കാസർകോട് ജില്ലയിൽ ഇന്ന് (07-04-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
∙വേനൽമഴ ഒറ്റപ്പെട്ട ഇടങ്ങളിൽ ലഭിക്കുമെങ്കിലും കനത്ത ചൂട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
കളറിങ് മത്സരം
മാവുങ്കാൽ ∙ തിങ്ക് ആർട് കുട്ടികൾക്കായി കളറിങ് മത്സരം നടത്തി. ഗിജിന ഗോപി ഉദ്ഘാടനം ചെയ്തു. ജെസിഐ സോൺ ചെയർമാൻ സനിൽ പാലക്കുന്ന് വിശിഷ്ടാതിഥിയായി. തിങ്ക് ആർട് ഡയറക്ടർ എൻ.സുരേഷ് അധ്യക്ഷത വഹിച്ചു.ആർട്ടിസ്റ്റ് ഇ.വി.അശോകൻ, മിനി സുരേഷ് എന്നിവർ പ്രസംഗിച്ചു.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കാസർകോട്∙ ഐഎച്ച്ആർഡി കഴിഞ്ഞ ഫെബ്രുവരി മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ), ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഡി.ഡി.ടി.ഒ.എ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ) എന്നീ കോഴ്‌സുകളുടെ റഗുലർ, സപ്ലിമെന്ററി, മേഴ്‌സി ചാൻസ് പരീക്ഷാഫലവും, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന്റെ റഗുലർ, സപ്ലിമെന്ററി പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാകേന്ദ്രങ്ങളിൽ നിന്നു അറിയാം.കൂടാതെ ഐഎച്ച്ആർഡിയുടെ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.സെപ്റ്റംബർ മാസത്തിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 15. ഫോൺ. 0471 2322501.
സിലക്‌ഷൻ ട്രയൽസ്
കാസർകോട്∙ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള സ്‌പോർട്‌സ് അക്കാദമികളിലേക്കു 7, 8 ക്ലാസ്സുകളിലേക്കും, പ്ലസ് വൺ, കോളജ് ഡിഗ്രി ഒന്നാം വർഷത്തേക്കും അണ്ടർ 14 വിമൻ ഫുട്‌ബോൾ അക്കാദമികളിലേക്കും കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്ഷൻ ട്രയൽസ് 16, 17 തീയതികളിൽ കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കും. 16നു സ്‌കൂൾ, പ്ലസ് വൺ വിഭാഗത്തിനും 17നു കോളജ് വിഭാഗത്തിനുമാണ് സിലക്ഷൻ. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ എന്നീ ഇനങ്ങളിൽ ജില്ലാതല സിലക്ഷനിൽ പങ്കെടുത്ത് എൻട്രി കാർഡ് ലഭിച്ചവർക്കാണ് സോണൽ സിലക്ഷനിൽ പങ്കെടുക്കാൻ യോഗ്യത.
കബഡി, തയ്‌ക്വാൻഡോ, ജൂഡോ, സ്വിമ്മിങ്, ഖോഖൊ, സൈക്ലിങ്, ഫെൻസിങ്, ബോക്‌സിങ്, ആർച്ചറി, റസ്‌ലിങ്, നെറ്റ്‌ബോൾ, ഹോക്കി, ഹാൻഡ്‌ബോൾ, സോഫ്റ്റ്‌ബോൾ (കോളജ് മാത്രം), വെയ്റ്റ് ലിഫ്റ്റിങ്(കോളജ് മാത്രം) എന്നിവയ്ക്കു നേരിട്ടാണു സിലക്ഷൻ നടത്തുന്നത്. കനോയിങ് ആൻഡ് കയാക്കിങ്, റോവിങ് എന്നീ കായിക ഇനങ്ങളിൽ ആലപ്പുഴയിൽ മേയ് മൂന്നിന് സിലക്ഷൻ നടത്തും. കായികതാരങ്ങൾ എൻട്രി കാർഡ്, ഫോട്ടോ, ആധാർ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് കിറ്റ് എന്നിവ സഹിതം രാവിലെ എട്ടിന് എത്തണം. സിലക്ഷനിൽ പങ്കെടുക്കുന്നവർ www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഫോൺ. 9946049004.