ADVERTISEMENT

ആയൂർ ∙ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ ടിപ്പർ ലോറിയിൽ കുടുങ്ങിയ പിതാവിനെയും മകനെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി രക്ഷപ്പെടുത്തി. ലോറിയിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ 7 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവർക്ക് അഞ്ചൽ, ആയൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലോറിയുടെ കാബിൻ പൂർണമായും തകർന്നു.

കാരാളികോണം റിയാസ് മൻസിലിൽ (മുണ്ടപ്പള്ളിൽ) അബ്ദുൽ കരീം (60) മക്കളായ ഷിഹാസ് (28), അൻസാം (32) എന്നിവർക്കും അതിഥിത്തൊഴിലാളികളായ നാലു പേർക്കുമാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 10.25 ന് ആയൂർ - ഓയൂർ റോഡിൽ തോട്ടത്തറ പാലത്തിനു സമീപത്തെ വളവിലായിരുന്നു അപകടം. സിമന്റ് കട്ടകളുമായി കാരാളികോണം ഭാഗത്തേക്കു പോയ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്നു ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം പൂർണമായും തടസ്സപ്പെട്ടു. ലോറിക്കു പിന്നിലിരുന്ന തൊഴിലാളികൾ റോഡിലേക്കു തെറിച്ചു വീണു.

ഇവരുടെ മുകളിലും സിമന്റ് കട്ടകൾ വീണു. മുന്നിലിരുന്ന പിതാവും രണ്ടു മക്കളും ക്യാബിനിൽ കുടുങ്ങി. അൻസാമിനെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെടുത്തു, കടയ്ക്കലിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഹൈട്രോളിക് കട്ടർ ഉപയോഗിച്ചു കാബിന്റെ പിൻഭാഗം പൊളിച്ചപ്പോഴാണു കാബിനുള്ളിൽ കുടുങ്ങിയ പിതാവ് അബ്ദുൽ കരീമിനെയും മകൻ ഷിഹാസിനെയും കണ്ടത്. പൊളിച്ച ഭാഗത്തുകൂടി ഷിഹാസിനെ സാഹസികമായി പുറത്തെടുത്തു. വീഴ്ചയിൽ കാബിൻ തകർന്നതിനാൽ അബ്ദുൽകരീം ഇതിനുള്ളിൽ കുടുങ്ങിപ്പോയി. റിക്കവറി വാഹനം ഉപയോഗിച്ചു ലോറി ഉയർത്തിയ ശേഷം ഏറെ സാഹസികമായാണു ഇദ്ദേഹത്തെ പുറത്തെടുത്തത്. അപകടത്തെ തുടർന്നു റോഡിൽ നിരന്ന സിമന്റ് കട്ടകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു റോഡിന്റെ വശത്തേക്കു നീക്കി.

കട്ടകളുടെ അവശിഷ്ടങ്ങൾ അഗ്നിരക്ഷാസേന വെള്ളം പമ്പു ചെയ്തു നീക്കം ചെയ്തു. അപകടത്തെ തുടർന്നു ഗതാഗത തടസ്സം ഉണ്ടായതോടെ വാഹനങ്ങൾ തോട്ടത്തറ ഇളമാട് അമ്പലമുക്ക് വഴി തിരിച്ചു വിട്ടു. ചടയമംഗലം ഇൻസ്പെക്ടർ ബിജോയി, എസ്ഐ മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കടയ്ക്കൽ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ജെ.സുരേഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കൊട്ടാരക്കരയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com