ഇടയിലക്കാട് തുരുത്തിന്റെ ഭൂതകാലം ഓർത്ത് ‘പയമ’
Mail This Article
തൃക്കരിപ്പൂർ ∙ പൂഴിപ്പരപ്പിൽ കിടന്നുരുണ്ട നീർന്നായക്കൂട്ടങ്ങൾ. കരയിലേക്കു കടന്നെത്തി ആടുകളെ വിഴുങ്ങി വാലുകളിളക്കി കായലിലേക്കു തിരിച്ചു നീന്തിയ മുതലകൾ. കവ്വായി കായലിൽ ഒരു കാലത്ത് മദിച്ചു പുളച്ച ജൈവ സമ്പത്തുകൾ പഴമക്കാർ ഓർത്തെടുത്തു. ആശങ്കയും കൗതുകവും നിറഞ്ഞ കണ്ണുകളോടെ. ഇടയിലക്കാട് നവോദയ വായനശാല ഗ്രന്ഥാലയം വയോജന വേദി ഒരുക്കിയ ‘പയമ’യിലാണ് ഇടയിലക്കാട് തുരുത്തിന്റെ ഭൂതകാല ഓർമയിലേക്കു പഴമക്കാർ മുങ്ങിനിവർന്നത്.
ചേർന്നു കിടക്കുന്ന അറബിക്കടലിന്റെ കാറ്റിൽ ഇളകിയാടിയ കവ്വായി കായലിൽ സമീപകാലം വരെയും കടത്തുതോണിയെ ആശ്രയിച്ചു ജീവിതം കഴിച്ചു കൂട്ടിയ ദ്വീപ് നിവാസികളുടെ അനുഭവങ്ങൾ കൗതുകങ്ങളുടേതു കൂടിയായി.പഴമക്കാർക്കൊപ്പം സംഗമിച്ച് ബാലചന്ദ്രൻ എരവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സത്യവ്രതൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.കെ.കരുണാകരൻ, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ, എം.ഉമേശൻ എന്നിവർ പ്രസംഗിച്ചു. വി.ശ്രീധരൻ, സി.എച്ച്.സുകുമാരൻ, പി.വി.പ്രഭാകരൻ, സി.വിജയൻ, ടി.പി.രാമചന്ദ്രൻ, എം.ബാബു, എം.കൃഷ്ണൻ, എം.കെ.ശ്രീലത, എൻ.വി.ഭാസ്കരൻ, എം.മോഹനൻ എന്നിവർ മുഖാമുഖത്തിൽ പങ്കെടുത്തു.