വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു!; കണ്ണടച്ച് അധികൃതർ
Mail This Article
തൃക്കരിപ്പൂർ ∙ ടൗണിലേക്കുള്ള പ്രവേശന കവാടമായ തങ്കയം ജംക്‌ഷനിൽ അപകടം പരമ്പരയാകുമ്പോഴും അധികൃതർ കണ്ണടച്ചു തന്നെ. വാഹന വേഗനിയന്ത്രണ സംവിധാനം വേണമെന്ന ആവശ്യവും തുടർന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയും ഫലം കണ്ടില്ല. ഇന്നലെയും ജംക്‌ഷനിൽ അപകടമുണ്ടായി. കാറും സ്കൂട്ടറും തമ്മിൽ ഇടിച്ചാണ് അപകടം. ആളപായമില്ലാതെ രക്ഷപ്പെട്ടു. തലേദിവസവും രണ്ട് അപകടം നടന്നു. ടൗണിലേക്കും പയ്യന്നൂർ ഭാഗത്തേക്കുള്ള ബൈപാസിലേക്കും പോകാവുന്ന ജംക്‌ഷനിൽ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിനു സംവിധാനം വേണമെന്നു വർഷങ്ങളായി പരിസരവാസികളും യാത്രക്കാരും പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യസംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഗൗരവപൂർവം പരിഗണിക്കുന്നില്ല.
മാത്രമല്ല, അപായ സാധ്യത കണക്കിലെടുത്ത് നിലവിൽ ബസ്സുകൾ നിർത്തിയിടുന്നതു മാറ്റുന്നതിനെടുത്ത തീരുമാനവും നടപ്പാക്കിയില്ല. കലക്ടർ ഇടപെട്ടതിനെ തുടർന്നാണ് ഒന്നിലധികം തവണ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. അപായം ഒന്നിനു പിറകെ ഒന്നായതോടെ ജനങ്ങൾ സമരരംഗത്തിറങ്ങുന്ന സാഹചര്യമുണ്ട്. അപായം നിയന്ത്രിക്കുന്നതിനു ഡിവൈഡറോ ഹംബോ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും വാഹനങ്ങളുടെ വേഗനിയന്ത്രണത്തിൽ അലംഭാവം തുടരരുതെന്നും കർശനമായി ജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. സമീപകാലത്ത് റിഫ്ലക്ടരും സ്റ്റഡും സ്ഥാപിച്ചെങ്കിലും അപകടങ്ങളഅ പതിവാകുന്നു.അപായവളവിൽ വേഗ നിയന്ത്രണത്തിനു അടിയന്തരവും കർശനവുമായ സംവിധാനം ഏർപ്പെടുത്തുന്നതിൽ അധികൃതർ അമാന്തം തുടർന്നാൽ അതു മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാകുമെന്നു നാട്ടുകാരും വിവിധ സംഘടനകളും കുറ്റപ്പെടുത്തി.