ADVERTISEMENT

കാസർകോട്∙ മംഗളൂരു–കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ട്രെയിനിന്റെ (16355–16356 നമ്പർ)  കോച്ചുകൾ പകുതിയായി വെട്ടിക്കുറച്ചു. ഇതോടെ ദുരിതത്തിലായി യാത്രക്കാർ. വെള്ളി, ഞായർ ദിവസങ്ങളിൽ മംഗളൂരുവിൽ നിന്നു ആലപ്പുഴ വഴി കൊച്ചുവേളിയിലേക്കും വ്യാഴ്യം ശനി ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്നു മംഗളുരൂവിലേക്കുള്ള അന്ത്യോദയ എക്സ്പ്രസ് ഓട്ടം തുടങ്ങിയത് 2018 ജൂൺ  ഒൻപതിനായിരുന്നു. ആദ്യഘട്ടങ്ങളിൽ പതിനാറിലേറെ കോച്ചുകൾ ഉണ്ടായിരുന്ന ട്രെയിനിൽ കഴിഞ്ഞ ഞായർ രാത്രി കൊച്ചുവേളിയിലേക്ക് സർവീസ് നടത്തിയ ട്രെയിനിൽ യാത്രക്കാർക്കായി ഉണ്ടായിരുന്നത് എട്ടര കോച്ചുകളായിരുന്നു. അതിനാൽ ഈ ട്രെയിനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെയും റിസർവേഷൻ കിട്ടാതെയും തെക്കൻ ജില്ലകളിലേക്ക് പോകുന്ന യാത്രക്കാർക്കു ഏറെ ഉപകാരമാകുന്ന ട്രെയിൻ ആണ്. അടുത്തിടെയാണ് കോച്ചുകൾ വെട്ടിക്കുറയ്ക്കാൻ തുടങ്ങിയത്. കോച്ചുകൾ കുറച്ചതിനാൽ മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ കാസർകോട് നിന്നു തന്നെ യാത്രക്കാർ നിറഞ്ഞു കവിയുന്നു. കഴിഞ്ഞ ദിവസം ഈ ട്രെയിനിൽ കയറാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. കാസർകോട്ട് വിട്ടാൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ജംക‍്ഷൻ, ആലപ്പുഴ, കൊല്ലം എന്നീ സ്റ്റോപ്പുകൾ മാത്രമാണ് ഈ ട്രെയിനുള്ളത്. 

ജനപ്രതിനിധികൾ അറിഞ്ഞില്ലേ?
അൺ റിസർവ്ഡ് സിറ്റിങ് മാത്രമുമുള്ള അന്ത്യോദയ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ വെട്ടിച്ചുരുക്കിയത്  ജില്ലയിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും അറിഞ്ഞില്ലേ? ഈ ട്രെയിനു  കാസർകോട്ട് സ്റ്റോപ് അനുവദിക്കാത്തതിനെതിരെ ആദ്യഘട്ടത്തിൽ വൻ പ്രതിഷേധമാണ് വിവിധ സംഘടനകൾ ജില്ലയിൽ നടത്തിയത്. തിരുവനന്തപുരത്ത് നിന്നു മംഗളൂരുവിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ചങ്ങല വലിച്ച് കാസർകോട്ട് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കാളിയായിരുന്നു.

തിരുവനന്തപുരം ആർസിസി, മെഡിക്കൽ കോളജ്, സെക്രട്ടേറിയറ്റ്, കൊല്ലം  എന്നിവിടങ്ങളിൽ പോകുന്ന രോഗികൾ  അടക്കമുള്ള യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക് ചെയ്യാതെ ഇരുന്നു പോകാൻ പറ്റുന്ന ട്രെയിനാണിത്.രാത്രിയിൽ ഓടുന്ന ട്രെയിൻ ആയതിനാൽ സീറ്റുകൾ കിട്ടാത്തതിനാൽ സ്ത്രീ യാത്രക്കാർ ഏറെ പ്രയാസപ്പെടുന്നു.  ജില്ലയിൽ ജോലി ചെയ്യുന്ന തെക്കൻ ജില്ലകളിലെ ജീവനക്കാർ  നാട്ടിലേക്ക് പോകുന്നതിനായി വെള്ളിയാഴചകളിൽ ഏറെ ഉപയോഗിക്കുന്ന അന്ത്യോദയ എക്സ്പ്രസ് ട്രെയിനാണ്.

കൊച്ചുവേളിയിൽ നിന്നു വിട്ടു കൊല്ലത്ത് എത്തുമ്പോഴേക്കും ട്രെയിനുകൾ ഇപ്പോൾ നിറഞ്ഞു കവിയുന്നു.അതിനാൽ മറ്റു സ്റ്റേഷനുകളിൽ ഈ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് കയറാൻ പോലും സാധിക്കുന്നില്ലെന്നു യാത്രക്കാർ പറയുന്നു. മംഗളൂരു, ഉഡുപ്പി, സുള്ള്യ അടക്കമുള്ള കർണാടകയിലെ വിവിധ കോളജുകളിൽ  പഠിക്കുന്ന വിദ്യാർഥികളും ഏറെ ആശ്രയിക്കുന്നത് ഈ ട്രെയിനിനെയാണ്. ട്രെയിനുകളുടെ കോച്ചുകൾ വെട്ടിക്കുറച്ച പ്രശ്നത്തിൽ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഈ ട്രെയിനിലെ കോച്ചുകൾ മറ്റു ട്രെയിനുകളിലേക്കായി മാറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമമെന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com