പാലായി അതിക്രമം: പ്രതികളിൽ 2 പേർ സിപിഎം ബ്രാഞ്ച് അംഗങ്ങൾ
Mail This Article
നീലേശ്വരം ∙ സിപിഎം ശക്തികേന്ദ്രമായ പാലായിയിൽ പാർട്ടി ഊരുവിലക്കിയ പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ 3 കേസുകളെടുത്ത് പൊലീസ്. പ്രതികളിൽ 2 പേർ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. സ്ഥലം ഉടമയുടെ കൊച്ചുമകൾ, തെങ്ങു കയറ്റ തൊഴിലാളി എന്നിവർ നൽകിയ പരാതികളിൽ 8 പേർക്കെതിരെയും അയൽവാസി നൽകിയ പരാതിയിൽ തെങ്ങു കയറ്റ തൊഴിലാളിക്ക് എതിരെയുമാണു കേസ്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുകയും കുറ്റാരോപിതർക്ക് നോട്ടിസ് നൽകുകയും ചെയ്തു. ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
പറമ്പിൽ അതിക്രമിച്ചു കടന്നത്, അസഭ്യം വിളിച്ചത്. ഭീഷണിപ്പെടുത്തിയത്, കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് നീലേശ്വരം പൊലീസ് പറഞ്ഞു. അതിക്രമിച്ചു കയറിയെന്നും അസഭ്യം പറയുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് സ്ഥലമുടമ എം.കെ.രാധയുടെ കൊച്ചുമകൾ അനന്യയുടെ പരാതി. ഇവിടെ തേങ്ങയിടാനെത്തിയ തെങ്ങുകയറ്റത്തൊഴിലാളിയെ കയ്യേറ്റം ചെയ്യുന്നത് മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഇത്.
സംഭവത്തിൽ സിപിഎം പാലായി തായൽ ബ്രാഞ്ച് അംഗം വി.വി.ഉദയൻ, പാലായി സെൻട്രൽ ബ്രാഞ്ച് അംഗം കാലത്ത് പത്മനാഭൻ എന്നിവർക്കെതിരെയാണ് കേസ്. തേങ്ങയിടുന്നത് തടയുകയും കുലച്ചിൽ കൊണ്ട് അടിക്കുകയും ചെയ്തുവെന്ന തെങ്ങുകയറ്റ തൊഴിലാളി പടന്നക്കാട് കുറുന്തൂരിലെ കെ.ഷാജിയുടെ (47) പരാതിയിൽ സിപിഎം ബ്രാഞ്ച് അംഗം വി.വി.ഉദയകുമാർ, കുഞ്ഞമ്പു എന്നിവർക്കും കണ്ടാലറിയാവുന്ന 2 പേർ ഉൾപ്പെടെ 4 പേർക്കും എതിരെ കേസ് ഉണ്ട്.
4 പേരുടെ പേരുകളാണ് പരാതികളിലുള്ളത്.
കണ്ടാലറിയാവുന്ന മറ്റു പ്രതികളെ കണ്ടെത്താൻ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസിയായ പാലായി കോട്ടുവല ഹൗസിലെ കെ.വി.ലളിത (56) യുടെ പരാതിയിൽ തെങ്ങുകയറ്റത്തൊഴിലാളി ഷാജിക്കെതിരെയാണ് കേസ്. ഇവരെയും കൂടെയുണ്ടായിരുന്ന പുഷ്പയെയും ഷാജി അശ്ലീലഭാഷയിൽ ചീത്ത വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നുമാണ് പരാതി.
ഈ പരാതി സംബന്ധിച്ചും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. അതിനിടെ അക്രമം സംബന്ധിച്ചു ഞായറാഴ്ച ഉച്ചയ്ക്കു തന്നെ സ്ഥലം ഉടമ എം.കെ.രാധ (70) കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു.