ADVERTISEMENT

പെരിയ ∙ ‘ഭയാനകമായ ശബ്ദം  കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ആദ്യം കനത്ത പുക ഉയരുന്നതാണ് കണ്ടത്. ബസ് അപകടത്തിൽപ്പെട്ടതാണെന്ന ഞെട്ടലിൽ നിന്നു മുക്തമാകും  മുൻപേ എല്ലാവരും രക്ഷാപ്രവർത്തനത്തിനിറങ്ങി.’ സമീപവാസിയായ ഓട്ടോ ഡ്രൈവർ ചാലിങ്കാലിലെ ഗോപാലൻ പറഞ്ഞു. ബേക്കൽ പരയങ്ങാനം സ്വദേശിനി ഷബാന(26)യാണ് ആറുമാസം പ്രായമായ കൈക്കുഞ്ഞുമായി അപകടത്തിൽപ്പെട്ട ബസിൽ നിന്ന് ആദ്യം പുറത്തെത്തിയത്. ഇവർക്ക് കാര്യമായ പരുക്കില്ല. മറ്റൊരു മകൻ നാലുവയസുകാരൻ ഇബ്രാഹിമിനും മാതാവ് നസീമയ്ക്കും നിസാര പരുക്കേറ്റു.

പൊള്ളക്കടയിലെ ഡോക്ടറെ കാണാനായി പെരിയാട്ടടുക്കത്തു നിന്നു ബസിൽ കയറിയവരാണിവർ. മറ്റുള്ളവരെ ഓടിക്കൂടിയ നാട്ടുകാരും ദേശീയപാത നിർമാണത്തിലേർപ്പെട്ട തൊഴിലാളികളും അതുവഴി കടന്നുപോയ വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് പുറത്തെത്തിച്ചു. ബസിനടിയിൽപ്പെട്ട ഡ്രൈവർ ചേതൻകുമാറിനെയും മറ്റൊരാളെയും ബസ് ഉയർത്തിയ ശേഷമാണ് പുറത്തെത്തിക്കാനായത്. ബേക്കൽ പൊലീസും  മോട്ടർ വാഹനവകുപ്പ് അധികൃതരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദന്റെ നേതൃത്വത്തിൽ നാട്ടുകാർ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ചാലിങ്കാലിലെ ഭാസ്കരൻ, പെരിയയിലെ പച്ചക്കറി വ്യാപാരി ബാലചന്ദ്രൻ, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

 ബസ് അപകടമുണ്ടായ സ്ഥലത്ത് തടിച്ചു കൂടിയവർ.
ബസ് അപകടമുണ്ടായ സ്ഥലത്ത് തടിച്ചു കൂടിയവർ.

ഒരു മാസം തികയുന്ന ദിവസം വിളിപ്പാടകലെ മറ്റൊരപകടം
പെരിയ ∙ ബസ്  അപകടം നടന്ന ചാലിങ്കാൽ മൊട്ടയിൽ നിന്ന് അരകിലോമീറ്ററോളം അകലെ കേരള കേന്ദ്ര സർവകലാശാലയ്ക്ക് മുന്നിൽ കഴിഞ്ഞമാസം 18 ന് പുലർച്ചെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ തായന്നൂർ സ്വദേശികളായ 2 പേരുടെ ജീവൻ നഷ്ടമായിരുന്നു. കൃത്യം ഒരുമാസം തികയുന്ന ദിവസമാണ് ഒരാളുടെ ജീവനെടുക്കുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്ത അപകടം. 

‘അപകട കാരണം ബസിന്റെ ആക്സിൽ പൊട്ടിയത്’
നിർമാണപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിലെ വേഗ നിയന്ത്രണം പാലിക്കാത്തതാണ് അപകടത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാതയിലെ നിർദിഷ്ട ടോൾ പ്ലാസയ്ക്കായി റോഡ് കോൺക്രീറ്റ് ചെയ്ത ഭാഗം ടാറിങ്ങുമായി ചേരുന്ന സ്ഥലത്ത് റോഡ് അൽപം ഉയർന്ന നിലയിലാണ്. വേഗത്തിൽ കോൺക്രീറ്റ് റോഡിൽ പ്രവേശിക്കുന്നതിനിടെ അടിഭാഗം തട്ടി ആക്സിൽ ഒടിഞ്ഞതാണ് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിയാൻ കാരണമെന്നാണ് സ്ഥല പരിശോധന നടത്തിയ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്. സർവീസ് റോഡിന്റെ വശത്ത്  കോൺക്രീറ്റ് ഭിത്തിയിൽ തട്ടിയാണ് ബസ് നിന്നത്. താഴേക്ക് പതിച്ചിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി മറ്റൊന്നാകുമായിരുന്നു.

