കാഞ്ഞങ്ങാട് ടൂറിസ്റ്റ് ബസ് മതിലിലേക്ക് ഇടിച്ചു കയറി; 15 പേർക്ക് പരുക്ക്
Mail This Article
കാഞ്ഞങ്ങാട്∙ മിനി ടൂറിസ്റ്റ് ബസ് മതിലിലേക്ക് ഇടിച്ച് കയറി 15 പേർക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശികളായ സിനാൻ (17), നിയാസ് (17), ആസ്മി (16), അസീസ് (42), സിദീഖ് (40), സാബിത്ത് (42), ഷൈജൽ (42), ആബിയാൻ (62), കമറുദീൻ (42), മുഹമ്മദ് മുന്ന (20), അഷ്റഫ് (44), അമൽ (20), ഫാബിയാസ് (22), അമദ് സിദാൻ (20), ആദിൽ നിഷാൻ (14) എന്നിവർക്കാണ് പരുക്കേറ്റത്. ബസിൽ കുടുങ്ങിയ ഡ്രൈവരെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഇന്നു രാവിലെ 6.45ന് ചിത്താരി ചാമുണ്ഡിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. ചാമുണ്ഡിക്കുന്നിലെ ടി.എം.നൗഷാദിന്റെ വീട്ടുമതിലും തൊട്ടടുത്ത കടയുടെ മതിലും തകർത്താണ് ബസ് നിന്നത്. മലപ്പുറത്തു നിന്ന് ഷിമോഗയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. എച്ച്ടി ലൈനിന് സമീപത്തു കൂടി പോയാണ് ബസ് മതിലിൽ ഇടിച്ചുനിന്നത്. ഡ്രൈവർ ഉൾപ്പെടെ 16 പേരാണ് ബസിലുണ്ടായിരുന്നത്.