ADVERTISEMENT

കൊല്ലം ∙ ‘ഒന്നു ഞാൻ പറയാം, എന്റെ രാജൻപിള്ളയുടെ മരണത്തിനു പിന്നിലെ നിർണായക തെളിവുമായി എന്നെങ്കിലും ഒരാൾ വരും. അതുവരെ നീതിക്കു വേണ്ടി ഞാൻ പോരാടിക്കൊണ്ടിരിക്കും. എന്റെ മരണം വരെയെങ്കിൽ അങ്ങനെയും..’ ലോകമെങ്ങും ‘ബിസ്കറ്റ് രാജാവ്’ എന്നു പേരെടുത്ത രാജൻപിള്ള ഡൽഹി തിഹാർ ജയിലിൽ മരിച്ചിട്ട് ഇന്ന് 25 വർഷമാകുമ്പോൾ അതിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനുള്ള നിയമയുദ്ധത്തിലാണു ഭാര്യ നീന പിള്ള.

ബ്രിട്ടാനിയ ബിസ്കറ്റ് കമ്പനി ചെയർമാനായിരുന്ന രാജൻപിള്ള തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ 1995 ജൂലൈ ഏഴിനാണ് മരിച്ചത്. രാജൻപിള്ളയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നു പാർലമെന്റിൽ വരെ ചർച്ചയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല . ‘ഡൽഹി ഹൈക്കോടതി 10 ലക്ഷം രൂപയാണ് എന്റെ ഭർത്താവിന്റെ മരണത്തിനു നഷ്ടപരിഹാരമായി നൽകിയത്. അതു ഞാൻ കേരളത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്കായി ചെലവഴിച്ചു.

നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി വർഷങ്ങൾ കഴിഞ്ഞിട്ടും തീർപ്പാകാതെ കിടക്കുന്നു. - നീന പറയുന്നു. കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായി ജനാർദനൻപിള്ളയുടെ മൂത്തമകനായ രാജൻപിള്ള ടികെഎം എൻജിനീയറിങ് കോളജിൽനിന്നു ബിരുദം നേടിയ ശേഷമാണ് വ്യവസായ രംഗത്തേക്കു കടന്നത്. അച്ഛന്റെ ആഗ്രഹപ്രകാരം വ്യവസായസംരംഭം എന്ന ആശയുമായി 1973ൽ സിംഗപ്പൂരിൽ എത്തി.

അവിടെ ട്വന്റിയത്ത് സെഞ്ചുറി ഫുഡ് കമ്പനിയുമായി ചേർന്ന് ആദ്യ ഉദ്യമത്തിനിറങ്ങിയ പിള്ള ചുരുങ്ങിയ കാലത്തിനുള്ളിൽ ബിസ്കറ്റ് രാജാവ് എന്ന കീർത്തി നേടി. ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ചെയർമാനായിരിക്കെ കമ്പനിയുടെ പണം മറ്റു കമ്പനികളിലേക്കു മാറ്റിയെന്ന കേസിനെത്തുടർന്നു സിംഗപ്പൂർ വിടേണ്ടി വന്ന അദ്ദേഹത്തെ 1995 ജൂലൈ 4നു ഡൽഹിയിലെ ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്യകയായിരുന്നു. കരൾരോഗം ഉണ്ടായിരുന്ന അദ്ദേഹം വിദഗ്ധ ചികിത്സയ്ക്ക് അപേക്ഷ നൽകിയെങ്കിലും ജയിലിൽ കൊടിയ പീഡനത്തിനിരയായി മൂന്നാം നാൾ മരിച്ചു.

രാജനെ ചികിൽസിക്കുന്നതിൽ ജയിൽ അധികൃതരും ഡോക്ടർമാരും ഗുരുതര അനാസ്ഥ കാട്ടിയെന്നു മരണം അന്വേഷിച്ച ലീലാ സേത്ത് കമ്മിഷൻ കണ്ടെത്തിയിരുന്നു. ‘രാജന്റെ മരണം കൊലപാതകം തന്നെയാണ്. അതിനു പിന്നിലൊരു ലക്ഷ്യമുണ്ടെന്നു വ്യക്തമാണ്. അതിനു പിന്നിൽ ആരൊക്കെയായിരുന്നെന്നും വ്യക്തമാണ്. പക്ഷേ കാൽ നൂറ്റാണ്ടായിട്ടും നീതി മാത്രം ഉണ്ടാകുന്നില്ല. ഇതുസംബന്ധിച്ച കേസും തുടരുകയാണ്.

2001ൽ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും അധികം വൈകാതെ അന്വേഷണോദ്യോഗസ്ഥനെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയാണ് അജ്ഞാതശക്തികൾ കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമിച്ചത്’- നീന പറയുന്നു. രാജൻപിള്ള മെമ്മോറിയൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ സജീവമായ നീന 1996ൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു. മക്കളായ കൃഷ്ണയ്ക്കും ശിവയ്ക്കുമൊപ്പം ഡൽഹിയിലാണു താമസം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com