മാലിന്യം കുമിഞ്ഞുകൂടി കുമ്പള; തടയാൻ നടപടിയില്ലാതെ പഞ്ചായത്ത്
Mail This Article
കുമ്പള ∙ പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ തടവും പിഴയും ഉൾപ്പെടെ ശിക്ഷ വ്യവസ്ഥകൾ ഉണ്ടെങ്കിലും കുമ്പളയിൽ മാലിന്യം വലിച്ചെറിയുന്നതിൽ ഒരു കുറവുമില്ല. കുമ്പള ടൗണിന് സമീപത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കുള്ള (സിഎച്ച്സി) അനിൽ കുംബ്ലെ റോഡിന് സമീപത്ത് മാലിന്യ കൂമ്പാരം ഉള്ളത്. ഹരിത കർമസേന കുമ്പളയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും രണ്ടാഴ്ചയിൽ ഒരിക്കൽ മാലിന്യം ശേഖരിക്കുമ്പോഴാണ് ഇതിന്റെ ഭാഗമാകാതെ റോഡിനു സമീപം മാലിന്യം വലിച്ചെറിയുന്നത്. മൊഗ്രാൽ റഹ്മത്ത് നഗറിലെ വെള്ളം ഒഴുകിപ്പോകാനുള്ള കലുങ്കിനു അടിയിലേക്കാണ് മാലിന്യം വലിച്ചെറിയുന്നത്.
രണ്ടിടത്തും രാത്രിയുടെ മറവിലാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് പരിസരവാസികൾ പറയുന്നു. മാലിന്യ വിഷയത്തിൽ തദ്ദേശ സെക്രട്ടറിമാർക്ക് വ്യാപകമായ അധികാരങ്ങളാണു നിയമ ഭേദഗതിയിലൂടെ സർക്കാർ നൽകിയിരിക്കുന്നത്. തെറ്റായ പ്രവൃത്തി ചെയ്യുന്നതിൽ നിന്നും വ്യക്തികളെ പിന്തിരിപ്പിക്കുന്നതിന് അതിനനുസരിച്ചുള്ള ഗൗരവമേറിയ പിഴ ഈടാക്കണമെന്നു ഓർഡിനൻസ് വ്യക്തമാക്കുന്നുമുണ്ട്. അതേസമയം, ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്ക് തദ്ദേശ സേവനവും ഓർഡിനൻസിൽ നിഷേധിച്ചിട്ടുണ്ട്. അതിനാൽ മാലിന്യ വിഷയത്തിൽ നടപടി കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതിനിടെ, പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കഴിഞ്ഞ മാസം കുമ്പള പഞ്ചായത്തിനു തന്നെ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തിയിരുന്നു. മാലിന്യ സംസ്കരണ കേന്ദ്രമായ എംസിഎഫിന് പുറത്ത് പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയത്. അന്നേ ദിവസം നിരവധി കെട്ടിടങ്ങൾക്കും പിഴ ചുമത്തിയിരുന്നു. മാലിന്യ വിഷയത്തിൽ പഞ്ചായത്ത് നടപടി സ്വീകരിക്കാത്ത പക്ഷം എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.