കുരുത്തോല പ്രദക്ഷിണവും പ്രാർഥനയുമായി ഓശാന ഞായർ ആചരിച്ച് വിശ്വാസികൾ
Mail This Article
ചിറ്റാരിക്കാൽ∙ യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്നലെ ഓശാന ഞായർ ആഘോഷിച്ചു. സൈത്തിൻ കൊമ്പുകളും ഒലീവിലകളുമായി ക്രിസ്തുദേവനെ ജനങ്ങൾ ഓശാനപാടി വരവേറ്റതിന്റെ ഓർമ പുതുക്കിയാണ് ഇന്നലെ ദേവാലയങ്ങളിൽ വിശ്വാസികൾ കുരുത്തോല പ്രദക്ഷിണം നടത്തിയത്. മലയോരത്തെ ദേവാലയങ്ങളിൽ ഇതിന്റെ ഭാഗമായി വിവിധ ചടങ്ങുകളും നടന്നു.
തോമാപുരം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ നടന്ന തിരുക്കർമങ്ങൾക്കും കുരുത്തോല പ്രദക്ഷിണത്തിനും ഫൊറോനാ വികാരി ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ കാർമികത്വം വഹിച്ചു. വെള്ളരിക്കുണ്ട്, പനത്തടി, മാലോം, കാഞ്ഞങ്ങാട്, കാസർകോട് ഫൊറോനാ ദേവാലയങ്ങളിലും ജില്ലയിലെ വിവിധ ദേവാലയങ്ങളിലും ഇതോടനുബന്ധിച്ചു ചടങ്ങുകൾ നടന്നു. നോമ്പുകാലത്തിന്റെ അവസാന ആഴ്ച വിശുദ്ധവാരമായാണ് ആചരിക്കുന്നത്. ഈസ്റ്റർ ദിനത്തിലാണ് വിശുദ്ധവാരത്തിനും 50 നോമ്പിനും സമാപനമാവുക.