ADVERTISEMENT

എഴുകോൺ ∙ ബൈക്ക് യാത്രികരായ യുവദമ്പതികളെ അടിച്ചുവീഴ്ത്തി  സ്വർണമാല കവർന്ന സംഭവം യുവതിയുടെ അമ്മ നൽകിയ ക്വട്ടേഷനെന്നു പൊലീസ്.  എഴുകോൺ കാക്കക്കോട്ടൂരിൽ വാടകയ്ക്കു താമസിക്കുന്ന കേരളപുരം കല്ലൂർവീട്ടിൽ നജി (48)യെ എഴുകോൺ പൊലീസ് വർക്കലയിൽ നിന്ന് പിടികൂടി. ഇവരെ കോടതി റിമാൻഡ് ചെയ്തു. മരുമകൻ ജോലിക്കു പോകാതെ കറങ്ങിനടക്കുന്നതിലും ഉപദ്രവിക്കുന്നതിലും മനംനൊന്താണു മർദിക്കാൻ ക്വട്ടേഷൻ നൽകിയതെന്നു നജി പൊലീസിനോടു സമ്മതിച്ചു. 

കഴിഞ്ഞ മാസം 23ന് 7.45ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നജിയുടെ മൂത്ത മകൾ കൊട്ടാരക്കര പുലമൺ ജംക്‌ഷനിൽ വാടകയ്ക്കു താമസിക്കുന്ന അഖിന (20)യും ഭർത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നജിയുടെ വീട്ടിലേക്കു വരവേ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു. ആക്രമണം നടത്തിയ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാർജ മൻസിലിൽ ഷെബിൻഷാ (ചിപ്പി–29), വികാസ് ഭവനിൽ വികാസ് (34), കരിക്കോട് മുതിരവിള വീട്ടിൽ കിരൺ (31) എന്നിവരെ ഈ മാസം 6ന് പൊലീസ് പിടികൂടിയപ്പോഴാണു നജിയുടെ പങ്ക് വെളിപ്പെട്ടത്. 

മുൻപരിചയമുള്ള ഷെബിൻഷായെ ബന്ധപ്പെട്ടാണു നജി ക്വട്ടേഷൻ ഉറപ്പിച്ചത്. ഇയാളാണു മറ്റുള്ളവരെ സംഘടിപ്പിച്ചത്. ഇതിൽ ഒരു പ്രതിയായ കിളികൊല്ലൂർ സ്വദേശി സച്ചു ഒളിവിലാണ്. പൊലീസ് എത്തിയപ്പോഴേക്കും സ്ഥലംവിട്ട നജി ഇളയ മകളുമൊത്തു പല ഭാഗങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നു. ഒടുവിൽ വർക്കലയിൽ എത്തിയപ്പോഴാണു പൊലീസ്  പിടികൂടിയത്. 10,000 രൂപയ്ക്കാണു ഷെബിൻഷായ്ക്കു ക്വട്ടേഷൻ നൽകിയത്.

തുക നൽകിയിട്ടില്ലെന്നു നജി പറഞ്ഞെങ്കിലും തുക ലഭിച്ചതായും കവർന്ന മാല നജിയെ എൽപിച്ചതായും ഷെബിൻഷാ വെളിപ്പെടുത്തിയിരുന്നു. ഇൻസ്പെക്ടർ വി.എസ്. ശിവപ്രകാശ്, എസ്ഐ സി.ബാബുക്കുറുപ്പ്, ഡാൻസാഫ് എഎസ്ഐ ആഷിർ കോഹൂർ, സിപിഒമാരായ വിബു, മഹേഷ് മോഹൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. 

ക്വട്ടേഷൻ നൽകിയത് പരാതി ഉണ്ടാകില്ലെന്ന ഉറപ്പോടെ

പൊലീസിൽ പരാതി ഉണ്ടാകാതെ നോക്കാമെന്നും കേസുണ്ടാകില്ലെന്നുമുള്ള ഉറപ്പിലാണു നജി മകൾക്കും മരുമകനും എതിരെ ക്വട്ടേഷൻ നൽകിയതെന്നു പൊലീസ്. പക്ഷേ ദമ്പതികൾക്കുനേരെ ഉണ്ടായ ആക്രമണവും മാല പൊട്ടിക്കലും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും  പൊലീസ് സംഭവത്തിൽ ഇടപെടുകയും ചെയ്തതോടെ നജിയുടെ തിരക്കഥ പൊളിഞ്ഞു.  ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഷെബിൻഷായെ പൊലീസ്  അന്വേഷിച്ചെത്തിയതോടെ അയാൾ നജിയെ ഫോണിൽ വിളിച്ച് പൊലീസ് എത്തിയ കാര്യം പറയുകയും ചെയ്തു. ഫോൺ കോളുകളുടെ വിശദാംശം പരിശോധിച്ചു വരികയായിരുന്ന പൊലീസിനു പ്രതികളെ  കുടുക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. നജിയുടെ ഓട്ടോറിക്ഷ ഷെബിൻഷായുടെ ചുമതലയിലാണു വാടകയ്ക്കു നൽകിയിരിക്കുന്നത്. 

തുടക്കം മുതലേ സംശയിച്ച് പൊലീസ്

മാലമോഷണക്കേസിൽ തുടക്കം മുതൽ തന്നെ ചില പൊരുത്തക്കേടുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാക്കക്കോട്ടൂർ പണിക്കത്തിക്കാവിനു സമീപത്തായിരുന്നു സ്കൂട്ടറിലെത്തിയ 3 അംഗ സംഘം  അഖിനയെയും ഭർത്താവ് ജോബിനെയും ആക്രമിച്ചതും മാല കവർന്നതും. ദമ്പതികളുടെ വരവ് അറിഞ്ഞെത്തിയതു പോലെയായിരുന്നു അക്രമികളുടെ പെരുമാറ്റം. മർദിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും അതല്ലെന്നു വരുത്തിത്തീർക്കാനാണത്രെ മാല കവർന്നത്. പക്ഷേ 3 പേർ സ്കൂട്ടറിലെത്തി കവർച്ച നടത്തി എന്നതും പരാതിയിലെ ചില പൊരുത്തക്കേടുകളും പൊലീസ് ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു. വിശദാംശങ്ങൾ ചോദിച്ചറിയാൻ വിളിച്ചപ്പോഴൊക്കെ നജി ഒഴിഞ്ഞുമാറുകയും ചെയ്തു. നെജിയുടെ മകൾക്കും പരിചയം ഉള്ളതിനാൽ ഷെബിൻഷ മാറിനിന്ന ശേഷം മറ്റു 3 പേരാണ് ആക്രമണം നടത്തിയത്. നജി തന്നെയാണു മകളും മരുമകനും എത്തുന്ന സമയവും മറ്റും ക്വട്ടേഷൻ സംഘത്തെ കൃത്യമായി അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com