നീലേശ്വരം എഫ്സിഐ റോഡിൽ പൊടിയഭിഷേകം, ഗതാഗതക്കുരുക്ക്

Mail This Article
നീലേശ്വരം ∙ ആകെ പൊടി പറത്തി എഫ്സിഐ റോഡ്. മേൽപ്പാലത്തിനു താഴെ നിന്നു തുടങ്ങി എൻകെബിഎം ആശുപത്രിക്കു സമീപത്തു കൂടി കടന്നു പോകുന്ന റോഡ് ആണിത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെ അറ്റകുറ്റപ്പണി നടന്നു വരികയാണ്. ആദ്യം പണി തുടങ്ങിയ ഭാഗത്ത് ഓവുചാൽ കോൺക്രീറ്റിങ് പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ ഇതിനും മുന്നോട്ട് കൂടുതൽ ഭാഗങ്ങൾ കിളച്ചിട്ട നിലയിലാണ്. ഇവിടെയാണ് പൊടിയഭിഷേകവും ഗതാഗതക്കുരുക്കും നിത്യസംഭവമായത്.
നീലേശ്വരം എഫ്സിഐയിലേക്കുള്ള ലോറികളും പേരോൽ അങ്ങാടിയിലേക്കെത്തുന്ന നിരവധി വാഹനങ്ങളുമെല്ലാം ഇതുവഴി കടന്നു വരാറുണ്ട്. നല്ല വെയിലും വാഹനത്തിരക്കുമുള്ള സമയത്ത് പൊടിപടലത്തിൽ മുങ്ങി കണ്ണു കാണാനാകാത്ത സ്ഥിതിയിലാണ് ഗതാഗതക്കുരുക്ക് പതിവായത്. ഇത് അപകടങ്ങൾക്കിടയാക്കിയേക്കുമോ എന്ന ആശങ്കയുമുണ്ട്. ലോറി, ഓട്ടോ, സ്വകാര്യ വാഹനങ്ങൾ എന്നിവ ഇടതടവില്ലാതെ കടന്നു പോകുന്ന വഴിയാണിത്.
ആശുപത്രിയിലേക്കും മറ്റുമായി വരുന്ന വാഹനങ്ങളും ചികിത്സയ്ക്കെത്തുന്നവരുമെല്ലാം പൊടിമൂലം ദുരിതത്തിലാണ്. റോഡ് അരിക് കുത്തിക്കിളച്ച് ദിവസം കുറെ ആയെങ്കിലും ജോലി തുടരാനോ പൊടിപടലം നിറയുന്ന ഭാഗത്ത് വെള്ളം ചീറ്റി ഗതാഗതം സുഗമമാക്കാനോ നടപടിയില്ലെന്നും പരാതിയുണ്ട്.