ADVERTISEMENT

കാസർകോട്∙സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് സഹകരണ സംഘത്തിൽനിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത് സിപിഎം പ്രാദേശിക നേതാവുകൂടിയായ സെക്രട്ടറി മുങ്ങിയ കേസിൽ ഭരണസമിതിയുടെയും സഹകരണ വകുപ്പിന്റെയും ഭാഗത്ത് ഗുരുതരവീഴ്ച. സ്വർണപ്പണയ വായ്പയിൽ 1.69 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് അവധിയെടുത്ത സെക്രട്ടറി രതീശൻ, അവധിയിലിരിക്കെയാണ് സംഘം ഓഫിസിലെത്തി 1.12 കോടി വിലവരുന്ന പണയ സ്വർണം തട്ടിയെടുത്തത്.

ഏപ്രിൽ 30ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് 1.69 കോടി രൂപയുടെ സ്വർണപ്പണയ വായ്പ അനുവദിച്ചത് ഈടായി സ്വർണം വയ്ക്കാതെയും അംഗങ്ങൾ അറിയാതെയുമാണെന്നു കണ്ടെത്തിയത്. അധികൃതർ രേഖാമൂലം ഇക്കാര്യം ഭരണസമിതിയെ അറിയിച്ചു. പൊലീസിൽ പരാതി നൽകുന്നതിനു പകരം പണം തിരികെ അടപ്പിച്ച് പ്രശ്നം ഒതുക്കാനാണ് ഭരണസമിതിയും സിപിഎം നേതൃത്വവും ശ്രമിച്ചത്. 

പണം തിരിച്ചടയ്ക്കാൻ സാവകാശം നൽകിയതിന്റെ ഫലമായാണു രതീശന് അവധിയിലിരിക്കെ തന്നെ ഈ മാസം 9ന് ബാങ്കിലെത്തി ലോക്കർ തുറന്ന് സ്വർണം തട്ടിയെടുക്കാൻ വഴിയൊരുക്കിയത്. അക്കാര്യം അന്നു തന്നെ അറി‍ഞ്ഞിട്ടും പൊലീസിൽ പരാതി നൽകിയില്ല. 13ന് ആണ് പ്രസിഡ‍ന്റ് കെ.സൂപ്പി പരാതി നൽകുന്നത്. സ്വർണം തട്ടിയെടുത്ത ഉടനെ പരാതി നൽകിയിരുന്നെങ്കിൽ കേരള ബാങ്കിന്റെ ശാഖകളിൽ പണയം വയ്ക്കാൻ എത്തുമ്പോൾ അവർ ശ്രദ്ധിക്കുകയും രതീശനെ മുങ്ങുന്നതിനു മുൻപു തന്നെ പിടികൂടാൻ സാധിക്കുകയും ചെയ്യുമായിരുന്നു.

സഹകരണ വകുപ്പിന്റെ വീഴ്ചകൾ
∙ സംഘത്തിന്റെ ചുമതലയുള്ള സഹകരണ ഇൻസ്പെക്ടറും അസി.റജിസ്ട്രാറും കൃത്യമായ ഇടവേളകളിൽ സഹകരണ സംഘങ്ങളിൽ പരിശോധന നടത്തണമെന്നാണു ചട്ടം. എന്തു കൊണ്ട് ഇത്രയും ഭീമമായ തട്ടിപ്പ് പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ല?. തട്ടിപ്പ് ആദ്യം തന്നെ കണ്ടെത്തിയിരുന്നെങ്കിൽ ആഴം കുറയ്ക്കാമായിരുന്നു.
∙ കേരള ബാങ്കിലെ കാഷ് ക്ര‍െഡിറ്റ് വായ്പയിൽ നിന്ന് 42 ലക്ഷം രൂപ 2 തവണയായി കഴിഞ്ഞ ദിവസം പിടിയിലായ കെ.അഹമ്മദ് ബഷീറിന്റെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തിഗത അക്കൗണ്ടിലേക്ക് ഭീമമായ തുക മാറുമ്പോൾ എന്തുകൊണ്ട് കേരള ബാങ്ക് അധികൃതർ ശ്രദ്ധിച്ചില്ല?.
∙ വലിയ തോതിൽ സ്വർണ പണയ വായ്പ അനുവദിക്കുന്ന സംഘം ആയിട്ടും ലോക്കറിന്റെ താക്കോൽ രതീശൻ ഒറ്റയ്ക്കാണു കൈകാര്യം ചെയ്തിരുന്നത്. എന്തുകൊണ്ട് ഇക്കാര്യം ശ്രദ്ധിച്ചു നടപടിയെടുത്തില്ല?.

ഭരണസമിതിയുടെ വീഴ്ചകൾ
∙സെക്രട്ടറി രതീശന്റെ ദുരൂഹ ഇടപാടുകൾ വർഷങ്ങൾക്കു മുൻപേ ശ്രദ്ധയിൽപ്പെട്ടിട്ടും കൂടുതൽ ജാഗ്രത കാണിച്ചില്ല എന്നതാണു ഭരണസമിതിയുടെ പ്രധാന വീഴ്ച. 2019ൽ ഇവിടെ പണയം വച്ച കാലാവധി കഴിഞ്ഞ സ്വർണം എടുത്ത് രതീശൻ മറിച്ചു വിൽക്കുകയും ഉടമസ്ഥനു ചെറിയ തുക മാത്രം നൽകുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്നു നീക്കിയത്. സംഘടനാതലത്തിൽ നടപടി എടുത്തതല്ലാതെ ഇദ്ദേഹത്തിന്റെ ഇടപാടുകൾ കൃത്യമായി പരിശോധിച്ചില്ല.

