ചൂടുകാലം; കരുത്തുകാട്ടി പകർച്ചവ്യാധികളും
Mail This Article
നീലേശ്വരം ∙ വേനൽച്ചൂട് കടുത്തതോടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. ഹെൽപർക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ രോഗബാധയുണ്ടായതോടെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൂവാറ്റി അങ്കണവാടി അടച്ചിട്ടു. ആരോഗ്യവകുപ്പ് നിർദേശപ്രകാരമാണ് അങ്കണവാടിക്ക് രണ്ടാഴ്ചത്തേക്ക് അവധി നൽകിയത്. 13 കുട്ടികൾ പഠിക്കുന്ന ഇവിടെ ആദ്യം ഒരു കുട്ടിക്കാണ് രോഗബാധയുണ്ടായത്. പിന്നീട് ഒന്നൊന്നായി രോഗബാധ റിപ്പോർട്ട് ചെയ്തു.
കൂടുതൽ കുട്ടികൾ രോഗലക്ഷണം കാണിച്ചുതുടങ്ങിയതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് രണ്ടാഴ്ചത്തേക്ക് അങ്കണവാടി അടച്ചിടാൻ നിർദേശിച്ചു. ചാങ്ങാട്, ചാമക്കുഴി, പറയങ്ങാട്, ആനക്കല്ല്, കോട്ടക്കുന്ന് ഭാഗങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പകർച്ചവ്യാധി പ്രതിരോധത്തിനായി കൂവാറ്റി പ്രദേശത്ത് ആരോഗ്യവകുപ്പ് ബോധവൽക്കരണ പരിപാടിയും നടത്തി. കൂവാറ്റി ജിഎൽപിഎസിൽ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.മേഘപ്രിയ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, പബ്ലിക് ഹെൽത്ത് നഴ്സ് ഷൈല മാത്യു എന്നിവർ ക്ലാസ് എടുത്തു. പിടിഎ പ്രസിഡന്റ് പ്രദീപ്, കമലാക്ഷൻ, മറിയാമ്മ, മുരളി കയ്യൂർ, മിനിമോൾ, സുധിന സുധാകരൻ എന്നിവർ പ്രസംഗിച്ചു. ജീവിതശൈലി രോഗനിർണയ ക്യാംപും നടത്തി.