രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തിൽ വരും: ചാണ്ടി ഉമ്മൻ
Mail This Article
പഴയങ്ങാടി∙ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കാസർകോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണാർഥം കല്യാശേരി മണ്ഡലത്തിൽ അദ്ദേഹം, യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
‘കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ തുടർ വികസനപ്രവർത്തനത്തിന് രാജ്‌മോഹൻ ഉണ്ണിത്താൻ വീണ്ടും എംപിയായി വരണം. വിജയത്തിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. 2013ൽ പിതാവ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷം സോളർ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം അഴിച്ചുവിട്ടു. അന്ന് അദ്ദേഹത്തിന്റെ കൂടെ നിന്ന് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച രാജ്മോഹൻ ഉണ്ണിത്താനെ ഒരിക്കലും മറക്കാൻ കഴിയില്ല.
അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി ഉണ്ടാകും. യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതി പൂർത്തിയാക്കുകയാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് കേന്ദ്രമന്ത്രിയായി ഉണ്ണിത്താൻ വരും’ – അദ്ദേഹം പറഞ്ഞു.