യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
Mail This Article
കാസർകോട്∙ പാർലമെന്റിൽ ഫാഷിസത്തിനെതിരെ പോരാടാൻ സർവഥാ യോഗ്യനാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപിയെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം മുല്ലപ്പള്ളി രാമചന്ദ്രൻ. കാസർകോട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യവും രാജ്യത്തിന്റെ ഭരണഘടനയും നിലനിൽക്കണമെങ്കിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം അനിവാര്യമാണ്. കാസർകോടിനെയും ഇവിടത്തെ ജനങ്ങളെയും സ്നേഹിച്ച് അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളാനും പാർലമെന്റിൽ ഈ നാടിനു വേണ്ടി ശബ്ദിക്കാനും ഉണ്ണിത്താന് സാധിക്കും.–മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ, സി.ടി.അഹമ്മദലി, എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ്, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ,ഹരീഷ് ബി.നമ്പ്യാർ, വി.കമ്മാരൻ,ബാലകൃഷ്ണൻ പെരിയ, കെ.പി.കുഞ്ഞിക്കണ്ണൻ,എസ്ടിയു അബ്ദുറഹ്മാൻ, നാഷനൽ അബ്ദുല്ല, കരിമ്പിൽ കൃഷ്ണൻ,എ.ഗോവിന്ദൻ നായർ, മുനീർ ഹാജി ,വൺ ഫോർ അബ്ദു റഹ്മാൻ, കെ നീലകണ്ഠൻ, സൈമൺ അലക്സ്, ഹക്കീം കുന്നിൽ, രമേശൻ കരുവാച്ചേരി, ഗോവിന്ദൻ നായർ,പി വി സുരേഷ്, ഗീതാ കൃഷ്ണൻ, ധന്യ സുരേഷ്, മാമുനി വിജയൻ, എംസി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് ബോധപൂർവമെന്ന് സംശയം: ഉണ്ണിത്താൻ
കാസർകോട് ∙ വിശ്വാസികൾ പള്ളിയിൽ പോകുന്ന വെള്ളിയാഴ്ച ദിവസം തന്നെ തമിഴ്നാട്ടിലും കേരളത്തിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു ബോധപൂർവമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കാസർകോട് എല്ലാ സാഹചര്യങ്ങളും യുഡിഎഫിന് അനുകൂലമാണ്. പക്ഷേ അമിതമായ ആത്മവിശ്വാസം അപകടകരമാണ്. എൽഡിഎഫിന്റെ ശക്തി വിലകുറച്ചു കാണരുത്. കഴിഞ്ഞ തവണ മുഴുവൻ ബൂത്തിലും ആളെ ഇരുത്തി യുഡിഎഫ് ജാഗ്രത കാണിച്ചതിനാൽ എൽഡിഎഫിന്റെ കള്ളവോട്ട് ഒഴിവാക്കിയതാണ് വിജയത്തിൽ നിർണായകമായത്. ആ ജാഗ്രത ഇത്തവണയും വേണം– ഉണ്ണിത്താൻ പറഞ്ഞു.