കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് വയോധികൻ മരിച്ചു; മകൻ പൊലീസ് കസ്റ്റഡിയിൽ
Mail This Article
പള്ളിക്കര ∙ കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് വയോധികൻ മരിച്ചു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കര സെന്റ്മേരീസ് സ്കൂളിനടുത്തുള്ള കൊട്ടയത്ത് വീട്ടിൽ പി.അപ്പക്കുഞ്ഞിയാണ് (65) മരിച്ചത്. ഇന്നലെ വൈകിട്ട് 5.30നാണു സംഭവം. മകൻ പി.ടി.പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി പ്രമോദ് കമ്പിപ്പാര ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
മാരകമായി പരുക്കേറ്റ അപ്പക്കുഞ്ഞി നിലത്തു വീണു. ഈ സമയത്ത് അപ്പക്കുഞ്ഞിയുടെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ടെത്തിയ അയൽക്കാരും ബന്ധുക്കളും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരിച്ചു. വീട്ടിൽ പിതാവും മകനും തമ്മിലുള്ള ബഹളവും കയ്യേറ്റവും പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഞായറാഴ്ച പിതാവിനെ അടുക്കളയിൽ വച്ച് പിടിച്ചു തള്ളുകയും ഇതിനിടെ തലയടിച്ച് നിലത്തു വീഴുകയും ചെയ്തിരുന്നു. തുടർന്നു ചുറ്റിക കൊണ്ടടിച്ചു മാരകമായി പരുക്കേൽപ്പിച്ചതിനെ തുടർന്നു കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ സംഭവത്തിൽ പ്രമോദിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതക കാരണമെന്നു പൊലീസ് കരുതുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം ഇന്നു നടക്കും. മറ്റുമക്കൾ: പി.ടി.അജിത് (ദുബായ്) റീത്ത, റീന. മരുമക്കൾ: പ്രവീത, മധു, ജിതിൻ.