പൊതുടാപ്പ് ദുരുപയോഗം ചെയ്യരുത്; പിടിവീഴും
Mail This Article
കാസർകോട്∙ വേനൽ കടുത്തതോടെ ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൊതുടാപ്പിൽ നിന്ന് ശുദ്ധജലം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നടപടിയുമായി വാട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡ്.കേരള വാട്ടർ അതോറിറ്റി ഡിവിഷന് കീഴിൽ രൂപീകരിച്ച ആന്റി തെഫ്റ്റ് സ്ക്വാഡ് നേതൃത്വത്തിൽ ജില്ലയിലാകെ അനധികൃതമായ കുടിവെള്ള ദുരുപയോഗവും മോഷണവും കണ്ടെത്തുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്.
കാസർകോട് നഗരത്തിൽ നടന്ന പരേഡിനു റവന്യു ഓഫിസർ കെ.മനോജ്കുമാർ, അംഗങ്ങളായ വൈ.അബ്ദുൽ ജമീൽ, എം.കൃഷ്ണപ്രസാദ് എന്നിവർ നേതൃത്വം നൽകി. അനധികൃതമായി പൊതുടാപ്പിൽ നിന്ന് പൈപ്പ് വഴി ശുദ്ധ ജലം വീടുകളിലേക്കെടുത്ത 7 പേർക്ക് പിഴയടയ്ക്കുന്നതിനായി നോട്ടിസ് നൽകി. വേനൽ രൂക്ഷമായ സന്ദർഭത്തിൽ ഇത്തരം ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് സ്ക്വാഡ് സംഘം അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ആന്റി തെഫ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കർശന നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് റവന്യു ഓഫിസർ അറിയിച്ചു.