ഒടുവിൽ കാസർകോടിനും യെലോ അലർട്ട്; മുന്നറിയിപ്പിൽ ജില്ലയുടെ പേരും

Mail This Article
കാസർകോട് ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപനിലാ മുന്നറിയിപ്പിൽ ഒടുവിൽ കാസർകോട് ജില്ലയുടെ പേരും. ഇന്നലെ ഉച്ചയ്ക്കാണു വിവിധ ജില്ലകളിൽ യെലോഅലർട്ട് പ്രഖ്യാപിച്ചത്. താപനില വളരെ കൂടുന്ന ദിവസങ്ങളിൽ പോലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പലപ്പോഴും ജില്ലയുടെ പേരുണ്ടായിരുന്നില്ല. മടിക്കൈ, പിലിക്കോട്, മുളിയാർ, പാണത്തൂർ എന്നിവിടങ്ങളിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്നലെ 36 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു. 29 വരെ ജില്ലയിൽ സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ ചൂട് 37.2 ഡിഗ്രി സെൽഷ്യസായിരുന്നു.
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പകൽ 11 മുതൽ 3 വരെയുള്ള സമയത്തു ശരീരത്തിൽ നേരിട്ടു കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റു രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ ഈ സമയം നേരിട്ടു സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ദാഹമില്ലെങ്കിലും ഇടവേളകളിൽ വെള്ളം കുടിക്കുന്നതു തുടരണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽസമയത്ത് ഒഴിവാക്കുന്നതാണു നല്ലത്. നിർജലീകരണം തടയാൻ ശുദ്ധജലം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുന്നതു നല്ലതാണ്.