ADVERTISEMENT

ചെമ്പനരുവി നമ്പ്യാർമഠത്തിൽ ലിസി എന്ന വീട്ടമ്മ പുലർച്ചെ 2 മണിയോടെ പുറത്തെന്തോ ശബ്ദം കേട്ടുകതകു തുറന്നു. നോക്കുമ്പോൾ ഉമ്മറപ്പടിക്കു മുന്നിൽ നിൽക്കുന്നു, കൂറ്റൻ കൊമ്പനാന! ഉമ്മറത്തുണ്ടായിരുന്ന പട്ടിക്കുട്ടി പേടിച്ചരണ്ടു നിൽക്കുന്നു. ആളിനെ കണ്ടതിന്റെ പേടിയില്ലാതെ മുറ്റത്തെ വാഴകൾ ഓരോന്നായി കൊമ്പൻ വലിച്ചുകീറി തിന്നു. തൊട്ടപ്പുറത്തെ ചോലയിൽനിന്നു വെള്ളവും കുടിച്ച് അവൻ കാടു കയറി.

  ചെമ്പനരുവി സ്വദേശിയുടെ ബൈക്ക് ആന ചവിട്ടി നശിപ്പിച്ച നിലയിൽ.
ചെമ്പനരുവി സ്വദേശിയുടെ ബൈക്ക് ആന ചവിട്ടി നശിപ്പിച്ച നിലയിൽ.

ചെമ്പനരുവിയിലെ കാര്യം മാത്രമല്ല ഇത്. കടശ്ശേരി ഗ്രാമത്തിലെ നാട്ടുകാർ രാവിലെ ഉറക്കമുണർന്നാൽ പ്രാർഥിക്കുന്നത് ആയുരാരോഗ്യ സൗഖ്യം തരണേ എന്നു മാത്രമല്ല, കൃഷിയൊക്കെ അതേപടി കാണണേയെന്നു കൂടിയാണ്... രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാട്ടുമ‍ൃഗങ്ങൾ വിളകൾ കട്ടുകൊണ്ടു പോകുമ്പോൾ, ഈ ഗ്രാമവാസികളുടെ പ്രതീക്ഷകളാണു കൊഴിയുന്നത്.

പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കടശ്ശേരി, വലിയകാവ്, പൂങ്കുളഞ്ഞി, വെള്ളംതെറ്റി, കുമരംകുടി, അറുകൊലക്കാവ്, പണ്ടാരക്കോൺ, ചെമ്പനരുവി, മുള്ളുമല, മഹാദേവർമൺ, കണ്ണയ്ക്കാമൺ, പെരുന്തോയിൽ തുടങ്ങിയിവിടങ്ങളിലെല്ലാം ആനയും പുലിയും കാട്ടുപന്നിയും കുരങ്ങനും മലയണ്ണാനും മയിലുമൊക്കെ വിഹരിക്കുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഗ്രാമവാസികളിൽ ചിലർ കൊല്ലപ്പെട്ടിട്ടുണ്ട്, പരുക്കേറ്റവർ ഇപ്പോഴും പേടിച്ചരണ്ടു കഴിയുന്നുണ്ട്... എത്രയോ പശുക്കളെയും ആടുകളെയും പുലി തിന്നിരിക്കുന്നു.

  പിറവന്തൂർ കടശ്ശേരി നിവാസികൾ വലിയകാവ്–ഉമ്മന്നൂർ ചതുപ്പ് റോഡിൽ.
പിറവന്തൂർ കടശ്ശേരി നിവാസികൾ വലിയകാവ്–ഉമ്മന്നൂർ ചതുപ്പ് റോഡിൽ.

