ADVERTISEMENT

എരിഞ്ഞിപ്പുഴ∙ ‌ജില്ലയിലെ ഏറ്റവും വലിയ പുഴകളിലൊന്നായിട്ടും വേനൽക്കാലമായാൽ വറ്റിവരണ്ടു കിടക്കാനാണു പയസ്വിനിപ്പുഴയുടെ വിധി. മഴക്കാലത്തു ജലസമൃദ്ധമാകുന്ന പുഴ വേനലെത്തിയാൽ പെട്ടെന്നു വരൾച്ചയിലേക്കു മാറും. 50 കിലോമീറ്ററോളം ദൂരത്തിലുള്ള പുഴയിൽ ആവശ്യത്തിനു ചെക്ക് ഡാമുകളും തടയണകളും ഇല്ലാത്തതാണ് ഈ ദുരവസ്ഥയിലേക്കു തള്ളിവിടുന്നത്. ബാവിക്കര ശുദ്ധജല പദ്ധതിക്കായി മുനമ്പത്തും ഇതിന്റെ 5 കിമീ മുകളിലായി പാണ്ടിക്കണ്ടത്തുമായി 2 തടയണകളാണ് ആകെയുള്ളത്. കുണ്ടാറിൽ ഒരു മിനി ചെക്ക് ഡാമും. നിശ്ചിത അകലങ്ങളിൽ ഓരോ തടയണകൾ നിർമിക്കുകയാണെങ്കിൽ കാറഡുക്ക, കാസർകോട് ബ്ലോക്കുകളിലെ ജലക്ഷാമത്തിനു വലിയൊരളവിൽ പരിഹാരമാകും. 

കർണാടകയിൽ നിന്നു ദേലംപാടി പഞ്ചായത്തിലൂടെ ജില്ലയിലേക്കു പ്രവേശിക്കുന്ന പുഴ കാറഡുക്ക, മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളിലൂടെ ഒഴുകി ചെമ്മനാട് പഞ്ചായത്തിലെ മുനമ്പത്തു വച്ച് കരിച്ചേരി പുഴയുമായി ചേരുകയും അവിടെ നിന്നു ചന്ദ്രഗിരിപ്പുഴയായി മാറുകയുമാണ് ചെയ്യുന്നത്.എരിഞ്ഞിപ്പുഴ, അടുക്കത്തൊട്ടി എന്നിവിടങ്ങളിൽ തടയണ നിർമിക്കുന്നതിനായി ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.  എരിഞ്ഞിപ്പുഴയിൽ ചെറുകിട ജലസേചന വിഭാഗവും അടുക്കത്തൊട്ടിയിൽ ജല അതോറിറ്റിയുമാണ് തടയണയ്ക്കായി പദ്ധതി തയാറാക്കിയത്.പള്ളങ്കോട് തടയണ നിർമിക്കാൻ ഇൻവെസ്റ്റിഗേഷനു 12 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ ഇരിയണ്ണി ചൊട്ട, ആദൂർ ചോനപ്പള്ളം എന്നിവിടങ്ങളിലും തടയണ നിർമിക്കുകയാണെങ്കിൽ വേനലിലും പയസ്വിനി ജലസമൃദ്ധമാകും. ചോനപ്പള്ളത്ത് 4മീറ്റർ ഉയരത്തിൽ തടയണ നിർമിക്കുകയാണെങ്കിൽ കുണ്ടാർ ചെക്ക് ഡാം വരെ വെള്ളം സംഭരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഓരോ തടയണയുടെയും സംഭരണ മേഖലയ്ക്കു തൊട്ടു മുകളിൽ അടുത്ത തടയണ എന്നതാണു കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്. കാസർകോട് വികസന പാക്കേജിൽ ഈ പദ്ധതികൾക്കു പ്രത്യേക മുൻഗണന നിശ്ചയിച്ചാൽ ഫണ്ടിന്റെ പ്രശ്നവും ഉണ്ടാകില്ല. രാജ്യത്തെ അപൂർവ ഇനമായ പാലപ്പൂവൻ ആമ(ഭീമൻ ആമ) ഉൾപ്പെടെ ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ പുഴ കൂടിയാണിത്. വംശനാശ ഭീഷണി നേരിടുന്ന മീനുകളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പുഴ വറ്റുമ്പോൾ വെള്ളം കിട്ടാതെ ഇവ ചത്തുപൊങ്ങുന്ന ദയനീയ കാഴ്ചയ്ക്കു പലതവണ പയസ്വിനി സാക്ഷിയായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com