ കൊവ്വൽ എയുപി സ്‌കൂൾ പ്രധാനാധ്യാപകനായിരിക്കെ സ്വയം വിരമിച്ച്‌ മുഴുവൻസമയ പാർട്ടി പ്രവർത്തകനായി. സിപിഎം മുഴക്കോം ബ്രാഞ്ച് സെക്രട്ടറി, അവിഭക്ത കയ്യൂർ ലോക്കൽ സെക്രട്ടറി, ആദ്യകാല അധ്യാപക സംഘടനയായ കെപിടിയു ജില്ലാ സെക്രട്ടറി, തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘടനയായ എൻആർഇജി വർക്കേഴ്സ് യൂണിയൻ പ്രഥമ സംസ്ഥാന സെക്രട്ടറി, കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കയ്യൂർ–ചീമേനി പഞ്ചായത്ത്‌ പ്രസിഡന്റ്‌, പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായി കണ്ണൂർ സർവകലാശാലാ സിൻഡിക്കറ്റംഗം തുടങ്ങിയ ചുമതലകളും നിർവഹിച്ചു. 

രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനുള്ള അംഗീകാരം രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് ഏറ്റുവാങ്ങി. 4 തവണ സംസ്ഥാന പുരസ്‌കാരവും നേടി. 2017ൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്‌ വൈസ് ചെയർമാനുമായിരുന്നു.‌ അടിയന്തിരാവസ്ഥക്കാലത്ത്‌ കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽവാസം അനുഭവിച്ചു. മുഴക്കോത്തെ മഞ്ചേരി വീട്ടിൽ ചെറൂട്ടാര കുഞ്ഞമ്പു നമ്പ്യാരുടെയും ചിരുതൈ അമ്മയുടെയും മകൻ. ഭാര്യ:എം.കെ.പ്രേമവല്ലി (ക്ലായിക്കോട്‌ സഹകരണ ബാങ്ക്‌ റിട്ട.ജീവനക്കാരി). മക്കൾ:എം.കെ.പ്രതിഭ (അധ്യാപിക,ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂൾ), എം.കെ.പ്രവീണ (യുകെ). മരുമക്കൾ: പി.വിജയകുമാർ മംഗലശ്ശേരി, പ്രസാദ്‌ (യുകെ).

എം.വി. ബാലകൃഷ്ണൻ സംസാരിക്കുന്നു

∙ഇത്തവണത്തെ വിജയ പ്രതീക്ഷ എന്താണ്?

കാസർകോട് പാർലമെന്റ് മണ്ഡലം എക്കാലവും ഇടത് മനസ്സാണ്. ഇടതു മുന്നണിയുടെ കോട്ട തന്നെയാണ് ഈ മണ്ഡലം. കഴിഞ്ഞ തവണ കേരളത്തിലാകെയുണ്ടായ തെറ്റായ പ്രചാരണവും ജനങ്ങൾക്ക് പറ്റിപ്പോയ കൈപ്പിഴയുമാണ് യുഡിഎഫ് വിജയിക്കാൻ കാരണമായത്.

∙പ്രചാരണ രീതി എങ്ങനെയാണ്?

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുക എന്നതിനാണ് മുൻതൂക്കം.

∙രാജ്മോഹൻ ഉണ്ണിത്താൻ എംപി തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി എങ്കിൽ മത്സരത്തെ എങ്ങനെ കാണുന്നു ?

മത്സരത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായിട്ടാണ് കാണുന്നത്. വ്യക്തിപരമല്ല.

∙പ്രധാന പ്രചാരണ വിഷയങ്ങൾ എന്തൊക്കെയാണ്?

വർഗീയതയ്ക്കെതിരെയുള്ള പോരാട്ടം, കേരളത്തോടുള്ള കേന്ദ്ര അവഗണന, ഭരണഘടനാ സംരക്ഷണം എന്നിവയാണ് പ്രധാന വിഷയങ്ങൾ. മണ്ഡലത്തിലെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകും. ഇത്തരം വിഷയങ്ങൾ മുൻ നിർത്തിയാണ് പ്രചാരണവുമായി രംഗത്തിറങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com