ADVERTISEMENT

കൊല്ലം ∙ അണികളുടെ ആവേശമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി ജില്ലയിൽ. ഇന്നലെ രാത്രി കൊല്ലത്തെത്തിയ രാഹുൽ ഗാന്ധി ഇന്നു രാവിലെ തങ്കശ്ശേരിയിൽ മത്സ്യത്തൊഴിലാളികളുമായി ആശയസംവാദം നടത്തും. 8.30 മുതൽ 9.30 വരെ   മത്സ്യത്തൊഴിലാളികളോടൊപ്പം ചെലവഴിക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നു ടി.എൻ. പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ എന്നിവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തു നിന്നു കാർ മാർഗമാണ് രാത്രി  ഇവിടെയെത്തിയത്.

കൊല്ലം ‌ബീച്ച് ഹോട്ടലിൽ താമസിക്കുന്ന രാഹുൽ രാവിലെ 8.15നു തങ്കശ്ശേരിയിലേക്കു പുറപ്പെടും. ബസ് ടെർമിനൽ അങ്കണത്തിലാണു  വേദി. മത്സ്യത്തൊഴിലാളികളുടെ 3 വള്ളങ്ങൾ കൊണ്ടാണു വേദി ഒരുക്കിയത്. മറ്റു നേതാക്കൾക്കു ഇതിന് ഇരുവശവുമായി ഇരിപ്പിടം ക്രമീകരിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ട 1000 തൊഴിലാളികൾക്കാണു ചടങ്ങിൽ പ്രവേശനം.  ഇവർക്കു ഡെലിഗേറ്റ് പാസ് വിതരണം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ, ബോട്ട് തൊഴിലാളികൾ, ഹാർബർ തൊഴിലാളികൾ തുടങ്ങി മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധന നടത്തിയാണു പ്രതിനിധികളെ പ്രവേശിപ്പിക്കുക.

മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, മേഖലയിലെ പ്രതിസന്ധികൾ, വർത്തമാനകാല സംഭവങ്ങൾ തുടങ്ങി മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട എല്ലാ വിഷയവും ആശയ വി‌നിമയത്തിൽ  ഉൾപ്പെടും. ആർക്കും ചോദ്യം ഉന്നയിക്കാൻ അവസരം ഉണ്ടാകും.  ചോദ്യങ്ങളും ഉത്തരവും തർജമ ചെയ്യും. വേദിയുടെ മുൻവശത്താണു മത്സ്യത്തൊഴിലാളി പ്രതിനിധികൾക്ക് ഇരിപ്പിടം. എസ്എൻ കോളജ് ജംക്‌ഷൻ, എസ്പി ഓഫിസ് മേൽപ്പാലം വഴിയാണു താമസസ്ഥലത്ത് എത്തുന്നതും മടങ്ങിപ്പോകുന്നതും. തിരുവനന്തപുരത്തേക്കു കാർ മാർഗം മടങ്ങുന്ന രാഹുൽ ഗാന്ധി അവിടെനിന്നു ഡൽഹിയിലേക്ക് പോകും.  

രാഹുൽഗാന്ധിയുടെ കൊല്ലം സന്ദർശനത്തെ തുടർന്നു  തങ്കശ്ശേരിയിൽ ഒരുങ്ങുന്ന സ്റ്റേജ്.
രാഹുൽഗാന്ധിയുടെ കൊല്ലം സന്ദർശനത്തെ തുടർന്നു തങ്കശ്ശേരിയിൽ ഒരുങ്ങുന്ന സ്റ്റേജ്.

നഗരം സുരക്ഷാ വലയത്തിൽ

കൊല്ലം ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ചു നഗരത്തിൽ കനത്ത സുരക്ഷ.  480 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചു. രാഹുൽ താമസിക്കുന്ന കൊല്ലം ബീച്ച് ഹോട്ടൽ ഇന്നലെ രാവിലെ പൊലീസ് ഏറ്റെടുത്തു. സമ്മേളന വേദിയും വൈകിട്ട് പൊലീസ് ഏറ്റെടുക്കും. ചിന്നക്കടയിലെ ഹോട്ടലിൽ താമസസൗകര്യം ഒരുക്കാനായിരുന്നു ആദ്യശ്രമം. സുരക്ഷയും ഒപ്പമുള്ളവരുടെ താമസ സൗകര്യവും കൂടി പരിഗണിച്ചാണ് ബീച്ച് ഹോട്ടലിലേക്കു മാറ്റിയത്. രാഹുൽ ഗാന്ധിയെയും പാർട്ടി നേതാക്കളെയും കൂടാതെ 4 താമസക്കാർ മാത്രമേ ഹോട്ടലിലുള്ളൂ. മലയാളികളായ ഇവർ നാളുകളായി ഇവിടെ താമസിക്കുന്നവരാണ്.

ഇവരെ സംബന്ധിച്ചു പൊലീസ് അന്വേഷണം നടത്തിയ ശേഷമാണു താമസം തുടരാൻ  അനുമതി നൽകിയത്. രാഹുൽ ഗാന്ധിക്കു  സുരക്ഷ നൽകുന്ന സിആർഎപിഎഫ് കഴി‍ഞ്ഞ ദിവസം കൊല്ലത്തെത്തി പരിശോധന നടത്തിയിരുന്നു.കമൻഡാന്റിന്റെ നേതൃത്വത്തിൽ 12 അംഗ സംഘമാണു പ്രത്യേക സുരക്ഷ ഒരുക്കുന്നത്. ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണം മുതൽ ജില്ലാ പൊലീസ് സുരക്ഷ ഒരുക്കും. കമ്മിഷണർ ടി. നാരായണന്റെ നേതൃത്വത്തിൽ 11 എസിപിമാർ, 24 ഇൻസ്പെക്ടർമാർ  എന്നിവർക്കാണു ചുമതല.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com