ADVERTISEMENT

ഉമ്മൻചാണ്ടിയോടൊപ്പം കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന മുൻ കെപിസിസി പ്രസിഡന്റ് വി.പത്മരാജൻ അദ്ദേഹത്തെക്കുറിച്ച്...

ഒരിക്കലും ദേഷ്യപ്പെടാത്ത, ആരോടും ‘ നോ’ പറയാത്ത അപൂർവമായ സിദ്ധിയാണ് ഉമ്മൻചാണ്ടി. രാഷ്ട്രീയ എതിരാളികളെ പോലും ഒരിക്കലും വ്യക്തിപരമായി ആക്രമിക്കില്ല. ആ മാന്യത അദ്ദേഹത്തിനു മറ്റുള്ളവരിൽ നിന്നു പക്ഷേ ലഭിച്ചിട്ടില്ല. നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും വ്യക്തിപരമായ കാലുഷ്യമോ വിദ്വേഷമോ ഉമ്മൻചാണ്ടിക്കില്ല. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തർക്കമുണ്ടായത്. ധനകാര്യ മന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി രാജിവച്ചു. ബജറ്റ് അവതരിപ്പിക്കേണ്ട സമയം അടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ധനകാര്യ വകുപ്പ് ഞാൻ ഏറ്റെടുത്തു. ബജറ്റ് അവതരിപ്പിക്കുന്നതിന് ഉമ്മൻചാണ്ടി എല്ലാ പിന്തുണയും നൽകി. അസാധാരണമായ ഒരനുഭവമായിരുന്നു അത്.

ലീഡർ കരുണാകരൻ അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ മറ്റൊരു അനുഭവം ഉണ്ടായി. ലീഡർക്ക് അസുഖം ബാധിച്ചപ്പോൾ മുതൽ ഉമ്മൻചാണ്ടിയാണു നിയമസഭാ കക്ഷി നേതാവ്. എന്നാൽ കരുണാകരൻ അമേരിക്കയിൽ പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല നൽകിയത് എനിക്കാണ്. ഉമ്മൻചാണ്ടി നിയമസഭാ നേതൃസ്ഥാനം രാജിവച്ചു. നിയമസഭാ സമ്മേളനത്തിൽ സഭാനേതാവ് ഇല്ലാത്ത അവസ്ഥയാകും. ചുമതല ഏറ്റെടുക്കാൻ കെ.കരുണാകരൻ എന്നെ അറിയിച്ചു. ഫാക്സ് മുഖേനയാണ് കരുണാകരൻ സന്ദേശം നൽകിയത്. അപ്പോഴും ഒരു കാലുഷ്യവും ഉമ്മൻചാണ്ടിക്ക് എന്നോട് ഇല്ലായിരുന്നു. നിയമസഭാ സമ്മേളനത്തിൽ ഉമ്മൻചാണ്ടിയെക്കൊണ്ടു രാജിയുടെ കാരണം പറയിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അവർ പരാജയപ്പെട്ടു. 

പിന്നീട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ പ്ലാനിങ് ബോർഡിന്റെ വൈസ് ചെയർമാൻ ആയി എന്നെ നിയമിച്ചു. വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്.ഫയൽ സംബന്ധിച്ചു തീരുമാനം എടുക്കുന്നതിൽ അസാമാന്യ വേഗമാണ്. ധനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന എല്ലാ ഫയലുകളും പെട്ടെന്നു തീരുമാനമെടുത്ത് തിരികെ വരുമായിരുന്നു. ഒരിക്കൽ കൊല്ലം ഗെസ്റ്റ് ഹൗസ് വളപ്പിൽ ഞാൻ പതിവു പ്രഭാതസവാരിക്ക് എത്തിയപ്പോൾ മുഖ്യമന്ത്രി അവിടെയുണ്ടെന്ന് അറിഞ്ഞു. കാവലിനു പൊലീസ് ഇല്ല. ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ എത്തുമ്പോൾ ഫയൽ നോക്കുകയാണ്. രാവിലെ 6 മണിയാണ് അപ്പോൾ ! ജനങ്ങൾക്കും രാജ്യത്തിനും അനുകൂലമായാണ് എപ്പോഴും അദ്ദേഹത്തിന്റെ തീരുമാനങ്ങൾ . പ്രവർത്തകരോടൊപ്പം എപ്പോഴും അദ്ദേഹം ഉണ്ടാകും. 

ഞാൻ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നപ്പോൾ കൊല്ലത്ത് കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി ജയിലിൽ ആയി. അന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആണ് ഉമ്മൻചാണ്ടി. അദ്ദേഹം നേരിട്ടെത്തിയാണ് ജാമ്യം എടുത്തത്. പ്രവർത്തകരുടെ സ്നേഹവും വിശ്വാസവും ആർജിച്ചതാണ് അദ്ദേഹത്തിന്റെ കരുത്ത്. പുതുപ്പള്ളിയിൽ മാത്രമല്ല അദ്ദേഹത്തിന് ആരാധകർ ഉള്ളത്. കേരളത്തിൽ എല്ലായിടത്തും. അനുയായിവൃന്ദമുണ്ട്. സ്േനഹവും മനുഷ്യത്വപൂർണമായ പ്രവർത്തനവും കൊണ്ടാണ് അതു നേടിയത്. കഴിയുന്ന സഹായം എല്ലാം ചെയ്യും. അസാമാന്യ വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com