50 ലക്ഷം കവർച്ച: കൊള്ളസംഘം കടന്നത് കാസർകോട് റെയിൽവേ സ്റ്റേഷൻ വഴി
Mail This Article
മഞ്ചേശ്വരം ∙ എടിഎമ്മിൽ പണം നിറയ്ക്കാൻ വന്ന വാഹനത്തിന്റെ സൈഡ് ഗ്ലാസ് തകർത്ത് 50 ലക്ഷം രൂപ കൊള്ളയടിച്ച സംഘം രക്ഷപ്പെട്ടത് കാസർകോട് റെയിൽവേ സ്റ്റേഷൻ വഴിയാണെന്ന നിഗമനത്തിൽ പൊലീസ്. കവർച്ച നടത്തിയ ശേഷം കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. എന്നാൽ ഇവിടെ നിന്നു എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് ദൃശ്യങ്ങൾ ലഭ്യമല്ലെന്നു പൊലീസ് സൂചിപ്പിച്ചു.
പ്രതികൾക്കു കാസർകോട്ടുക്കാരുടെ സഹായവും ലഭിച്ചിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. കവർച്ചയ്ക്കു പിന്നിൽ തമിഴ്നാട്ടിലെ തിരുട്ട് സംഘമാണോയെന്നും കൂടുതൽ പ്രതികൾ തമ്പടിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.
കഴിഞ്ഞ 27ന് ഉച്ചയ്ക്ക് 2ന് ഉപ്പള ടൗണിലാണ് സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച പണം കവർന്നത്. ആകെ 1.45 കോടി രൂപയാണ് വാഹനത്തിലുണ്ടായിരുന്നത്. ബാഗുമായി ഒരാൾ കടന്നുപോകുന്ന ദൃശ്യം സിസിടിവിയിൽ നിന്ന് പൊലീസിനു ലഭിച്ചിരുന്നു. ഈ ദൃശ്യമാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. എടിഎമ്മിൽ പണം നിറയ്ക്കുന്നതിനായി കരാർ ഏറ്റെടുത്ത മുംബൈയിലെ സ്വകാര്യ ഏജൻസിയുടെ വാഹനമാണ് കവർച്ചക്കിരയായത്. ഈ കവർച്ചയ്ക്കു മുൻപ് ഇതേ സംഘം അതേ ദിവസം രാവിലെ മംഗളൂരുവിൽ നിന്നു ലാപ്ടോപ് കവർന്നിരുന്നു.