ADVERTISEMENT

ജന്മം കൊണ്ടു കൊല്ലത്തുകാരനായ കാഥികനും കർമ്മം കൊണ്ട് ഇന്നാട്ടുകാരനായ നാടക കലാകാരനും കഥകളി സംഗീതകാരനും കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം. കാഥികൻ ഡോ.വസന്തകുമാർ സാംബശിവനും നാടക കലാകാരൻ കാഞ്ഞിപ്പുഴ ശശിയും കഥകളി വിദ്വാൻ കലാമണ്ഡലം രാജശേഖരനും സംഗീതജ്ഞൻ ആനയടി പ്രസാദുമാണു പുരസ്കാര നിറവിൽ നിൽക്കുന്നവർ.

ഈ ആദരം കഥാപ്രസംഗ കലയ്ക്ക്

Kollam News

ഗുരുതുല്യനായ പിതാവിന്റെ പാത പിന്തുടർന്നതിനുള്ള അർഹിക്കുന്ന അംഗീകാരമാണു ഡോ.വസന്തകുമാർ സാംബശിവനു സംഗീത നാടക അക്കാദമി പുരസ്കാരം. അനശ്വര കാഥികൻ വി.സാംബശിവന്റെ മകനാണു കാഥിക ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന അദ്ദേഹം. ഈ അവസരത്തിൽ തന്നെ ഇത്തരത്തിൽ അംഗീകാരം തേടിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് വസന്തകുമാർ സാംബശിവൻ പറഞ്ഞു. കൊല്ലം എസ്എൻ കോളജിൽ രസതന്ത്രം അധ്യാപകനായി ജോലി ചെയ്യുമ്പോൾ 1996ൽ സാക്ഷാൽ സാംബശിവൻ തന്നെയാണു കഥ പറച്ചിലിന്റെ ഓഹരി പങ്കുവച്ചത്. 25 കൊല്ലമായി അയ്യായിരത്തിലേറെ വേദി പിന്നിട്ട അദ്ദേഹം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കഥാപ്രസംഗ കോഴ്സിലെ ഗെസ്റ്റ് ലക്ചററുമാണ്.അച്ചടക്കത്തോടെ കേട്ടിരുന്ന് ആസ്വദിക്കേണ്ട കലാരൂപമായ കഥാപ്രസംഗത്തിന് ഇടക്കാലത്ത് ഒരു ഇടിവു വന്നിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. രാഷ്ട്രീയ - സാംസ്കാരിക സാഹചര്യങ്ങൾ നൽകിയ പിന്തുണയാണ് ഈ കലാരൂപത്തെ ജനകീയവൽക്കരിച്ചത്. എന്നാലിപ്പോൾ ആ രണ്ടു സാഹചര്യങ്ങൾക്കും മാറ്റമുണ്ടായി. ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം മേലൂട്ട് വീട്ടിൽ ജനിച്ച വസന്തകുമാർ ഇപ്പോൾ കൊല്ലത്താണു താമസം. ലീനയാണ് ഭാര്യ. സമ്പത്ത്, ജീവൻ എന്നിവർ മക്കൾ.

