ADVERTISEMENT

ബോവിക്കാനം∙ ‘പാലത്തിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എന്റെ ഓഫിസ് തന്നെ നേരിട്ട് കാര്യങ്ങൾ പരിശോധിക്കും’ കഴിഞ്ഞ വർഷം മേയ് 27നു അരമനപ്പടി പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുമ്പോൾ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞ വാക്കുകളാണിത്. പണിതുടങ്ങി ഒരു വർഷം പൂർത്തിയാകുമ്പോൾ പാലത്തിന്റെ 10% പണി പോലും പൂർത്തിയായിട്ടില്ല.

അടുത്ത നവംബർ മാസത്തിൽ കരാർ കാലാവധി പൂർത്തിയാകും.  പക്ഷെ നിർമാണത്തിലെ മെല്ലെപ്പോക്ക് കാരണം ഇതിനുളളിൽ പണി പൂർത്തിയാകുന്ന കാര്യം സംശയമാണ്. പണി വേഗത്തിലാക്കാൻ മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ (പാലം വിഭാഗം ) കരാറുകാരനു കത്തു നൽകിയിരിക്കുകയാണ്. പാലത്തിന്റെ ഒരു കരയിൽ 2 തൂണുകളും മറുകരയിൽ ഒരു തൂണും മാത്രമാണ് ഇതിനകം പൂർത്തിയാക്കിയത്.

പുഴയിൽ തൂണുകൾ നിർമിക്കുന്നത് അടക്കമുളള കഠിനമായ പണികൾ ബാക്കിയാണ്. കാലവർഷം തുടങ്ങിയാൽ ഈ സീസണിലെ പണി നിർത്തിവക്കേണ്ടി വരും. അടുത്ത വേനൽക്കാലത്തു മാത്രമേ പണി പുനരാരംഭിക്കാൻ സാധിക്കൂ എന്ന സാഹചര്യവും ഉണ്ട്. ബേഡഡുക്ക - മുളിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അരമനപ്പടി - മൊട്ടൽ തൂക്കുപാലത്തിനോടു ചേർന്നാണ് പാലം നിർമിക്കുന്നത്.

156 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിനു 16.30 കോടി രൂപയാണ് നബാർഡ് സഹായത്തിൽ അനുവദിച്ചത്.കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് മന്ത്രി ഉദ്ഘാടനം ചെയ്തതെങ്കിലും പണി അതിനു മുൻപേ ആരംഭിച്ചിരുന്നു. എന്നാൽ തുടർന്നുളള പണികൾക്ക് കാര്യമായ പുരോഗതിയില്ലാതിരുന്നതാണ് ഈ സ്ഥിതിയിലെത്തിച്ചത്.  മന്ത്രിയുടെ ഓഫിസ് നേരിട്ടു പരിശോധിക്കുമെന്നു പറഞ്ഞിട്ടും ഈ രീതിയിലാണു കാര്യങ്ങളെങ്കിൽ ആരോടു പറയുമെന്നാണു നാട്ടുകാരുടെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com