ADVERTISEMENT

കാസർകോട്∙ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വൈകിട്ട് 6നു ശേഷവും പകുതിയോളം ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. സാങ്കേതിക തകരാറുകളും മറ്റും കാരണം പോളിങ് മന്ദഗതിയിലായതാണ് വോട്ടെടുപ്പ് നീളാൻ കാരണം. വോട്ടെടുപ്പ് സമയം അവസാനിക്കുന്ന വൈകിട്ട് 6 വരെ വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയാണ് വോട്ടെടുപ്പു പൂർത്തിയാക്കിയത്. ചില ബൂത്തുകളിൽ വോട്ടെടുപ്പ് ഏറെ നീണ്ടു. 

രാവിലെ മുതൽ മികച്ച പോളിങ്
രാവിലെ പോളിങ് തുടങ്ങുമ്പോൾ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. ആദ്യ ഒരു മണിക്കൂറിൽ 5% പേർ വോട്ട് രേഖപ്പെടുത്തി. ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറിലായതു പോളിങ് തുടങ്ങാൻ വൈകാനിടയാക്കി. തകരാർ പരിഹരിച്ചും പുതിയ യന്ത്രങ്ങൾ എത്തിച്ചുമാണ് വോട്ടിങ് നടത്തിയത്. 10.15 ആകുമ്പോഴേക്കും 18.06% ആയി പോളിങ് ശതമാനം ഉയർന്നു. 11.15 ആകുമ്പോഴേക്കും 25.74% ആയി പോളിങ് ഉയർന്നു. പിന്നീട് പോളിങ് കുറയുന്ന കാഴ്ചയാണു കണ്ടത്. കനത്ത ചൂടും വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനു വിശ്വാസികൾ പോയതും ഇതിനു കാരണമായി. 3 മണിയോടെ വീണ്ടും പോളിങ് സജീവമായി. 

തിരിച്ചറിയൽ കാർഡ് പരിശോധനയും കാരണമായി
വോട്ടിങ് യന്ത്ര തകരാറിനെ തുടർന്ന് വോട്ടറെ തിരിച്ചറിയുന്നതിൽ ഉദ്യോഗസ്ഥർ പതിവിൽ കൂടുതൽ ശ്രദ്ധ നൽകിയതും വോട്ടിങ്ങിന്റെ വേഗം കുറച്ചു.ഏതാണ്ടു മുഴുവൻ പേരുടെയും തിരിച്ചറിയൽ കാർഡുകൾ വാങ്ങി പരിശോധിച്ച ശേഷമാണു വോട്ടർമാരുടെ വിരലിൽ മഷി പുരട്ടിയത്. ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വേഗം കുറയാനിടയാക്കിയിട്ടുണ്ട്. 

ഓപ്പൺ വോട്ട് ദുരുപയോഗം ചെയ്തോ?
മിക്ക ബൂത്തുകളിലും ഓപ്പൺ വോട്ട് സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്തതാണ് പോളിങ് മന്ദഗതിയിലാക്കിയതെന്ന് ആക്ഷേപമുയർന്നു. മണിക്കൂറുകളോളം ക്യൂ നിന്നിട്ടും വോട്ട് ചെയ്യാൻ സാധിക്കാത്തവർ ഇതോടെ ചില ബൂത്തുകൾക്കു മുൻപിൽ ബഹളമുണ്ടാക്കി. രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് ഓപ്പൺ വോട്ടിനായി ആളുകളെയെത്തിച്ചതിനാൽ രാവിലെ മുതൽ വോട്ടു ചെയ്യാൻ ക്യൂവിൽ നിന്നവർക്ക് സമയത്ത് വോട്ടു ചെയ്ത് മടങ്ങാനുമായില്ല. ചിലർ പ്രിസൈഡിങ് ഓഫിസർമാരോട് പരാതിപ്പെട്ടെങ്കിലും ഓപ്പൺവോട്ടാണ് പോളിങ് മന്ദഗതിയിലാകുന്നതിനു കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ശാരീരികാവശതകളൊന്നുമില്ലാത്തവരും ക്യൂ നിൽക്കാതെ തിടുക്കത്തിൽ വോട്ടു ചെയ്തു മടങ്ങാൻ ‘ഓപ്പൺ വോട്ട്’ സൗകര്യം ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.

മൈക്രോ ഒബ്സർവർമാരായി നിയോഗിച്ച 12 അധ്യാപകർക്ക് വോട്ടു ചെയ്യാനായില്ല
പെരിയ∙തിരഞ്ഞെടുപ്പിൽ മൈക്രോ ഒബ്സർവർമാരായി നിയോഗിച്ച കേരള കേന്ദ്ര സർവകലാശാലയിലെ 12 അധ്യാപകർക്ക് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായില്ല. 22 നാണ് ഇവർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെന്ന അറിയിപ്പ് ലഭിക്കുന്നത്. പിറ്റേന്നു തന്നെ പരിശീലനത്തിനെത്തണമെന്നായിരുന്നു നിർദേശം. അവധിയായയതിനാൽ നാട്ടിലായിരുന്ന അസോഷ്യേറ്റ് പ്രഫസർമാരും അസിസ്റ്റന്റ് പ്രഫസർമാരുമായ അധ്യാപകർ റിസർവേഷൻ പോലുമില്ലാതെ കഷ്ടപ്പെട്ട് യാത്ര ചെയ്താണ് ഡ്യൂട്ടിക്കെത്തിയത്.

പോസ്റ്റൽ വോട്ടു ചെയ്യാനുള്ള സമയം കഴിഞ്ഞതിനാൽ അധ്യാപകർ എങ്ങനെ വോട്ടു ചെയ്യുമെന്ന് അധികൃതരോട് ചോദിച്ചപ്പോൾ ‘വഴിയുണ്ടാക്കാമെന്നായിരുന്നു’ മറുപടി. 24 ന് പരിശീലനത്തിൽ പങ്കെടുത്ത ഇവർക്ക് ഡ്യൂട്ടിയും നൽകി. എന്നാൽ വോട്ടു ചെയ്യാനുള്ള ഫോം നൽകിയില്ല. എന്നാൽ ഇത്രയും പേർക്ക് വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗുരുതരമായ പരാതി ഉയരുമെന്ന് ബോധ്യമായ അധികൃതർ ഇവരെ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കിയതായി രാത്രി അറിയിക്കുകയായിരുന്നു.അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണു വോട്ടവകാശം നഷ്ടമായ അധ്യാപകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com