വരുമാനം ഇരട്ടി; അഭിമാന നേട്ടവുമായി ഹരിതകർമസേന
Mail This Article
തൃക്കരിപ്പൂർ ∙ മികച്ച വരുമാനത്തോടെ അഭിമാനകരമായ നേട്ടവുമായി തൃക്കരിപ്പൂർ പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾ. 60 ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കിയ ഹരിതകർമസേന, വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി കടന്നു. മാതൃകാപരമായ ചില പദ്ധതികളാണ് ഈ വർഷം ലക്ഷ്യമിടുന്നത്.
55 ലക്ഷം രൂപ യൂസർഫീ ഇനത്തിലും മാലിന്യങ്ങൾ കൈമാറിയ വകയിൽ 5 ലക്ഷം രൂപയും ഉൾപ്പെടെ ഈ സാമ്പത്തിക വർഷം 60 ലക്ഷം രൂപയാണ് വരുമാനം നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 26 ലക്ഷം രൂപ നേടിയ സ്ഥാനത്താണ് ഇത്തവണ അതിന്റെ ഇരട്ടിയിലധികം തുക സമാഹരിച്ചു നേട്ടം കൊയ്തത്. 55 ടൺ പുനഃചംക്രമണ യോഗ്യമായ മാലിന്യങ്ങളും 260 ടൺ പുനഃചംക്രമണ യോഗ്യമല്ലാത്തതുമായ മാലിന്യങ്ങളും ഹരിതകർമസേന ശേഖരിച്ചു കൈമാറി.
തുണി മാലിന്യങ്ങൾ, ചില്ലുമാലിന്യങ്ങൾ, ചെരുപ്പുകൾ, ബാഗുകൾ, അപ്ഹോൾസ്റ്ററി മാലിന്യങ്ങൾ, ഹെൽമെറ്റുകൾ, കിടക്കകൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ. തെർമോകോൾ, മരുന്ന് സ്ട്രിപ്പുകൾ, സിമന്റ് ചാക്കുകൾ, റിജെക്ട് മാലിന്യങ്ങൾ, പേപ്പർ, കാർഡ്ബോർഡ് തുടങ്ങി എല്ലാ ഇനം അജൈവ മാലിന്യങ്ങളും ഹരിതകർമസേന വിവിധ മാസങ്ങളിലായി ശേഖരിച്ചു. അടുത്ത സാമ്പത്തിക വർഷം മുതൽ ഡയപ്പർ, നാപ്കിൻ തുടങ്ങിയ സാനിറ്ററി മാലിന്യങ്ങൾ ശേഖരിച്ചു കൈമാറി വരുമാനം വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സേനാംഗങ്ങൾ. 42 പേരടങ്ങിയതാണ് നിലവിലുള്ള ഹരിതകർമസേന.
ഓരോരുത്തർക്കും ശരാശരി 11000 രൂപ പ്രതിമാസ വരുമാനം ലഭിക്കുന്നുണ്ട്. കൂടാതെ പഠന യാത്രകൾ, പഠന ക്ലാസുകൾ, ശുചീകരണ പ്രവൃത്തികൾ, അംഗങ്ങൾക്ക് ഉത്സവകാല ബോണസുകൾ, വിവിധ ദുരിതാശ്വാസ നിധികളിലേക്ക് ഒരു ദിവസത്തെ വേതനം തുടങ്ങിയ ഒട്ടേറെ പരിപാടികൾ ഹരിതകർമസേനയും പഞ്ചായത്ത് ഭരണസമിതിയും ചേർന്ന് നടത്തി. നെല്ല് കൊയ്യാൻ ആളെ കിട്ടാതെ വന്നപ്പോൾ ആ പ്രവൃത്തിയും ഹരിതകർമസേന ഏറ്റെടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു.
ജില്ലയിലെ ഏറ്റവും മികച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയും ബെയിലിംഗ് മെഷീൻ, മിനി ക്രെയിൻ, കൺവെയർ ബെൽറ്റ്, നിരീക്ഷണത്തിനായി സിസിടിവി ക്യാമറ തുടങ്ങിയ സംവിധാനങ്ങളും ഹരിതകർമസേനയ്ക്കായി പഞ്ചായത്ത് ഒരുക്കിയിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ പറഞ്ഞു.
കൂടാതെ വാർഡുകളിലുള്ള ശേഖരണത്തിന് 126 മിനി എംസിഎഫുകളും വിവിധയിടങ്ങളിൽ ഈ വർഷം സ്ഥാപിച്ചിട്ടുണ്ട്. ഇനോക്കുലം നിർമാണ യൂണിറ്റ്, വെസ്സൽസ് റെന്റൽ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങളും തൃക്കരിപ്പൂരിലെ ഹരിതകർമസേന ഈ വർഷം ആരംഭിക്കാനിരിക്കയാണ്.