ADVERTISEMENT

കാസർകോട് ∙ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ പരിശോധനകളിൽ ജില്ലയിൽ  ഇരട്ട വോട്ടുകൾ കണ്ടെത്തിയത്  787 പേർക്ക്. ഇതിൽ മഞ്ചേശ്വരം മണ്ഡലത്തിലെ 12 ഒഴികെ ഇരട്ട വോട്ടുള്ള  മുഴുവൻ പേരെയും  പട്ടികയിൽ നിന്നു നീക്കുമെന്ന് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.  അവശേഷിക്കുന്ന 12 വോട്ടർമാരെയും തിരിച്ചറിഞ്ഞതായും ഇവരെ കൂടി പട്ടികയിൽ നിന്നു ഒഴിവാക്കാനുള്ള നടപടികൾ തുടങ്ങിയതായി കലക്ടർ പറഞ്ഞു. പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലെ കണക്ക് ഇതിൽ ഉൾപ്പെടുന്നില്ല.

ലോക്സഭാ  തിരഞ്ഞെടുപ്പ്   പ്രഖ്യാപിച്ചതോടെ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ  രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പൊതുജനങ്ങളും   മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നതിന്നും ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനും വിവിധ സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി. പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിന് കലക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി എഡിഎം കെ.വി.ശ്രുതി, ജില്ലാ പൊലീസ് മേധാവി പി.ബിജോയ്,  സബ്കലക്ടർ സൂഫിയാൻ അഹമ്മദ്, അസി.കലക്ടർ ദിലീപ്.കെ.കൈനിക്കര,ഇലക‍്ഷൻ വിഭാഗം ഡപ്യൂട്ടി കലക്ടർ പി.അഖിൽ   എന്നിവർ അറിയിച്ചു.

മുഴുവൻ ഇരട്ട വോട്ടുകളും നീക്കും
മഞ്ചേശ്വരം –156, കാസർകോട്–129,ഉദുമ 101, തൃക്കരിപ്പൂർ 96, കാഞ്ഞങ്ങാട് 242  എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലെയും ഇരട്ടവോട്ടുകളുടെ എണ്ണം. 26നകം മുഴുവൻ ഇരട്ട വോട്ടുകളും നീക്കും. 5 മണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ  കൂട്ടിചേർക്കുന്നതിനായി 720, നീക്കാനായി 433, തിരുത്താനായി 370 അപേക്ഷകളുമാണ്  കിട്ടിയത്. വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്ന മഞ്ചേശ്വരം  388, കാസർകോട്–382,ഉദുമ–567, കാഞ്ഞങ്ങാട്–56,  തൃക്കരിപ്പൂർ 123 വോട്ടർമാരും മരിച്ചതായി കണ്ടെത്തിയെന്നു  പരിശോധന സംഘം  അറിയിച്ചു.

കൺട്രോൾ റൂം തുറന്നു
കൺട്രോൾ റൂം – കലക്ടറേറ്റിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പരാതി അറിയിക്കാനുള്ള നമ്പർ 1950

ഗ്രാമസഭകൾ
ജില്ലയിൽ 983 പോളിങ് സ്റ്റേഷനുകളിലും തിരഞ്ഞെടുപ്പ് ഗ്രാമസഭകൾ നടന്നു. ഗ്രാമസഭകളിൽ വോട്ടർ പട്ടിക ഉറക്കെ വായിച്ചു. കൂട്ടിച്ചേർക്കാനും ഒഴിവാക്കാനുമുള്ളവ ശ്രദ്ധയിൽപെടുമ്പോൾ അവിടെ നിന്ന് തന്നെ ഫോം 6, ഫോം 7, ഫോം 8 എന്നിവ പൂരിപ്പിച്ച് ബിഎൽഒമാരെ ഏൽപിച്ചു. മഞ്ചേശ്വരത്ത് 205, കാസർകോട് 190, ഉദുമ 198, കാഞ്ഞങ്ങാട് 196, തൃക്കരിപ്പൂർ 194 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം.  ജില്ലയിലെ മുഴുവൻ പോളിങ് സ്റ്റേഷനുകളിലും തിരഞ്ഞെടുപ്പ്  ഗ്രാമസഭകൾ നടന്നു.

ജില്ലയിൽ ആകെ വോട്ടർമാർ  10,51,111
പുരുഷന്മാർ–5,13,579
സ്ത്രീകൾ– 5,37,525 .
ട്രാൻസ്ജെൻഡർ–7

വോട്ടർമാർ കൂടുതൽ  മഞ്ചേശ്വരത്ത്.
പുരുഷന്മാർ 1,10,362
സ്ത്രീകൾ1,09,958
ആകെ  2,20,320 .

