ഡെന്റൽ യൂണിറ്റിൽ ഡോക്ടറില്ല; ബദിയടുക്ക സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ യന്ത്രസാമഗ്രികൾ തുരുമ്പെടുത്തു നശിക്കുന്നു

Mail This Article
ബദിയടുക്ക∙ബദിയടുക്ക സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡെന്റൽ യൂണിറ്റ് പ്രവർത്തനരഹിതമായതോടെ യന്ത്രസാമഗ്രികൾ നശിക്കുന്നു. കോവിഡ് കാലത്താണ് ഇത് അടച്ചിട്ടത്.ഇതോടെ ഡോക്ടർ സ്ഥലം മാറിപ്പോയി. 2022 ജൂലൈ 29ന് ഒരു ഡോക്ടറെ നിയമിച്ചെങ്കിലും അതേ ദിവസം തന്നെ അവധിയെടുത്തു മടങ്ങി.
തിരികെ ജോലിയിൽ പ്രവേശിക്കാത്തതിനാൽ ഡോക്ടർ അനധികൃത അവധിയിലാണ്. ദന്ത ഡോക്ടർ അനധികൃത അവധിയിലാണെന്നും ഡെന്റൽ യൂണിറ്റിലെ യന്ത്രങ്ങൾ നശിക്കുകയാണെന്നും സൂചിപ്പിച്ചു ജില്ലാ മെഡിക്കൽ ഓഫിസർക്ക് കത്തു നൽകിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യവകുപ്പിനു കത്ത് അയച്ചിരുന്നുവെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.
ബദിയടുക്ക, പുത്തിഗെ, കുംബഡാജെ, എൻമകജെ പഞ്ചായത്തുകളിലുള്ളവർക്ക് ഏക ആശ്രയമായിരുന്നു ഈ ഡെന്റൽ യൂണിറ്റ്. പ്രദേശവാസികളായ നിർധനരായ രോഗികളും കോളനി നിവാസികളുമടക്കം സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഡോക്ടറുണ്ടായിരുന്നപ്പോൾ ഒട്ടേറെപ്പേരാണ് ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നത്.