മാലിന്യനിർമാർജനം പദ്ധതികൾ പലത്; എന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം

Mail This Article
ബന്തടുക്ക∙കുറ്റിക്കോൽ പഞ്ചായത്തിലെ ബന്തടുക്ക ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിൽ മാലിന്യം നീക്കം ചെയ്യാത്തതിനാൽ ദുരിതത്തിലായി യാത്രക്കാരും, വ്യാപാരികളും. മലയോര ഗ്രാമത്തെ ഒട്ടേറെ പേർ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡിൽ കുമിഞ്ഞുകിടക്കുന്ന മാലിന്യം മാസങ്ങളായി നീക്കം ചെയ്യാൻ ശ്രമിക്കുന്നില്ല എന്നുള്ളതാണ് ബസ് ജീവനക്കാരുടെയും, വ്യാപാരികളുടെയും പ്രദേശവാസികളുടെയും പരാതി. പ്ലാസ്റ്റിക് ഉൾപ്പെടെ വലിച്ചെറിഞ്ഞ അവസ്ഥയിലാണ്. പരിസ്ഥിതിക്ക് ദോഷമായ തരത്തിലുള്ള വസ്തുക്കളാണ് വലിച്ചെറിഞ്ഞിട്ടുള്ളത്.
ഖരമാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയുന്നതിനാൽ കൊതുകിനും കുറവില്ല. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ടൗണിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. പഞ്ചായത്തും ആരോഗ്യവകുപ്പും മാലിന്യം ശേഖരിക്കാൻ ഹരിതകർമ സേന ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ആയിരത്തിലേറെ ജനങ്ങൾ നിത്യേന ആശ്രയിക്കുന്ന ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിൽ മാസങ്ങളായി അധികൃതർ തിരിഞ്ഞുനോക്കിയിട്ട് പോലുമില്ല. മാലിന്യക്കൂമ്പാരം നീക്കംചെയ്തു ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.