ലീഗ് കൗൺസിലർമാർക്കൊപ്പം ബിജെപിയും ഒന്നിച്ചു; ജില്ലാ ലീഗ് നേതൃത്വത്തിനു ഞെട്ടൽ

Mail This Article
കാസർകോട്∙ മുസ്‍ലിംലീഗ് ഭരിക്കുന്ന നഗരസഭാ ഭരണസമിതിക്കെതിരെ അതേ പാർട്ടിയിലെ 3 അംഗങ്ങൾ ബിജെപിയിലെയും പ്രതിപക്ഷത്തെയും അംഗങ്ങളെ ചേർത്തു നടത്തിയ പടയൊരുക്കം ജില്ലാ ലീഗ് നേതൃത്വത്തിനു തലവേദനയായേക്കും. ഇവർ ഇന്നലെ നഗരസഭാ യോഗത്തിൽ നടത്തിയ പ്രതിഷേധം നേതൃത്വത്തിനെ ഞെട്ടിരിക്കുകയാണ്.
പാർട്ടിക്കും ഭരണസമിതിക്കും എതിരല്ലെന്ന് പ്രതിഷേധക്കാരായ മുസ്‍ലിംലീഗിലെ മജീദ് കൊല്ലമ്പാടിയും മമ്മുചാലയും ആവർത്തിക്കുമ്പോഴും ഇവരുടെ പ്രതിഷേധം ബിജെപിയെയും മറ്റു പ്രതിപക്ഷ അംഗങ്ങളെയും കൂട്ടി നടത്തിയതിനെ പാർട്ടി നേതൃത്വം ഗൗരവമായിട്ടാണു കാണുന്നത്.
ലീഗ് അംഗമായ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാടിന്റെ അണങ്കൂർ പച്ചക്കാട് വാർഡിലെ സാംസ്കാരിക കേന്ദ്രത്തിൽ തുടർച്ചയായി ഫണ്ട് നീക്കി വയ്ക്കുന്നുവെന്നാരോപിച്ച് മുസ്‍ലിംലീഗ് അംഗങ്ങളായ മജീദ് കൊല്ലമ്പാടി, മമ്മുചാല എന്നിവരാണ് യോഗത്തിൽ ആദ്യം രംഗത്തെത്തിയത്. ഇതിന് ബിജെപി അംഗങ്ങളുടെ കൂടി പിന്തുണ ലഭിച്ചതോടെ വാക്കേറ്റവും പോർവിളികളുമാവുകയായിരുന്നു.
നേരത്തേ പാർട്ടി നിർദേശ പ്രകാരം വി.എം.മുനിർ ചെയർമാൻ സ്ഥാനം ഒഴിഞ്ഞാണ് സ്ഥിരം സമിതി അധ്യക്ഷനായ അബ്ബാസ് ബീഗത്തെ തിരഞ്ഞെടുത്തത്. ചെയർമാൻ സ്ഥാനം മാത്രം ഒഴിയാൻ ആവശ്യപ്പെട്ട വി.എം.മുനീർ വാർഡ് അംഗത്വം തന്നെ രാജിവെക്കുകയായിരുന്നു. അബ്ബാസ് ബീഗം ചെയർമാൻ സ്ഥാനത്തേക്ക് എത്തിയതോടെ സ്ഥിര സമിതി അധ്യക്ഷന്റെ ഒഴിവിലേക്ക് മജീദ് കൊല്ലമ്പാടി, മമ്മുചാല എന്നിവരടക്കമുള്ള മുതിർന്ന അംഗങ്ങൾ ഉണ്ടെന്നരിക്കെ പുതുതായി കൗൺസിലെത്തിയാൾക്ക് നൽകിയതാണ് ഇത്തരമൊരു പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് പറയുന്നു.
ഇന്നലെ നഗരസഭാ കൗൺസിൽ നടന്ന സംഭവ വികാസങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്ന് ചെയർമാൻ അബ്ബാസ് ബീഗവും സ്ഥിര സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാടും പറഞ്ഞു. ലീഗ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന 3 അംഗങ്ങളെയും ചേർത്ത് നിലവിലുള്ള ഭരണസമിതിക്കെതിരെ അവിശ്വാസം പ്രമേയം ഉൾപ്പെടെയുള്ളവ നൽകാനും ബിജെപി ആലോചിക്കുന്നുണ്ട്. 3 മുസ്‍ലിംലീഗ് അംഗങ്ങൾ, 13 ബിജെപി, ഒരു സിപിഎം,2 സ്വതന്ത്രർ ഉൾപ്പെടെ 19 അംഗങ്ങളുടെ പിന്തുണയാണ് ഇവരുടെ പ്രതീക്ഷ. നിലവിൽ യുഡിഎഫിന് 17 അംഗങ്ങൾ മാത്രമാണുള്ളത്.
സെക്രട്ടറിക്ക് പരാതി നൽകി
ഭൂരിപക്ഷം അംഗങ്ങളുടെ എതിർപ്പുള്ള അജൻഡ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് മുസ്‍ലിംലീഗിലെ 3 വാർഡംഗങ്ങൾ ഉൾപ്പെടെ 19 അംഗങ്ങൾ ചേർന്ന് സെക്രട്ടറിക്ക് പരാതി നൽകി. 3 മുസ്‍ലിംലീഗ് അംഗങ്ങൾക്കു പുറമേ 2 സ്വതന്ത്ര അംഗങ്ങൾ, ഒരു സിപിഎം അംഗം, 13 ബിജെപി അംഗങ്ങൾ എന്നിവർ ഒപ്പിട്ടാണ് പരാതി നൽകിയത്.