ADVERTISEMENT

കാഞ്ഞങ്ങാട്∙ ജില്ലയിലെ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി കോട്ടപ്പാറയിലെ ഗെയ്ൽ ഇന്ത്യ ലിമിറ്റഡിന്റെ ഗ്യാസ് സ്റ്റേഷൻ കമ്മിഷൻ ചെയ്തു. ആദ്യഘട്ട കമ്മിഷനിങ് കഴിഞ്ഞതോടെ ജില്ലയിൽ സുരക്ഷിതമായ പ്രകൃതി വാതകത്തിന്റെ ലഭ്യത ഉറപ്പു വരുത്തുമെന്ന് അധികൃതർ പറഞ്ഞു. ഇപ്പോൾ പ്രവർത്തിച്ചു വരുന്ന ജില്ലയിലെ 4 സിഎൻജി പമ്പുകളിലും, ഇനി പ്രവർത്തനത്തിന് ഒരുങ്ങുന്ന മൂന്നു പമ്പുകളിലും സിഎൻജി ക്ഷാമം ഇനി ഉണ്ടാവില്ലെന്നാണു കരുതുന്നത്. ഇനിയുള്ള ജോലികൾ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാകും നടക്കുക.

മഡിയൻ വരെയുള്ള 9 കിലോമീറ്റർ ദൂരത്തിന്റെ കമ്മിഷനിങ് ഉടൻ നടക്കും. ആദ്യ ഘട്ടത്തിൽ അജാനൂർ, മടിക്കൈ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലും വാർഡുകളിൽ ഗ്യാസ് എത്തിക്കാനാണ് ശ്രമിക്കുന്നത്. മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറ മേഖലയിൽ മാത്രമാണ് തുടക്കത്തിലെത്തുക. ജില്ലയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഗ്യാസ് ലഭ്യമാക്കാനും കൂടുതൽ  ഓൺലൈൻ സിഎൻജി പമ്പുകൾ തുറക്കാനും ഇതോടെ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. 

കോട്ടപ്പാറ ഗെയ്ൽ സ്റ്റേഷൻ, അമ്പലത്തറ മുതൽ കോട്ടപ്പാറ സിറ്റി ഗ്യാസ് സ്റ്റേഷൻ വരെ 700 മീറ്ററിൽ 4 ഇഞ്ച് പൈപ്പ് ലൈൻ ആണ് കമ്മിഷൻ ചെയ്തത്. ഗെയ്ൽ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.മോവർ, ചീഫ് ജനറൽ മാനേജർ ജോസ് തോമസ്, ‍സിജിഎം മാർക്കറ്റിങ് രാജേഷ് സിൻഹ, ജിഎം വിപിൻ ചന്ദ്രൻ, ബേസ് ഇൻ ചാർജ് കണ്ണൂർ ജോർജ് ആന്റണി, ഐഒഎജിപിഎൽ അസെറ്റ് മാനേജർ ജിതേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ– ജൂലൈ മാസങ്ങളിൽ കൂടുതൽ വീടുകളിലേക്ക് കണക്‌ഷനെത്തിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ. ദേശീയപാതയ്ക്കു കുറുകെയുള്ള കണക്‌ഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇനി വീടുകളിലെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലുള്ള റോഡുകൾ മുറിക്കേണ്ടതുണ്ട്. ഇതിന് അനുമതി കിട്ടുന്നതനുസരിച്ച് ജോലികൾ പൂർത്തിയാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com