ഊർജംനിറയ്ക്കുന്ന അംഗീകാരം

Kollam News

വള്ളികുന്നം കാഞ്ഞിപ്പുഴയിൽ ജനിച്ച് എട്ടാം വയസ്സിൽ മാതാപിതാക്കളുടെ വിയോഗ വ്യഥയേറ്റുവാങ്ങി പിന്നീടു കൊല്ലം രാമൻകുളങ്ങര മരുത്തടിയിലെത്തിയ അനാഥബാല്യം അരങ്ങിൽ തിളങ്ങിയ കഥയാണു കാഞ്ഞിപ്പുഴ ശശി (65)യുടേത്. പടിഞ്ഞാറെ കൊല്ലത്തെ അമച്വർ നാടകസംഘമായിരുന്ന ആർട്സ് സെന്ററിന്റെ 'യവഭൂതി'യിൽ ശങ്കരപ്പിള്ള എന്ന കുശിനിക്കാരന്റെ വേഷത്തിലെത്തുമ്പോൾ പ്രായം 15.പിന്നീടു 10 കൊല്ലം വിവിധ സംഘങ്ങളിലായി അമച്വർ നാടക വേദിയിൽ തിളങ്ങി. സിനി സിത്താരയുടെ 'ധർമ്മയുദ്ധം' എന്ന നാടകത്തിൽ സംവിധാനം, നായകവേഷം, മേക്കപ്പ്, സെറ്റ് രൂപകൽപന എന്നിവയെല്ലാം ശശി തന്നെയാണു ചെയ്തത്. 1974ൽ പ്രഫഷനൽ നാടക രംഗത്തേക്ക് എത്തി. രാഗമാലിക, സൃഷ്ടി തിയറ്റേഴ്സ്, കൊച്ചിൻ സംഘമിത്ര, അതുല്യ, യവന തുടങ്ങി വിവിധ സമിതികളിലായി ഒട്ടേറെ കഥാപാത്രങ്ങളായി വേഷമിട്ടു.2006ൽ കൊല്ലം അരീനയുടെ 'അക്ഷയ ജ്യോതിസ്' എന്ന നാടകത്തിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഇതിനു പിന്നാലെ ഭാര്യ രമണിയുടെ മരണം. കഥാപാത്രങ്ങളായി പകർന്നാടിയ ശരീരം ക്രമേണ രോഗങ്ങൾക്കു മുന്നിൽ തല കുനിച്ചു. ഇതോടെ നാടകവേദിയിൽ നിന്നു വിടവാങ്ങി. നാടക രചയിതാവ് ഫ്രാൻസിസ് ടി.മാവേലിക്കരയാണ് അക്കാദമി അവാർഡ് വിവരം വിളിച്ചറിയിച്ചത്. അരങ്ങിൽ നിന്നു വിട്ടു നിൽക്കുമ്പോഴും പുതിയൊരു വേഷപ്പകർച്ചയ്ക്കുള്ള ഊർജം നിറയ്ക്കുന്ന സന്തോഷമാണു തോന്നിയതെന്നു കാഞ്ഞിപ്പുഴ ശശി പറഞ്ഞു.കോവിഡ് കാലത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു തിരികെയെത്തിയ മകൻ ശരത് ലാലിനൊപ്പം തിരുവനന്തപുരം കവടിയാറിൽ വാടക വീട്ടിൽ കഴിയുകയാണ് ഈ കലാകാരൻ. ഒരു മകൾ കൂടിയുണ്ട് ശാരിക.

ആനയടിയുടെ പാട്ടുകാരൻ

Kollam News

കണ്ണും മനവും നിറയ്ക്കുന്ന പൂരവും വീട്ടകങ്ങളിലെ നാദതാള സമന്വയവും ആഡംബരമാക്കിയ ആനയടി ഗ്രാമത്തിന് സംസ്ഥാന സംഗീതനാടക അക്കാദമിയുടെ ആദരം. അയ്യായിരത്തിലധികം വേദികളിൽ പാട്ടിന്റെ പാലാഴി തീർത്ത ആനയടി പ്രസാദിലൂടെയാണ് സംഗീതഗ്രാമത്തിലേക്ക് പുരസ്കാരം എത്തുന്നത്. ആനയടി ചെറുകണ്ടാളത്തിൽ വീട്ടിൽ സഹോദരങ്ങളും മക്കളും ഒന്നിച്ചാൽ പിന്നെയുള്ള ദിനരാത്രങ്ങൾ നവരാത്രിയാകും. കൊല്ലം അഞ്ചുകല്ലുംമൂട് രസികപ്രിയയിൽ താമസമാക്കിയ ആനയടി പ്രസാദ് പാരമ്പര്യമായി കിട്ടിയ സംഗീത സമ്പാദ്യം തലമുറകളിലേക്ക് പകർന്നു നൽകാൻ അമ്മ ഭാമിനിയുടെ പേരിൽ കൊല്ലത്തും കൊട്ടാരക്കരയിലും കലാ പഠനകേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ആദ്യ ഗുരുവായ ജ്യേഷ്ഠൻ കെ.എസ്.പങ്കജാക്ഷന് അച്ഛൻ നാരായണന്റെ പേരിൽ ആനയടിയിൽ പഠനകേന്ദ്രമുണ്ട്. മക്കളായ ബിനുകൃഷ്ണൻ മൃദംഗത്തിലും ഹരിറാം വയലിനിലും ജ്യേഷ്ഠന്റെ മകൾ ധനലക്ഷ്മി പാട്ടിലും വിസ്മയങ്ങൾ തീർക്കുന്നവരാണ്.