∙കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 4 വർഷം മുൻപ് സംഘത്തിന് ആസ്ഥാന മന്ദിരം നിർമിക്കാൻ മുള്ളേരിയയിൽ സ്ഥലം വാങ്ങാൻ ഭരണസമിതി തീരുമാനിച്ചു. എന്നാൽ ഭരണസമിതിക്കു മുൻപേ സ്ഥല ഉടമയുമായി ചർച്ച നടത്തി രതീശൻ 11 ലക്ഷം രൂപ കമ്മിഷൻ ഉറപ്പിച്ചു. ഇക്കാര്യം അറിഞ്ഞ സിപിഎം ഏരിയ നേതൃത്വം സ്ഥലം വാങ്ങാനുള്ള തീരുമാനം റദ്ദാക്കാൻ ഭരണ സമിതിയോടു പറയുകയും അവർ റദ്ദാക്കുകയും ചെയ്തു. ഇതിലും കൂടുതൽ നടപടിയുണ്ടായില്ല.
∙ സ്വർണപ്പണയ വായ്പയിൽ ക്രമക്കേട് കണ്ടെത്തിയ ശേഷവും പരാതി നൽകാതെ സാവകാശം അനുവദിച്ചു.

∙ അവധിയിലിരിക്കെ ബാങ്കിലെത്തിയ രതീശനു ലോക്കറിന്റെ താക്കോൽ ലഭിക്കാതിരിക്കാൻ ശ്രദ്ധിച്ചില്ല. പൊലീസിൽ പരാതി നൽകാനും വൈകി.
∙ സ്വർണ പണയ വായ്പയും പണയ സ്വർണവും പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പാക്കി 3 മാസത്തിലൊരിക്കൽ ഭരണസമിതി അസി.റജിസ്ട്രാർ ഓഫിസിൽ റിപ്പോർട്ട് നൽകണം. കഴിഞ്ഞ മാർച്ച് 31 നു നൽകിയ റിപ്പോർട്ട് പ്രകാരം സ്വർണപ്പണയ വായ്പയ്ക്കു തുല്യമായ സ്വർണം സംഘത്തിൽ ഉണ്ടെന്നാണ് പറയുന്നത്. പക്ഷേ ജനുവരി മാസം മുതലുള്ള വായ്പകളിൽ തന്നെ ക്രമക്കേട് നടന്നതായാണു ഇപ്പോഴത്തെ കണ്ടെത്തൽ. എങ്ങനെയാണു മാർച്ചിൽ നടന്ന ഭരണസമിതിയുടെ പരിശോധനയിൽ ഇല്ലാത്ത സ്വർണം ഉണ്ടെന്നു റിപ്പോർട്ട് നൽകിയത്?.

കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും സിപിഎം നേതാക്കളുടെ ശിഷ്യന്മാരായേനെ: ഉണ്ണിത്താൻ
കാസർകോട്∙കള്ളന്മാരായ കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ജില്ലയിലെ സിപിഎം നേതാക്കളുടെ കാൽക്കൽവീണ് ശിഷ്യന്മാരായേനെ എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കാറഡുക്ക അഗ്രികൾചർ വെൽഫെയർ സഹകരണ സംഘത്തിലെ തട്ടിപ്പിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജോയിൻ റജിസ്ട്രാർ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ നേതാക്കൾക്ക് തട്ടിപ്പിൽ പങ്കില്ലെങ്കിൽ ക്രൈബ്രാഞ്ചിനെ മാറ്റി അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപിക്കണം. 

കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് അന്വേഷിക്കണം. ഇ.ഡിയോ മറ്റ് ഏജൻസികളോ അന്വേഷിക്കണമെന്ന് പ്രഖ്യാപിക്കാനുള്ള ആർജവം മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, കെ.നീലകണ്ഠൻ, എം.സി.പ്രഭാകരൻ, കരുൺ താപ്പ, സോമശേഖര ഷേണി, സി.വി.ജയിംസ്, എം.കുഞ്ഞമ്പു നമ്പ്യാർ, വി.ആർ.വിദ്യാസാഗർ, പി.വി.സുരേഷ്, കെ.പി.പ്രകാശൻ, ഹരീഷ് പി.നായർ, സുന്ദര ആരിക്കാടി, ധന്യ സുരേഷ്, എ.ഗോവിന്ദൻ നായർ, ബി.എം.ജമാൽ, കെ.ഖാലിദ്, ഡിഎംകെ മുഹമ്മദ്, ലോകനാഥ് ഷെട്ടി, വി.ഗോപകുമാർ, ടി.ഗോപിനാഥൻ നായർ, കെ.വിഭക്തവത്സലൻ, ഉമേശൻ ബേളൂർ, മധുസൂദനൻ ബാലൂർ, കാർത്തികേയൻ പെരിയ, എ.വാസുദേവൻ, ദിവാകരൻ കരിച്ചേരി, കെ.വാരിജാക്ഷൻ, എം.ബലരാമൻ നമ്പ്യാർ, കേവീസ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com