ദേശീയപാത ‘പണി’ തന്നു: പഞ്ചായത്തിലെത്താൻ ഒരു കിലോമീറ്റര്‍ ചുറ്റണം; ദുരിതത്തിലായി ചാലിങ്കാൽ പ്രദേശം

Mail This Article
പെരിയ ∙ ദേശീയപാത വികസന പ്രവൃത്തി നടക്കുന്നതിനാൽ ദുരിതത്തിലായി ചാലിങ്കാൽ പ്രദേശം. പാതയുടെ നടുവിൽ ഡിവൈഡർ സ്ഥാപിച്ചതോടെ ഇരുവശത്തുമായി പ്രവർത്തിക്കുന്ന പുല്ലൂർ പെരിയ പഞ്ചായത്ത് കാര്യാലയത്തിന്റെ അനുബന്ധ ഓഫിസുകളിലെത്താൻ ഒരു കിലോമീറ്ററോളം ചുറ്റി വരേണ്ടിവരുന്നു. ഓഫിസ് മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു മുൻപിൽ മറ്റു നിർമാണ സൈറ്റുകളിലേക്കുള്ള കോൺക്രീറ്റ് ഗർഡറുകളും നിരത്താൻ തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി.
പരാതി പറയുമ്പോൾ കരാർ കമ്പനിക്കാർ സ്ഥലം കാണാൻ വരുമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ ഫൂട്ട് ഓവർ ബ്രിജ് അനുവദിച്ചിട്ടുണ്ടെന്നു പറയുന്നതിനും സ്ഥിരീകരണമില്ല. കഴിഞ്ഞ മഴക്കാലത്തു ഓഫിസിൽ കടക്കാൻ പറ്റാത്തവണ്ണം വെള്ളം കെട്ടി നിന്നിരുന്നു. പെട്ടെന്ന് ഓവുചാൽ പൂർത്തികരിക്കുമെന്നു കമ്പനി അധികൃതർ പറഞ്ഞെങ്കിലും പിന്നീട് അനക്കമില്ല.
സർവീസ് റോഡുകളുടെ നിർമാണവും ഇതുപോലെതന്നെ. എത്രയും വേഗം പൂർത്തിയാക്കുമെന്ന് പറഞ്ഞതും നടപ്പിലായില്ല. ആവശ്യങ്ങളെല്ലാമുന്നയിച്ച് കരാറു കമ്പനിയുടെ ബട്ടത്തൂരിലെ ഓഫിസിനു മുൻപിൽ ധർണ നടത്താനൊരുങ്ങുകയാണ് പ്രദേശവാസികൾ.