കുട്ടികൾ പടക്കം പൊട്ടിച്ചു; പത്തേക്കർ സ്ഥലത്ത് തീ പടർന്നു

Mail This Article
പെരിയ ∙ വിഷു ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പൊട്ടിച്ച പടക്കത്തിൽ നിന്ന് തീ പടർന്ന് പത്തേക്കറോളം സ്ഥലത്തെ ഉണങ്ങിയ പുല്ലുകൾ കത്തിനശിച്ചു. പാക്കം കൂട്ടക്കനിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം. തീ ആളിപ്പടരുന്നതു കണ്ട് ഭയന്ന കുട്ടികൾ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രന്റെ നേതൃത്വത്തിലെത്തിയ സംഘം നാലുമണിക്കൂറോളമെടുത്ത് നാലരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വാഹനത്തിനെത്തിപ്പെടാൻ ബുദ്ധിമുട്ടായ സ്ഥലമായതിനാൽ ചപ്പുകൾ ഉപയോഗിച്ചും ബക്കറ്റിൽ വെള്ളം കോരിയൊഴിച്ചുമാണ് തീ കെടുത്തിയത്. ഫയർമാൻമാരായ ഇ.ടി.മുകേഷ്, ടി.വി.സുധീഷ്കുമാർ, കെ.കിരൺ, ഫയർമാൻ ഡ്രൈവർ ശരത്‌ലാൽ, ഹോം ഗാർഡുമാരായ സി.രവീന്ദ്രൻ, ടി.വി.പ്രശാന്ത് എന്നിവരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ മെഷീൻ ഉപയോഗിച്ച് കാടുവെട്ടിത്തെളിച്ച് കൂട്ടിയിട്ടത് തീ വേഗത്തിൽ പടരാൻ കാരണമായി.