ADVERTISEMENT

തെന്മല∙ ആചാരപ്പെരുമയിൽ ആര്യങ്കാവ് ധർമ ശാസ്താ ക്ഷേത്രത്തിലെ പാണ്ഡ്യൻമുടിപ്പ്(വിവാഹ നിശ്ചയം) ചടങ്ങ് നടന്നു. വധൂവരൻമാരായ ദേവന്റെയും ദേവിയുടെയും ആൾക്കാർ പരസ്പരം പണക്കിഴിയും പട്ട് വസ്ത്രങ്ങളും കൈമാറി വിവാഹം നിശ്ചയിച്ച് ഉറപ്പിക്കുന്ന ചടങ്ങാണ് പാണ്ഡ്യൻ മുടിപ്പ്. വധുവിന്റെ കൂട്ടരായി സൗരാഷ്ട്ര ബ്രാഹ്മണരും വരന്റെ ആൾക്കാരായി ദേവസ്വം ബോർഡും നാട്ടുകാരുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

കൊട്ടാരത്തിൽ തയാറാക്കിയ മണ്ഡപത്തിൽ ഇരുകൂട്ടരും ഇരുന്ന ശേഷം ദേവന്റെ പിതൃസ്ഥാനത്തുള്ള രാജാവിന്റെ ചിത്രംവെച്ച് സാന്നിധ്യപ്പെടുത്തി. ഇതോടൊപ്പം ദേവന്റെ ചിത്രവും ദേവിയുടെ സാന്നിധ്യത്തിനായി ദീപവുംവച്ച് പാണ്ഡ്യൻമുടിപ്പ് ചടങ്ങുകൾ ആരംഭിച്ചു. ചടങ്ങുകൾക്ക് ശേഷം മണ്ഡപത്തിൽ ഇരിക്കുന്ന ഇരുകൂട്ടരും പരസ്പരം ചന്ദനംതൊട്ട് തട്ടുകൾ കൈമാറി. മൂന്നു തട്ടുകളുമായി ശ്രീകോവിലിനു പുറത്ത് കളമെഴുത്ത് മണ്ഡപത്തിൽ തട്ടുകൾ പൂജിച്ചശേഷം വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചതായി ദേവനെ അറിയിച്ച് പ്രാർഥിച്ചു.

തുടർന്ന് ദേവസ്വംബോർഡും നാട്ടുകാരും ചേർന്ന് വധുവിന്റെ കൂട്ടരായ സൗരാഷ്ട്ര ബ്രാഹ്മണർക്ക് 'സംബന്ധിവിരുന്ന്' സദ്യ നൽകിയതോടെ പാണ്ഡ്യൻമുടിപ്പ് മഹോത്സവം സമാപിച്ചു. ദേവസ്വം ബോർഡ് അസി. കമ്മിഷണർ ജയപ്രകാശ്, മാനേജർ വിനോദ്, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എസ്. സുരേഷ്, സെക്രട്ടറി കെ. കെ. സരസൻ, സൗരാഷ്ട്ര ബ്രാഹ്മണ സംഘം പ്രസിഡന്റ് കെ. ആർ. രാഘവൻ, സെക്രട്ടറി എസ്. ജെ. രാജൻ, ടി. കെ. സുബ്രഹ്മണ്യം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വ നൽകി.ഇന്ന് ഏഴിന് തൃക്കല്യാണച്ചടങ്ങുകൾ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com