ഹൗസ്ബോട്ട് കയറ്റി വലകൾ നശിപ്പിച്ചു
Mail This Article
തൃക്കരിപ്പൂർ ∙ കവ്വായിക്കായലിൽ മീൻപിടിത്തത്തിനായി മത്സ്യത്തൊഴിലാളികൾ വിരിച്ച വലകളും അനുബന്ധ ഉപകരണങ്ങളും ഹൗസ്ബോട്ട് കയറ്റി നശിപ്പിച്ചതായി പരാതി. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. കായലിന്റെ വയലോടി ഭാഗത്തുനിന്ന് ഇടയിലക്കാട് ദിശയിലേക്ക് വന്ന ഹൗസ്ബോട്ടാണ് നാശനഷ്ടം വരുത്തിയത്. വലയിളക്കിയിട്ടുണ്ടെന്നും വഞ്ചിവീടിന്റെ ഓട്ടം നിർത്തണമെന്നും തൊഴിലാളികൾ വിളിച്ചു പറഞ്ഞിട്ടും അനുസരിച്ചില്ലെന്നും ഓടിച്ചുകയറ്റുകയായിരുന്നുവെന്നും തൊഴിലാളികൾ ആരോപിച്ചു.
ഇടയിലക്കാട്ടിലെ വി.കെ.ലക്ഷ്മണൻ, വി.കുഞ്ഞിരാമൻ നായർ, ഒ.രാജൻ, ടി.പി.പത്മനാഭൻ, ഒ.കുഞ്ഞിക്കൃഷ്ണൻ, മെട്ടമ്മലിലെ ടി.പി.അബൂബക്കർ എന്നിവരുടേതാണ് നശിച്ച വലകൾ. ഓരോ തൊഴിലാളിക്കും 5000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടം വന്നതായി ഇവർ പറഞ്ഞു. മുതൽ നാശവും ശേഷിക്കുന്ന ദിനങ്ങളിൽ തൊഴിൽ നഷ്ടവും ഇതുമൂലം സംഭവിച്ചുവെന്നു തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികൾ തൃക്കരിപ്പൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർക്ക് പരാതി നൽകി.