ADVERTISEMENT

കൊല്ലം∙ ജില്ലയിൽ 8 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 71 ആയി. ഇതിൽ 25 പേർ രോഗവിമുക്തരായി. കുവൈത്തിൽ നിന്നെത്തിയ പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശിയായ യുവതി (28), ഇവരുടെ ഒരു വയസ്സുള്ള മകൻ, അബുദാബിയിൽ നിന്നെത്തിയ ചവറ കരിത്തുറ സ്വദേശി (39), ദുബായിൽ നിന്നെത്തിയ തൃക്കോവിൽവട്ടം മുഖത്തല സ്വദേശി (50), അബുദാബിയിൽ നിന്നെത്തിയ പത്തനാപുരം കുണ്ടയം സ്വദേശി (41),  സൗദി അറേബ്യയിൽ നിന്നെത്തിയ കരുകോൺ അലയമൺ സ്വദേശി (32),  ദുബായിൽ നിന്നെത്തിയ പട്ടാഴി സ്വദേശിയായ യുവതി, മാല ദ്വീപിൽ നിന്നു കപ്പലിൽ എത്തിയ കൊട്ടാരക്കര വെട്ടിക്കവല പനവേലി സ്വദേശിനി (35) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 

പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശിയായ യുവതിയും മകനും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ടാക്സിയിൽ വീട്ടിലെത്തുകയായിരുന്നു. യുവതിയുടെ ഭർത്താവിനു നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കരിത്തുറ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു കെഎസ്ആർടിസി ബസിൽ പാരിപ്പള്ളിയിലെത്തി അവിടെ സ്ഥാപന നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മുഖത്തല സ്വദേശിയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു കെഎസ്ആർടിസി ബസിൽ പാരിപ്പള്ളിയിലെത്തി നിരീക്ഷണത്തിലായിരുന്നു. 

പത്തനാപുരം കുണ്ടയം സ്വദേശി തിരുവനന്തപുരം വഴിയാണ് എത്തിയത്. അലയമൺ സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പട്ടാഴി സ്വദേശിനിയായ യുവതി ഗർഭിണിയാണ്. രോഗം സ്ഥിരീകരിച്ച ഇവർ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

മാലദ്വീപിൽ നിന്നെത്തിയ വെട്ടിക്കവല സ്വദേശിനി കെഎസ്ആർടിസി ബസിൽ കൊല്ലത്തെത്തി സ്ഥാപന നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയെങ്കിലും ഇതേ കപ്പലിലെ മറ്റൊരു യാത്രക്കാരനു രോഗം സ്ഥിരീകരിച്ചതോടെയാണ് ഇവരുടെയും സ്രവം പരിശോധനയ്ക്കെടുത്തത്. ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയെങ്കിലും 29 നു നെഗറ്റീവ് ആയതോടെ ഓട്ടോറിക്ഷയിൽ വീട്ടിലേക്കു വിട്ടു. 30 ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചതനുസരിച്ചു വീണ്ടും പരിശോധനയ്ക്കു വിധേയയായപ്പോഴാണു പോസിറ്റീവ് ആയത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com