ADVERTISEMENT

കൊല്ലം ∙ തക്കാളി അരക്കിലോ, സവാള ഒരു കിലോ, അരിപ്പൊടി അരക്കിലോ, പഞ്ചസാര അരക്കിലോ.... ദുബായിൽ നിന്നു മടങ്ങിയെത്തി വീട്ടിൽ നിരീക്ഷണ കാലയളവിൽ കഴിയുന്ന രാമൻകുളങ്ങര ശാന്തിനഗർ 98 പുല്ലുവിള വീട്ടിൽ മണിയമ്മ ഫോണിലൂടെ വീട്ടിലേക്കു വേണ്ടുന്ന അവശ്യ സാധനങ്ങളുടെ പട്ടിക പറഞ്ഞു കൊടുക്കുകയാണ്. മറുവശത്തു പരിചയമുള്ള ഏതെങ്കിലും പച്ചക്കറി - പലചരക്കു കടക്കാരനല്ല; കൊല്ലം വെസ്റ്റ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസർ അനിൽ കുമാറാണ്.

ഭർത്താവും ഭാര്യയും മാത്രമാണ് ആ വീട്ടിലുള്ളത്. വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ 60 വയസ് കഴിഞ്ഞ ദമ്പതികൾ മാത്രമായി കഴിയുന്ന 4 വീടുകളിൽ ഇത്തരത്തിൽ സഹായം എത്തിക്കുന്നുണ്ടെന്നു സിറ്റി ജനമൈത്രി പൊലീസ് അസി. നോഡൽ ഓഫിസറായ സുനിൽ പറഞ്ഞു. കലക്ടറേറ്റിനു സമീപമുള്ള ഹരിത സ്റ്റാൾ, അഞ്ചുകല്ലുംമൂട്ടിലെ നാടൻ പച്ചക്കറിക്കട എന്നിവിടങ്ങളിൽ നിന്നാണ് സാധനങ്ങൾ വാങ്ങുക. പണം പ്രതീക്ഷിക്കാതെയാണ് ഇതു ചെയ്യുന്നത്.

എന്നാൽ സാധനങ്ങളും ബില്ലും ഏൽപിക്കുമ്പോൾ തുക നിർബന്ധപൂർവം നൽകുന്നവരുമുണ്ട്. വിളിച്ചു പറഞ്ഞു കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിയെന്നു സുകുമാരനും മണിയമ്മയും പറഞ്ഞു. മാത്രമല്ല പലചരക്കു സാധനങ്ങൾ വാങ്ങാനായി സമീപത്തെ ഒരു കടയുടെ ഫോൺ നമ്പറുള്ള കാർഡും പൊലീസ് നൽകിയതായി അവർ പറഞ്ഞു.

സാധനങ്ങളുടെ പട്ടിക വാങ്ങുക മാത്രമല്ല ആരോഗ്യ പ്രവർത്തകർ എത്താറുണ്ടോ വിളിക്കുന്നുണ്ടോ എന്ന കാര്യങ്ങളും പൊലീസ് തിരക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്തു കാർക്കശ്യത്തിന്റെ വടി മാത്രമല്ല കരുതലിന്റെ നപടിയെടുക്കാനും കഴിയുമെന്നു തെളിയിക്കുകയാണു നമ്മുടെ പൊലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com