തൊണ്ടവരണ്ട് നാട്; വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ ശുദ്ധജലക്ഷാമം
Mail This Article
തൃക്കരിപ്പൂർ∙പൊള്ളിക്കരിയുന്ന വേനൽച്ചൂടിൽ ജലാശയങ്ങൾ ജനങ്ങളെ ആശങ്കയിലാക്കി വരളുന്നു. ശുദ്ധജലക്ഷാമത്തിൽ പല പ്രദേശങ്ങളും ദുരിതത്തിലാണ്ടപ്പോൾ നനയ്ക്കാൻ വെള്ളമില്ലാത്തത് മൂലം പച്ചക്കറിക്കൃഷി ഉൾപ്പെടെ നശിക്കുന്നത് മറ്റൊരു ഭാഗത്ത് കണ്ണീർ കാഴ്ചയാണ്. കുളങ്ങളിലും കൊച്ചു ജലാശയങ്ങളിലും വരൾച്ച പ്രകടമാണ്. കൃഷിക്ക് ഉപയോഗിക്കുന്ന കുളങ്ങളിൽ പലതും കടുത്ത വരൾച്ചയിലേക്കു നീങ്ങി. ചേരി പ്രദേശങ്ങൾ ഉൾപ്പെടെ പലേടത്തും ശുദ്ധജലക്ഷാമത്തിന്റെ പിടിയിലാണ് കുടുംബങ്ങൾ.
പദ്ധതി ജലത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളാണ് കഷ്ടത നേരിടുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പദ്ധതി കിണറുകളിൽ വേനൽ ആരംഭിക്കുന്നതോടെ വെള്ളം ഗണ്യമായി കുറയുന്നുണ്ട്. കിണറുകൾ നവീകരിക്കുകയോ പുതിയവ പണിയുകയോ ആണ് പരിഹാരം. പക്ഷേ, പുതിയ പദ്ധതികളില്ല. കടലിനും കായലിനും മധ്യത്തിലെ വലിയപറമ്പ് ദ്വീപിൽ നൂറുകണക്കിനു കുടുംബങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. ദ്വീപിന്റെ തെക്കൻ മേഖലയിലാണ് പ്രധാനമായും ക്ഷാമം.
കണ്ണൂർ ജില്ലയിലെ രാമന്തളി കരയിൽ കിണറും ടാങ്കും സ്ഥാപിച്ച് കായലിലൂടെ പൈപ്പ് ലൈൻ വലിച്ചാണ് വലിയപറമ്പിന്റെ തെക്കൻ മേഖലയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് ശുദ്ധജലം എത്തിച്ചത്. കുടുംബങ്ങളുടെ എണ്ണം പതന്മടങ്ങ് കൂടുകയും വെള്ളത്തിന്റെ അളവ് വലിയതോതിൽ കുറയുകയും ചെയ്തിട്ടും പദ്ധതിക്ക് മാറ്റമില്ല. മാത്രമല്ല, ശുദ്ധജലം ചില സ്വകാര്യ വ്യക്തികൾ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി പരിഹാരം കാണാതെ നീളുന്നുമുണ്ട്. പൈപ്പിൻ ചുവടുകളിൽ വെള്ളം നിറയ്ക്കാനുള്ള പാത്രങ്ങളുമായി പുലർച്ചെ മുതൽ അന്തിമയങ്ങും വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്.