പെരിയ ബസ് അപകടം: ജില്ലാ ആശുപത്രി പരിസരത്ത്  കുതിച്ചെത്തി ജനക്കൂട്ടം
കാഞ്ഞങ്ങാട് ∙ ബസ് അപകടത്തിൽ പെട്ടു ഒട്ടേറെ പേർക്ക് പരുക്ക് എന്ന വിവരം അറിഞ്ഞതോടെ ജില്ലാ ആശുപത്രി പരിസരത്ത് ജനങ്ങൾ തിങ്ങി നിറഞ്ഞു. ആംബുലൻസുകളിൽ എത്തിയ പരുക്കേറ്റവരെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റാൻ ഓരോരുത്തരും തയാറായി നിന്നു. വിവരമറിഞ്ഞ് സിവിൽ ഡിഫൻസ്, ഡിവൈഎഫ്ഐ പ്രവർ‌ത്തകരാണ് ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിയത്. പിന്നാലെ ബിഎംഎസ്, കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി. 

ആശുപത്രിയിൽ പരുക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽ‌കാൻ ഓരോരുത്തരും ഏറെ പരിശ്രമിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി.ജീജ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രാമൻ സ്വാതി വാമൻ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്ക് നേതൃത്വം നൽകി. ഡ്യൂട്ടി കഴിഞ്ഞു പോയ ഡോക്ടർമാരും സംഭവം അറിഞ്ഞ് ആശുപത്രിയിലേക്ക് ഓടിയെത്തി. 12 പേരടങ്ങിയ ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്ക് നേതൃത്വം നൽകി. പലരും അപകടത്തിന്റെ ഞെട്ടലിൽ നിന്നു മോചിതരായിരുന്നില്ല. 

കോളജ് വിദ്യാർഥികൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ എന്നിവരായിരുന്നു ബസിൽ ഏറെയും ഉണ്ടായിരുന്നത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ചിലർ വ്യക്തമാക്കി. വിവരമറിഞ്ഞ് അപകടത്തിൽ പെട്ടവരുടെ ബന്ധുക്കളും ആശുപത്രിലേക്ക് എത്തി. കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഇ.ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ എന്നിവർ സംഭവമറിഞ്ഞ് സ്ഥലത്തെത്തി. 

∙ പരുക്കേറ്റവർ 56
അപകടത്തിൽ പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. നിസാര പരുക്കുകൾ പറ്റിയവരെ ചികിത്സ നൽകിയ വിട്ടയച്ചു. നിലവിൽ 20 പേർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നു. 

ജില്ലാ ആശുപുത്രിയിൽ പ്രവേശിപ്പിച്ചവർ: ജ്യോതി (32), ജിജിത്ത് (18), സുരേഖ (40), പ്രിയ (39), അമൃത (24), ശ്രീഷ (23), തങ്കമണി (46), അനഘ (30), ചന്ദ്രമതി (43), ദിനേശൻ (43), ഐശ്വര്യ (21), കീർത്തന (18), സാന്ദ്ര (20), ആതിര (27), ചന്ദ്രമോഹനൻ (60), സ്നേഹ (25), ഷഹീദ (18), ചാരു (22), ഷൈജു (40), സാറ (18), വിജയൻ (44), അരുൺ ദാസ് (60), അഭിജിത്ത് (24), ഷാഹുൽ ഹമീദ് (39), വിസ്മയ (19), അനന്തു (18), മുരളീകൃഷ്ണൻ (20), സനാഥ് (17), ഉഷ (45), രേഷ്മ (32), സഞ്ജീവൻ (45), അനുപ്രിയ (20), സുരേഖ (40), സനിത (29), ആയിഷത്ത് മുസ്‍രിഫ (18), ഗീത (50), മധുമതി (19), വൈശാഖ് (23), അഞ്ജു (21), അഷ്മിത (20), ജോൽസി (38), പ്രിയ (39), രതീഷ് (28), സംഗീത (23), ശിവരാജ് (19), ദർശന (19).

∙കാഞ്ഞങ്ങാട് ദീപ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: മണികണ്ഠൻ മാവുങ്കാൽ (41), ആണ്ടി പറക്കളായി (60), അനീഷ് മാവിലക്കണ്ടി.

∙മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ: നിരഞ്ജ (17), അനഘ (24), ബിന്ദു മോൾ (44), ഹേമന്ത് (18) അജാനൂർ ഇട്ടമ്മലിലെ അബ്ദുൽ റഹ്മാൻ (75), പുല്ലൂർ ഉദയനഗറിലെ ജയശ്രീ(38) എന്നിവരെ മംഗളൂരു ആശുപത്രിയിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com