കാട്ടിൽ ആഹാരം തീർന്നു തുടങ്ങിയെന്നു തോന്നുന്നു; ആനയും പന്നിയുമൊക്കെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഗ്രാമങ്ങളിലേക്കിറങ്ങുന്നു. നഷ്ടപരിഹാരമോ ജീവനു സുരക്ഷിതത്വമോ ഇല്ലാതെ പല ഗ്രാമങ്ങൾ ഇങ്ങനെ ആശങ്കയിൽ കഴിയുമ്പോൾ അധികൃതർ ഇതൊന്നും അറിഞ്ഞ മട്ടു കാണിക്കുന്നില്ല. നഷ്ടപരിഹാരം പോലും കൃത്യമായി നൽകാൻ നടപടിയില്ലാതായതോടെ പൊട്ടിത്തെറിയുടെ വക്കിലാണ് ഇവിടെ നാട്ടുകാർ.

  ആന നശിപ്പിച്ച കവുങ്ങിൻ തൈ
ആന നശിപ്പിച്ച കവുങ്ങിൻ തൈ

ആനച്ചൂരുള്ള നാട്ടുപാത

കാട്ടരുവികൾ ചിലങ്ക കെട്ടിയ ഗ്രാമമാണു കടശ്ശേരി. ആനത്താരകൾ തെളിഞ്ഞു കിടക്കുന്ന ഗ്രാമം. കാട്ടിനുള്ളിലൂടെ, നാടിനെ ചുറ്റിയൊഴുകുന്ന അരുവികളിലെ നിലയ്ക്കാത്ത ജലപ്രവാഹം ഗ്രാമത്തിന്റെ വരദാനമാണ്. അരുവി പകരുന്ന തണുപ്പും കാട് നൽകുന്ന പുതപ്പുമാണു ഗ്രാമവാസികളുടെ ജീവിതത്തിന്റെ അടയാളങ്ങൾ. ആ നനവിലാണ് അവരുടെ ജീവിതം തളിർക്കുന്നത്. പക്ഷേ, കാട്ടുമൃഗങ്ങളുടെ ശല്യം അവരുടെ ഉറക്കം കെടുത്തിയിട്ടു കാലങ്ങളെത്രയോ ആയി.

നാട്ടുകാർ ഇക്കഴിഞ്ഞ ദിവസവും കാട്ടാനയെ കണ്ടു. ആറോ ഏഴോ വരുന്ന കാട്ടാനക്കൂട്ടം വിളകൾ തിന്നും നശിപ്പിച്ചും മദിക്കുന്നു. 2 ദിവസം മുൻപ് അറുകൊലക്കാവ് പറങ്ങാവ്കൂട്ടിലും ആനക്കൂട്ടത്തെ കണ്ടു. തേങ്ങയും വാഴക്കുലയും വാഴയും മറ്റു കാർഷിക വിളകളുമൊക്കെ നശിപ്പിച്ചു.

തോലുരിഞ്ഞ മരങ്ങൾ

കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങി വിളകൾ നശിപ്പിക്കുന്നു. മരച്ചീനിയും കാച്ചിലും ചേനയുമൊക്കെ കുത്തിമറിച്ച് ആഘോഷിക്കുന്നു. അക്കേഷ്യാ മരങ്ങളെപ്പോലും ആന വെറുതെ വിടുന്നില്ല. അതിന്റെ തോലിളക്കി തിന്നശേഷം കടന്നുപോകും. തോലു പോയി നിൽക്കുന്ന റബർ മരങ്ങൾ വരെയുണ്ട്...

 കടശ്ശേരി വനത്തിലേക്കുള്ള റോഡ്
കടശ്ശേരി വനത്തിലേക്കുള്ള റോഡ്

പുലിയിറങ്ങും ഗ്രാമങ്ങൾ

പുലിപ്പേടിയിൽ കഴിയുകയാണ് ഇവിടെ ചില ഗ്രാമങ്ങൾ. മുള്ളുമല, കടശ്ശേരി, ചണ്ണയ്ക്കാമൺ, ചാലിയക്കര തുടങ്ങിയയിടങ്ങളിലൊക്കെ ശല്യമുണ്ട്. വീട്ടുമുറ്റത്തു കെട്ടിയിട്ട ആടുകൾ, പശുക്കൾ, നായ്ക്കൾ എന്നിവയെ പുലി കൊണ്ടുപോയിരിക്കുന്നു. ഒന്നര വർഷം മുൻപു വെള്ളംതെറ്റിയിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി വീണതു നാട്ടുകാരുടെ മനസ്സിലുണ്ട്.