പൊൻതിളക്കത്തിൽ കഥകളി ആചാര്യൻ

     സ്ത്രീ വേഷത്തിൽ  അരങ്ങിലെത്തിയ കലാമണ്ഡലം രാജശേഖരൻ.
സ്ത്രീ വേഷത്തിൽ അരങ്ങിലെത്തിയ കലാമണ്ഡലം രാജശേഖരൻ.

ആട്ടവിളക്കിനു മുന്നിൽ സ്ത്രീ സൗന്ദര്യത്തിന്റെ ഭാവപ്പകർച്ചയിലൂടെ നിറഞ്ഞാടിയ കഥകളി ആചാര്യനു അംഗീകാരത്തിന്റെ പൊൻ തിളക്കം. അരനൂറ്റാണ്ടായി കഥകളി രംഗത്തുള്ള പോരേടം തത്വമസിയിൽ കലാമണ്ഡലം രാജശേഖരനു കേരള സംഗീത നാടക അക്കാദമി അവാർഡാണു ലഭിച്ചത്. പന്ത്രണ്ടാം വയസ്സിൽ അർക്കന്നൂരിലെ ബന്ധുവീട്ടിലെ കളരിയിലാണു കഥകളി അഭ്യസിച്ചു തുടങ്ങിയത്. കാർത്തികപ്പള്ളി കുട്ടപ്പണിക്കർ, ഓയൂർ കൊച്ചുഗോവിന്ദപിള്ള എന്നിവർ അധ്യാപകരായി. 1969ൽ കലാമണ്ഡലത്തിൽ പ്രവേശിച്ചു. ഇവിടെ എട്ടു വർഷം മടവൂർ വാസുദേവൻനായരുടെ ശിഷ്യനായി കഥകളി അഭ്യസിച്ച ഇദ്ദേഹം കലാമണ്ഡലം പ്രിൻസിപ്പലായാണു വിരമിച്ചത്. അയ്യായിരത്തോളം വേദികളിൽ ഇതുവരെ കഥകളി അവതരിപ്പിച്ചു. അമേരിക്ക, റഷ്യ, യൂറോപ്പ്, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ കഥകളി അവതരിപ്പിച്ചു. എംകെകെ നായർ അവാർഡ്, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ് തുളസീവനം, ഗുരുചെങ്ങന്നൂർ, നാട്യരത്നം പുരസ്കാരങ്ങളും ലഭിച്ചു. കലാമണ്ഡലത്തിൽ നിന്നു കൂടിയാട്ടത്തിന്റെ മേധാവിയായി വിരമിച്ച കലാമണ്ഡലം ശൈലജയാണ് ഭാര്യ. മക്കൾ: ശരത് ചന്ദ്രൻ, കലാമണ്ഡലം വൈശാഖ്. മരുമക്കൾ: ലിനി ശരത്ത്, കലാമണ്ഡലം ധന്യ. തൃശൂർ ചെറുതുരുത്തി ശ്രീരാജശൈലത്തിൽ താമസിക്കുന്ന ഇദ്ദേഹം ഇപ്പോൾ കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രഫസറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com