ADVERTISEMENT

തൃക്കരിപ്പൂർ∙ കവ്വായി കായലിൽ ഓട്ടം നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ഏക ബോട്ട് സർവീസും പ്രതിസന്ധിയിലായി. വെള്ളിയാഴ്ച മുതൽ എ 62 ബോട്ടും ഓട്ടം മുടക്കി. യന്ത്രത്തകരാറാണ് കാരണം. തീരമേഖലയിലെ യാത്രക്കാരും ഈ ബോട്ടിനെ ആശ്രയിക്കുന്ന വിനോദ സഞ്ചാരികളും ബുദ്ധിമുട്ടിലായി.തൃക്കരിപ്പൂരിലെ ആയിറ്റിക്കടവിൽ  പ്രവർത്തിക്കുന്ന ജലഗതാഗത വകുപ്പ് മേഖലാ കാര്യാലയത്തിൽ നിന്നു രാമന്തളി മേഖലയിലേക്ക് ഓട്ടം നടത്തുന്ന ബോട്ട് വലിയപറമ്പ് ദ്വീപിലെ തെക്കൻ മേഖലയിലെ യാത്രക്കാർക്കാണ് ഏറ്റവും പ്രയോജനപ്പെടുന്നത്. ബോട്ട് ഓട്ടം മുടക്കിയത് ഇവിടത്തെ കുടുംബങ്ങളെ ബാധിക്കും. ‘സി കവ്വായി’ എന്ന പേരിൽ സ്പെഷൽ ഓട്ടവും നടത്താറുണ്ട്. അതും മുടങ്ങും. ബദൽ ബോട്ട് ഇറക്കാനില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

ബോട്ടിന്റെ പ്രൊപ്പല്ലറും ബ്രാക്കറ്റും ചേരുന്ന ഭാഗത്തെ ബോൾട്ടുകൾക്ക് ഇളക്കം വന്നതിനെ തുടർന്നാണ് കരയിൽ കയറ്റിയതെന്നു സ്റ്റേഷൻ മാസ്റ്റർ നന്ദകുമാർ ‘മലയാള മനോരമ’യോടു പറഞ്ഞു. പ്രധാന തകരാറായതിനാൽ സാങ്കേതിക വിദഗ്ധർ വന്നു വേണം അറ്റകുറ്റപ്പണിയെടുക്കാൻ. ചൊവ്വാഴ്ചയോടു കൂടി മാത്രമേ വിദഗ്ധർ എത്തുകയുള്ളുവെന്നും  അറിയിച്ചു.കാര്യാലയത്തിൽ നിലവിൽ 22 ജീവനക്കാരുണ്ട്. ഭീമമായ നഷ്ടത്തിലാണ് സർവീസിന്റെ പ്രവർത്തനം. നഷ്ടം നികത്താനും ടൂറിസം മേഖലയിലേക്കു കൂടി വ്യാപിപ്പിച്ച്  ലാഭകരമാക്കാനും പല നിർദേശങ്ങളും സമർപ്പിച്ചുവെങ്കിലും ഒന്നും നടപ്പായില്ല.  കാൽ നൂറ്റാണ്ട് പഴക്കമുള്ള ബോട്ടാണ് ഇവിടെ ഓട്ടം നടത്തുന്നത്. കാലപ്പഴക്കം മൂലമാണ് തകരാറു സംഭവിക്കുന്നത്. 

ഇവിടെ ഉണ്ടായിരുന്ന ബോട്ടുകളിൽ ചിലത് പറശ്ശിനിക്കടവിലെ സർവീസിനു വിട്ടുകൊടുക്കുകയുണ്ടായി. 1990 കാലത്ത് പയ്യന്നൂരിലെ കൊറ്റി കേന്ദ്രമായി 6 ബോട്ടുകളുമായി മലബാറിൽ ആദ്യമായി ജലഗതാഗത വകുപ്പ് തുടങ്ങിയതാണ് കവ്വായി കായലിലെ സർവീസ്. ലാഭത്തിൽ ഓട്ടം നടത്തിയ സർവീസ് കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം നഷ്ടത്തിലേക്കു കൂപ്പുകുത്തി. കാര്യക്ഷമതയില്ലായ്മ മൂലം യാത്രക്കാർ കയ്യൊഴിഞ്ഞു തുടങ്ങിയപ്പോൾ 6 ബോട്ടിൽ നിന്ന് ഒന്നായി ചുരുങ്ങി.പ്രധാന ടൂറിസം കേന്ദ്രമായ വലിയപറമ്പിലേക്ക് ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. നിലവിലുള്ള സർവീസിനൊപ്പം ടൂറിസം മേഖല കണക്കിലെടുത്തുള്ള പരിഷ്കരണം  വരുത്തിയെങ്കിൽ മാത്രമേ നിലനിർത്താൻ കഴിയൂ. പാടെ നിലച്ചു പോയാൽ അതിന് ഉത്തരവാദികൾ ബന്ധപ്പെട്ടവർ മാത്രമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com