ADVERTISEMENT

കാസർകോട് ∙ ഒരു കോഴിക്കെന്താണ് വില? ചിക്കൻ കടയിൽ ചെന്നാൽ 200 രൂപയോ 300 രൂപയോ കൊടുത്താൽ ജീവനുള്ള നല്ലൊരു കോഴി കിട്ടുമായിരിക്കും. പക്ഷേ ഇതു വേറെ ഇനം. 2000 രൂപ മുതൽ 5000 രൂപ വരെ വിലയുള്ള കോഴികളെ വളർത്തുന്നുണ്ട് ജില്ലയിലെ ഒട്ടേറെ വീടുകളിൽ. കോഴിപ്പോരിനു വിലക്കുണ്ടെങ്കിലും പോരുകോഴികളെ വളർത്തൽ വിനോദമാക്കിയവരുടെ എണ്ണം കുറയുന്നില്ല. കൗതുകത്തിനൊപ്പം നല്ലൊരു വരുമാന മാർഗം കൂടിയാണിത് ഇവർക്ക് പോരു കോഴി അഥവാ പന്തയക്കോഴി വളർത്തൽ.

തുറന്നുവിടുന്നത് അപൂർവം
നാടൻ കോഴികളേക്കാൾ സേലം, ഓർക്കാടി, ടാപ്പർ ടെയ്ൽ എന്നിങ്ങനെ വലിപ്പം കൂടിയ ഇനങ്ങളോടാണു ആളുകൾക്കു പ്രിയം. 2000–5000 രൂപ വരെയാണു വില. നിറം, വലിപ്പം, വാൽ തുടങ്ങിയവ നോക്കിയാണ് വില നിശ്ചയിക്കുന്നത്. വീട്ടുമുറ്റത്തെ വറ്റുകളും മറ്റും കൊത്തിത്തിന്നു വളരുന്ന വെറും കോഴികളല്ല ഇവ. തീറ്റയ്ക്കു പ്രത്യേക മെനു തന്നെയുണ്ട്. മിക്കവാറും സമയം കെട്ടിയിട്ടും കൂട്ടിലിട്ടും വളർത്തുന്ന കോഴികളെ തുറന്നുവിടുന്നതു പോലും അപൂർവം. 

കു‍‍ഞ്ഞുങ്ങൾക്ക് 500 രൂപ
സേലം, ഓർക്കാടി, തത്തക്കൊക്ക്, മയിൽ വാലൻ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. നാടൻ കോഴികളെ അപേക്ഷിച്ചു ഉയരം കൂടിയവയാണ് ഈ കോഴികൾ. 4–7 കിലോ വരെ ഭാരവും ഉണ്ടാകും. പേര് സൂചിപ്പിക്കും പോലെ കൊക്ക് തത്തയുടേതു പോലുള്ളതാണ് തത്തക്കൊക്ക്. മയിൽ വാലന്റെ വാല് താഴേക്കു നീണ്ടിരിക്കും. വലുപ്പം മാത്രമല്ല കോഴികളുടെ നിറവും പ്രധാനപ്പെട്ടതാണ്. നിറങ്ങൾക്കനുസരിച്ചു കോഴികൾക്കു പേരുമുണ്ട്. മഞ്ഞ നിറത്തിലുള്ളത് മഞ്ഞളൻ, കറുപ്പും വെളുപ്പും കൂടിയതു കറുവെള്ള അങ്ങനെ പോകുന്നു പേരുകൾ. ചെറിയ കുഞ്ഞുങ്ങൾക്കു തന്നെ 500–1000 രൂപ വരെ വിലയുണ്ട്. നല്ല വലുപ്പവും നിറവും ഉള്ളതാണെങ്കിൽ പറഞ്ഞ വില കൊടുത്തു വാങ്ങാൻ ആളുകളുണ്ട്. അതുകൊണ്ട് വളർത്തുന്നവർക്കു നല്ലവരുമാനവും ലഭിക്കുന്നു.

മെനുവിൽ ബദാമും അണ്ടിപ്പരിപ്പും 
വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും തിന്നാണു നാടൻ കോഴികൾ വളരുന്നത്. എന്നാൽ ഈ കോഴികൾക്കു നൽകുന്ന തീറ്റ കേട്ടാൽ അതിശയിച്ചുപോകും. നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങൾ നിശ്ചിത അളവിൽ നൽകുന്നതിനു പുറമെ അണ്ടിപ്പരിപ്പ്, ബദാം, മുട്ട തുടങ്ങിയവയും നൽകുന്നു. ഒരുമിച്ച് ഒരേ കൂട്ടിലിട്ടു വളർത്തുകയല്ല ചെയ്യുന്നത്. ഓരോന്നിനും പ്രത്യേകം കൂടുകളുണ്ടാകും. ഒരേസമയത്ത് ഇവയെ തുറന്നുവിടുകയുമില്ല. തമ്മിൽ കാണുമ്പോൾ പേര് കൂടുമെന്നതിനാൽ ഒന്നിനെ കൂട്ടിലാക്കിയ ശേഷമാകും അടുത്തതിനെ തുറന്നുവിടുക. വേനൽക്കാലമാകുമ്പോൾ ചൂടിനു ആശ്വാസമേകാൻ വെള്ളത്തിൽ നീന്തിക്കുകയും ചെയ്യാറുണ്ട്. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com