ബിജെപി സമ്മേളനങ്ങളിൽ മോഷണം; മുൻ സ്പീക്കർ ഉൾപ്പെടെയുള്ളവരെ പോക്കറ്റടിച്ചു

Mail This Article
മടിക്കേരി ∙ കുടകിൽ മടിക്കേരിയിലും കുശാൽനഗറിലും ഒരേ ദിവസം നടന്ന ബിജെപി സമ്മേളനങ്ങളിൽ നേതാക്കളുടെ പോക്കറ്റടിച്ച കേസുകളിൽ 13 പേർ പിടിയിൽ. കർണാടക മുൻ സ്പീക്കറും വിരാജ്പേട്ട മുൻ എംഎൽഎയുമായ കെ.ജി.ബൊപ്പയ്യയുടെ പോക്കറ്റിൽ നിന്നു 17,000 രൂപ കവർന്നു. പലരിൽ നിന്നായി മൊത്തം 1,96,300 രൂപയാണു കവർന്നത്. 27 നായിരുന്നു സംഭവം. മടിക്കേരി ക്രിസ്റ്റൽ കോർട്ട് ഹാളിൽ നടന്ന പരിപാടിയിലാണ് കെ.ജി.ബൊപ്പയ്യ ഉൾപ്പെടെയുള്ളവരുടെ പോക്കറ്റടിച്ചത്. കുശാൽനഗറിലും സമാന പോക്കറ്റടി നടന്നതോടെ ആസൂത്രിതമാണെന്നു ചൂണ്ടിക്കാട്ടി നേതാക്കൾ പൊലീസിൽ പരാതി നൽകി.
ഷിമോഗ ഭദ്രാവതി സ്വദേശികളായ ജയണ്ണ (ജയ-38 ), പുട്ടരാജു (പുട്ട-39), നാഗരാജ (43) , വെങ്കിടേഷ് (44), രാമു (കുള്ളരാമ-43), ഉമേഷ് (36), ജയണ്ണ (ദൊഡ്ഡ ജയണ്ണ–53), ബോജപ്പ (ബോജ–50), മെഹബൂബ് സുബാൻ (48), ഡി.ഗിരീശ (31), ബാലു (35), ബെംഗളൂരു സ്വദേശികളായ ഹരീഷ (35), രംഗണ്ണ (രംഗ–50) എന്നിവരെയാണ് സോമവാർപേട്ട ഡിവൈഎസ്പി ആർ.വി.ഗംഗാധരപ്പയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ച 2 കാറുകളും 12 മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. കുശാൽ നഗർ പൊലീസ് 3 കേസുകൾ റജിസ്റ്റർ ചെയ്തു. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. എസ്ഐ ബി.ജി.പ്രകാശ്, എഎസ്ഐ ബി.എസ്.ഉമ, കുശാൽനഗർ പൊലീസ്, ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.