ADVERTISEMENT

കൊല്ലം ∙ നറുക്കെടുപ്പും നാടകങ്ങളും അപ്രതീക്ഷിത സഖ്യങ്ങളും ആവേശഭരിതമാക്കിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊടുവിൽ ജില്ലയിൽ നേട്ടം ഇടതുമുന്നണിക്കു തന്നെ. ഭാഗ്യത്തിന്റെ കൈപിടിച്ചു യുഡിഎഫും നില മെച്ചപ്പെടുത്തി. ഭാഗ്യം തുണയ്ക്കാത്തതിനാൽ എൻഡിഎയ്ക്ക് ഒരു പഞ്ചായത്ത് കൈവിട്ടു പോയി. എങ്കിലും ചരിത്രത്തിലാദ്യമായി ജില്ലയിൽ ഒരു പഞ്ചായത്തിന്റെ അമരത്തു താമര വിരിഞ്ഞതും ഈ തദ്ദേശ തിരഞ്ഞെടുപ്പിനെ വേറിട്ടതാക്കി.   തദ്ദേശ തിരഞ്ഞെടുപ്പിൽ 44 പഞ്ചായത്തുകളിൽ മേൽക്കൈ നേടിയ എൽഡിഎഫിനു വ്യക്തമായി നേട്ടമുണ്ടാക്കാൻ കഴിഞ്ഞ ഇളമ്പള്ളൂർ പഞ്ചായത്തിൽ യുഡിഎഫും എൻഡിഎയും സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ചതോടെ ഭരണം തെന്നിമാറി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന ആര്യങ്കാവിൽ സ്വതന്ത്രയുടെ പിന്തുണയോടുകൂടി യുഡിഎഫ് ഭരണം പിടിച്ചു. തൃക്കരുവയിൽ എൽഡിഎഫിനു മുൻതൂക്കമുണ്ടായിരുന്നെങ്കിലും സ്വതന്ത്രയെ കൂടെക്കൂട്ടി യുഡിഎഫ് ഭരണത്തിലേറി. ഭൂരിപക്ഷമുണ്ടായിരുന്ന രണ്ടു പഞ്ചായത്തുകൾ നഷ്ടമായെങ്കിലും ഓച്ചിറയിൽ നറുക്കെടുപ്പിലൂടെയും തൊടിയൂരിൽ സ്വതന്ത്രയിലൂടെയും എൽഡിഎഫ് ഭരണം ഉറപ്പിച്ചതോടെ ജില്ലയിൽ ഇടതുഭരണമുള്ള പഞ്ചായത്തുകളുടെ എണ്ണം 44 ആയി തന്നെ തുടരും. 

ജില്ലയിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 4 പഞ്ചായത്തുകൾ നറുക്കെടുപ്പിലേക്കു നീങ്ങിയപ്പോൾ ഇവയിൽ 3 എണ്ണവും യുഡിഎഫിനൊപ്പം നിന്നു. തെക്കുംഭാഗം, തൃക്കരുവ,മൺറോതുരുത്ത് എന്നിവിടങ്ങളിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന നെടുവത്തൂർ പഞ്ചായത്തിൽ നടന്ന അപ്രതീക്ഷിത നറുക്കെടുപ്പിലും യുഡിഎഫിനെ ഭാഗ്യം തുണച്ചു. വിമതയെ യുഡിഎഫ് പിന്തുണച്ചതോടെ സീറ്റുകൾ തുല്യമായതിനെ തുടർന്നാണ് ഇവിടെ നറുക്കെടുപ്പു വേണ്ടി വന്നത്.   എന്നാൽ, എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഇളമ്പള്ളൂർ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർഥിക്കു വേണ്ടി യുഡിഎഫ് – എൻഡിഎ മുന്നണികൾ ഒന്നിച്ചതു സംസ്ഥാന നേതൃത്വങ്ങളെ അടക്കം ചൊടിപ്പിച്ചു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി ജെ പി യുമായി ചേർന്ന് വോട്ട് ചെയ്ത് പ്രസിഡന്റ് സ്ഥാനാർഥിയെ വിജയിപ്പിച്ച കോൺഗ്രസ് അംഗങ്ങളായ സാം വർഗീസ്, സിന്ധു ഗോപൻ, ജെ.മിനി, അനി ജി.ലൂക്കോസ് എന്നിവരെ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് പാർട്ടിയിൽ നിന്നു പുറത്താക്കി. 

കിഴക്കേ കല്ലടയിൽ യുഡിഎഫിനു വിജയപ്രതീക്ഷയുണ്ടായിരുന്ന നെടുവത്തൂർ കൈവിട്ടു പോയെങ്കിലും കല്ലുവാതുക്കൽ പഞ്ചായത്തിൽ പഞ്ചായത്തിൽ ഭരണം ഉറപ്പിക്കാനായത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമാകുന്ന വിലയിരുത്തലിലാണു ബിജെപി ജില്ലാ നേതൃത്വം. അതേ സമയം,  പോരുവഴി പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികളെ എസ്ഡിപിഐ പിന്തുണച്ചതും പാർട്ടി നേതൃത്വങ്ങൾക്കിടയിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ആദ്യ റൗണ്ടിൽ രണ്ടു വോട്ട് യുഡിഎഫിനും ഒരു വോട്ട് എൽഡിഎഫിനും ചെയ്ത എസ്ഡിപിഐ അംഗങ്ങൾ പിന്നീട് രണ്ടാം റൗണ്ടിൽ 3 വോട്ടും  യുഡിഎഫിനു ചെയ്തതോടെ യുഡിഎഫ് ഭരണം പിടിച്ചു. 

ബ്ലോക്കുകൾ ഇടത്തേക്ക്

ജില്ലയിൽ നാടകീയതകൾ ഇല്ലാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 എണ്ണം എൽഡിഎഫും ഒരെണ്ണം യുഡിഎഫും ഭരിക്കും.   ചവറ ബ്ലോക്ക് പഞ്ചായത്തിലാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫിന് 8 സീറ്റുകളും എൽഡിഎഫിന് 5 സീറ്റുകളുമാണ് ചവറ ബ്ലോക്കിലുള്ളത്. ആർഎസ്പിയുടെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. 

 കൊട്ടാരക്കര, ഇത്തിക്കര, പത്തനാപുരം, ഓച്ചിറ, ചിറ്റുമല, അഞ്ചൽ, ചടയമംഗലം,  മുഖത്തല ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടതുമുന്നണി നിർത്തിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു കയറി.  ഇവിടെയല്ലാം യുഡിഎഫിന് പരമാവധി 2 സീറ്റുകൾ മാത്രമാണുള്ളത്. പത്തനാപുരത്ത് മാത്രം 6 സീറ്റുകളുണ്ട്. എൽഡിഎഫിന് അധികാരം ലഭിച്ച ചിറ്റുമല, ഇത്തിക്കര ബ്ലോക്കുകളിൽ ബിജെപിക്കും അംഗങ്ങളുണ്ട്. മത്സരം നടന്ന വെട്ടിക്കവലയിൽ എൽഡിഎഫ് 10 വോട്ടും യുഡിഎഫ് 4 വോട്ടും നേടി. ശാസ്താംകോട്ടയിൽ എൽഡിഎഫിന് 9 വോട്ടും യുഡിഎഫിന് 5 വോട്ടും ലഭിച്ചു. ചവറയിൽ യുഡിഎഫ് 8 വോട്ട് നേടി വിജയിച്ചപ്പോൾ എൽഡിഎഫ് നേടിയത് 5 വോട്ടുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com