വൈദ്യുതിയില്ലാത്ത വേലികൾ

മൃഗങ്ങളിൽ നിന്നു നാട്ടുകാരെയും വിളകളും സംരക്ഷിക്കാനെന്ന പേരിൽ കാടതിർത്തികളിൽ പലയിടത്തും സൗരോ‍ർജ വേലി സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ഒന്നിൽപ്പോലും വൈദ്യുതിയില്ലെന്നു നാട്ടുകാർ. വേലി സ്ഥാപിച്ച അന്നു മുതൽ അവ പ്രവർത്തിക്കാതായെന്നു കടശ്ശേരിയിലെ നാട്ടുകാർ പറയുന്നു. സൗരോർജ പാനലുകൾക്കൊപ്പം സ്ഥാപിച്ചിട്ടുള്ള ബാറ്ററി പര്യാപ്തമല്ലത്രെ. ചിലയിടങ്ങളിൽ വീടുകളിലാണു ബാറ്ററി വച്ചിട്ടുള്ളത്. അവ അധികൃതർ പിന്നീടു തിരിഞ്ഞു നോക്കിയിട്ടില്ല.

 മരത്തിന്റെ തൊലി ആന  വലിച്ചെടുത്തിരിക്കുന്നു.
മരത്തിന്റെ തൊലി ആന വലിച്ചെടുത്തിരിക്കുന്നു.

നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടത്

വന്യമൃഗങ്ങൾ വഴിയുണ്ടാകുന്ന കാർഷിക വിള നാശം, ആക്രണത്തിൽ പരുക്കേൽക്കുക, മരണം സംഭവിക്കുക എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലൂടെയോ, ഓൺലൈനിലൂടെയോ റേഞ്ച് ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്. റേഞ്ച് ഓഫിസർ അതതു ഫോറസ്റ്റ് സ്റ്റേഷനിലേക്കു കൈമാറും. റിപ്പോർട്ട് തയാറാക്കി വീണ്ടും റേഞ്ച് ഓഫിസിലെത്തുകയും പരിശോധനാ റിപ്പോർട്ട് സഹിതം ഡിഎഫ്ഒയ്ക്കു കൈമാറും. റിപ്പോർട്ടിൽ ഡിഎഫ്ഒ ഉചിത തീരുമാനമെടുത്ത് നഷ്ടപരിഹാരം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറും. അപേക്ഷിക്കുമ്പോൾ പൂർണരേഖ ഹാജരാക്കണം.

നഷ്ടപരിഹാരം ഇങ്ങനെ
∙വിള നാശം - 10 സെന്റിലെ പച്ചക്കറി- 220 രൂപ, ഒരു തെങ്ങ് നശിപ്പിച്ചാൽ-770 രൂപ, ടാപ്പ് ചെയ്യുന്ന റബർ-330 രൂപ, കുലച്ച വാഴ-110, പത്ത് സെന്റിലെ മഞ്ഞൾ-165 രൂപ.
∙പരുക്കേൽക്കുന്നവർക്ക്- കൂടിയ തുക ഒരു ലക്ഷം( മെഡിക്കൽ ബില്ലുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ഡിഎഫ്ഒ തുക നിശ്ചയിക്കും)
∙മരണം- കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചാൽ-10 ലക്ഷം രൂപ, വനത്തിനു പുറത്തു പാമ്പുകടിയേറ്റു മരിച്ചാൽ-2 ലക്ഷം. മറ്റ് മൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവർക്കും പരുക്കേൽക്കുന്നവർക്കും പ്രത്യേകം അനുവാദത്തോടെ സർക്കാർ നഷ്ടപരിഹാരം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com