ADVERTISEMENT

കൊട്ടാരക്കര∙ അറ്റകുറ്റപ്പണികളില്ല. വെട്ടിക്കവല കൊട്ടാരം തകരുന്നു. മേൽക്കൂരയുടെ പല ഭാഗങ്ങളും അടർന്നു വീണു തുടങ്ങി. പരിസരം മുഴുവൻ കാട് കയറി നശിക്കുന്നു. തിരുവിതാംകൂർ രാജകുടുംബ ചരിത്രത്തിന്റെ ഭാഗമാണ് വെട്ടിക്കവല കൊട്ടാരം. നാട് സന്ദർശിക്കാനെത്തുന്ന രാജാക്കൻമാരും പരിവാരങ്ങളും കൊട്ടാരത്തിൽ ദിവസങ്ങളോളം തങ്ങി സമീപത്തെ വെട്ടിക്കവല മഹാക്ഷേത്രങ്ങളിലും ദർശനം നടത്തിയാണ് മടങ്ങുന്നത്. ക്ഷേത്രത്തിലേക്ക് പോകാൻ കൊട്ടാരത്തിൽ നിന്ന് തുരങ്കം വഴി പ്രത്യേക സംവിധാനവും ഉണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.

പൗരാണികതയുടെ പെരുമയുള്ള പാറക്കെട്ടുകളും പാറക്കുളങ്ങളും നശിച്ചു. നവീകരണത്തിലൂടെ വീണ്ടെടുക്കാൻ കഴിയും. മൂന്ന് ഏക്കറോളം സ്ഥലം ഉണ്ട്.ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണ് കൊട്ടാരവും സ്ഥലവും. സമീപത്ത് ദേവസ്വം ബോർഡിന്റെ സെൻട്രൽ സ്കൂളും പ്രവർത്തിക്കുന്നു. കൊട്ടാരം നശിച്ചുപോകാതിരിക്കാൻ നേരത്തേ ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പത്ത് വർഷത്തിലേറെയായി അറ്റകുറ്റപ്പണികളില്ല. കലാഗ്രാമമാണ് വെട്ടിക്കവല. ക്ഷേത്ര കലകൾക്ക് പ്രാധാന്യം നൽകുന്നു. നൂറു കണക്കിന് കലാകാരൻമാരുടെ നാട്. കൊട്ടാരം നവീകരിച്ച് കലാപഠന കേന്ദ്രം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മ്യൂസിയമായി മാറ്റാനും കഴിയും. ദേവസ്വം ബോർഡ് തയാറാകണം.

ചരിത്ര സ്മാരകമായ വെട്ടിക്കവല കൊട്ടാരം സംരക്ഷിക്കാൻ നടപടി വേണം. കൊട്ടാരത്തിന്റെ പല ഭാഗങ്ങളും കാലഹരണപ്പെട്ടു. അറ്റകുറ്റപ്പണി നടത്തി കലാക്ഷേത്രമാക്കണം. ‌
വെട്ടിക്കവല കെ.എൻ.ശശികുമാർ, പ്രശസ്ത നാദസ്വര വിദ്വാൻ

എല്ലാത്തരം കലകളും അഭ്യസിപ്പിക്കുന്ന കലാക്ഷേത്രമാക്കി കൊട്ടാരം മാറ്റണം. ദേവസ്വം ബോർഡിന് പുറമെ നാട്ടുകാരുടെയും സംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയ്ക്ക് രൂപം നൽകണം. പൈതൃക സ്മാരകമാക്കാൻ നടപടി വേണം. ചരിത്ര മ്യൂസിയമാക്കാനും സൗകര്യം ഉണ്ട്. ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള പഴയ വാദ്യോപകരണങ്ങളും പുരാവസ്തുക്കളും സൂക്ഷിക്കാനാകും.
വെട്ടിക്കവല എം.ബാലചന്ദ്രൻ, (സെക്രട്ടറി, ദേശസേവാസമിതി വായനശാല പ്രസിഡന്റ്)

പൗരാണികത നഷ്ടപ്പെടാതെ കൊട്ടാരം പുനരുദ്ധാരണം നടത്തണം. ഒട്ടേറെ മുറികളും വിശാലമായ സൗകര്യങ്ങളും കൊട്ടാരത്തിന് ഉണ്ട്. ദേവസ്വം ബോർഡിന്റെ സഹായത്തോടെ നാട്ടുകാരുടെ കൂട്ടായ്മ ഉണ്ടാകണം
എസ്.ഗിരീഷ്കുമാർ, ( മുൻ വെട്ടിക്കവല ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്)

ശ്രീമൂലം തിരുനാൾ മഹാരാജാവിന് താൽക്കാലികമായി താമസിക്കാൻ ഒരുക്കിയ കൊട്ടാരം ആണിത്. ഹാളും ഒട്ടേറെ മുറികളും ഉണ്ട്. പോർച്ചുഗലിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് ഉപയോഗിച്ചാണ് ജന്നലുകൾ നിർമിച്ചത്. ചരിത്ര പ്രാധാന്യം ഉള്ള വെട്ടിക്കവല കൊട്ടാരം സംരക്ഷിക്കണം. ദേവസ്വം ബോർഡിന്റെ അധീനതയിൽ നില നിർത്തി പദ്ധതികൾ തയാറാക്കണം..
പി.കെ.രാമചന്ദ്രൻ, (റിട്ട.പ്രിൻസിപ്പൽ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com