ADVERTISEMENT

കൊല്ലം∙ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് യുഡിഎഫിനെ. നറുക്കെടുപ്പ് നടന്ന അഞ്ചു പഞ്ചായത്തുകളിൽ നാലിലും വിജയിച്ചത് യുഡിഎഫ്. ഇതോടെ 17 സീറ്റുകൾ എന്നത് 22 ആയി ഉയർന്നു. തെക്കുംഭാഗം, തൃക്കരുവ, ഓച്ചിറ, മൺറോതുരുത്ത്, നെടുവത്തൂർ എന്നിവിടങ്ങളിലാണു നറുക്കെടുപ്പ് നടന്നത്. ഇതിൽ ഓച്ചിറ ഒഴികെ എല്ലായിടത്തും യുഡിഎഫിനു പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ഓച്ചിറയിൽ വൈസ്പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും മൺറോത്തുരുത്തിൽ എൽഡിഎഫിനുമാണ്. മറ്റിടങ്ങളിൽ ഇരുസ്ഥാനങ്ങളും യുഡിഎഫ് നേടി. യുഡിഎഫിനു മുൻപു തന്നെ മേൽക്കൈയുണ്ടായിരുന്ന പഞ്ചായത്തായ തെക്കുംഭാഗത്ത് വോട്ടെടുപ്പ് നിർണായകമായിരുന്നു. തുല്യസീറ്റുകൾ നേടിയിരുന്ന ആര്യങ്കാവിലും പോരുവഴിയിലും അധികാരം ഉറപ്പിച്ചതോടെയാണു സീറ്റുകളുടെ എണ്ണം 22 ആയത്.

സ്വപ്നപദ്ധതികൾ

ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ‌ ത്വരിതപ്പെടുത്തുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സാം. കെ.ഡാനിയേൽ. ചുമതല ഏറ്റെടുത്തതിനു പിന്നാലെ ‘ മലയാള മനോരമ’ യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  വൻ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിൽ വലിയ മാറ്റം ഉണ്ടായി. അത്തരം പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനു ഉൗന്നൽ നൽകും.  വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ നടക്കുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ എല്ലാ മുൻകരുതലും ഉറപ്പു വരുത്തേണ്ടതുണ്ട്. അതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളും. കാർഷിക മേഖലയിലെ മുന്നേറ്റമാണു മറ്റൊരു പ്രധാന പദ്ധതി. സുഭിക്ഷ കേരളം പദ്ധതി കാര്യക്ഷമമായി നടപ്പാക്കും. തരിശു രഹിത കൊല്ലം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനു തൊഴിലുറപ്പു പദ്ധതിക്കു വലിയ പങ്ക് വഹിക്കാനാകും. അതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com