വോട്ടർമാർ കുറവ് കാസർകോട്
പുരുഷന്മാർ 99,795.
സ്ത്രീകൾ–100635
ട്രാൻസ്ജെൻഡർ 2
ആകെ 2,00,432

മറ്റു മണ്ഡലത്തിലെ വോട്ടർമാർ.
ഉദുമ– 2,13,659
തൃക്കരിപ്പൂർ–200922.
കാഞ്ഞങ്ങാട് 2,15,778

ജില്ലയിൽ കന്നിവോട്ടർമാർ 12,559
6,367 പുരുഷൻമാരും 6,189 സ്ത്രീകളും  3 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടെ 12,559 കന്നി വോട്ടർമാരാണു ജില്ലയിലുള്ളത്. മഞ്ചേശ്വരം –1945, കാസർകോട് –1772, ഉദുമ– 2932, കാഞ്ഞങ്ങാട്– 2774, തൃക്കരിപ്പൂർ – 3136

ഭിന്നശേഷി സൗഹൃദം: വോട്ടർമാർ 10527
ഭിന്നശേഷിക്കാരായ വോട്ടർമാരുടെ ഫ്ളാഗിങ് പൂർത്തിയായി. ഇവർക്ക് പോളിങ് സ്റ്റേഷനുകളിൽ വീൽചെയർ സൗകര്യങ്ങൾ ഒരുക്കും. 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടെടുപ്പിന് ഹാജരാകാൻ സാധിക്കാത്ത വോട്ടർമാർക്കും ഭിന്നശേഷിക്കാരായ പോളിങ് സ്റ്റേഷനിൽ എത്താൻ കഴിയാത്ത വോട്ടർമാർക്കും കോവിഡ് പോസിറ്റീവ് ആയ സ്റ്റേഷനിൽ എത്താൻ കഴിയാത്ത വോട്ടർമാർക്കും വീടുകളിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കും. മാർച്ച് 18 വരെ ജില്ലയിൽ 10527 ഭിന്നശേഷി വോട്ടർമാരുണ്ടെന്നു കണ്ടെത്തി.

‌85 വയസ്സ് കഴിഞ്ഞവർ 5138
മാർച്ച് 18 വരെയുള്ള കണക്കുകൾ പ്രകാരം 85 വയസ്സ് കഴി‍ഞ്ഞ 5138 വോട്ടർമാരാണു ജില്ലയിലുള്ളത്.ഇതിൽ 1747 പുരുഷന്മാരും 3391 സ്ത്രീകളുമാണ്.

പോസ്റ്റർ നീക്കാൻ എംഡിഎമ്മുംഅസി.കലക്ടറും
കാസർകോട് ∙ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി സർക്കാർ മതിലുകൾ,പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ  പതിപ്പിച്ചതും സ്ഥാപിച്ചതുമായ പോസ്റ്ററുകളും ബാനറുകളും നീക്കാൻ എംഡിഎമ്മും അസി.കലക്ടറും നേരിട്ടറങ്ങി. പൊതുമുതൽ അപകീർത്തിപ്പെടുത്തുന്നത് തടയാനാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് പോസ്റ്ററുകളും ബാനറുകളും ഉൾപ്പെടെ നീക്കുന്നത്. കഴിഞ്ഞ ദിവസം എഡിഎം കെ.വി.ശ്രുതി, അസി.കലക്ടർ ദിലീപ് കെ.കൈനിക്കര എന്നിവരുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന്റെ കവാടത്തിലും മതിലുകളും ഓഫിസ് ചുവരുകളിലും മറ്റുമായി പതിപ്പിച്ച് ബാനറുകളും പോസ്റ്ററുകളും നീക്കിയത്.  

മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ 5 നിയോജക മണ്ഡലങ്ങളിലേക്കും ജില്ലയിലേക്ക് പൊതുവായി ഒരെണ്ണവും ചേർത്ത് 6 ഡിഫേസ്മെന്റ് സ്ക്വാഡുകളാണ് പ്രവർത്തിക്കുക. പ്രാരംഭ പ്രവർത്തനമായി സർക്കാർ ഓഫിസുകളിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും മറ്റു പ്രചാരണ സാമഗ്രികളും നീക്കുന്നത്.ഇനിയുള്ള ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നു അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മംഗളൂരുവിൽ പൊലീസ് വാഹന പരിശോധന നടത്തുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മംഗളൂരുവിൽ പൊലീസ് വാഹന പരിശോധന നടത്തുന്നു.

കർണാടകയിൽ പരിശോധനകൾ ശക്തമാക്കി പൊലീസ്
മംഗളൂരു ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ പരിശോധനകൾ ശക്തമാക്കി പൊലീസ്.  50,000 രൂപയിൽ കൂടുതൽ ഉള്ള പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൊണ്ടുപോകുമ്പോൾ ആവശ്യമായ രേഖകൾ കൈവശം വയ്ക്കണം എന്നും ബാങ്കിൽ നിന്നോ എടിഎമ്മിൽ നിന്നോ പിൻവലിച്ച പണവുമായി യാത്ര ചെയ്യുകയാണെങ്കിൽ ബില്ല്, ബന്ധപ്പെട്ട പാസ്ബുക്ക് എന്നിവ ഹാജരാക്കണം എന്നും പൊലീസ് അറിയിച്ചു.

 ജില്ലയിലെ പ്രധാന മേഖലകളിൽ മൊബൈൽ സ്ക്വാഡുകളും സജീവമാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളുടെ അതിർത്തിയായ ഹെജമാടിയിൽ പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു.  കൊല്ലൂരിലെ ഡാലിക്ക് സമീപം കൊല്ലൂർ വഴി ബൈന്ദൂർ, കുന്ദാപുര എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും പരിശോധിച്ച് വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com