ADVERTISEMENT

കൊണ്ടുപിടിച്ച പ്രചാരണത്തിനു നാളെ തിരശീല വീഴും. അതിനു മുൻപ് അവസാന വോട്ടും ഉറപ്പിക്കാനുള്ള പരക്കം പാച്ചിലിലാണു സ്ഥാനാർഥികളും മുന്നണികളും. മണ്ഡലങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി എന്താണ്...?

കൊട്ടാരക്കര

നീലേശ്വരം അമ്മൂമ്മ മുക്കിൽ അമ്മൂമ്മമുക്ക് ഫ്രണ്ട്സ് സ്ഥാപിച്ച വെയ്റ്റിങ് ഷെഡിനോടു ചേർന്നുള്ള കാഴ്ച കണ്ടാൽ അമ്മൂമ്മ മുക്ക് ഗ്രാമപ്പഞ്ചായത്തിലെ തിരഞ്ഞെടുപ്പാണെന്നു തോന്നും. കവലയിലെ ഭിത്തിയിൽ കെ.എൻ ബാലഗോപാലും ആർ. രശ്മിയും വയയ്ക്കൽ സോമനുമുണ്ട്, തോരണങ്ങളിലുണ്ട്, ബാനറുകളിലുണ്ട്. കൊട്ടാരക്കര ഇളക്കിമറിച്ച് പ്രിയങ്ക ഗാന്ധി വന്നു പോയതിന്റെ ആവേശം യുഡിഎഫിന്റെ ചലനങ്ങളിലുണ്ട്. മണ്ഡലത്തിലുടനീളം മുഖ്യമന്ത്രി പിണറായിയുടെ ബഹുവർണ ബോർഡുകൾ വച്ച് ‘ ഉറപ്പാണ്’ എന്ന് എൽഡിഎഫ് വിളിച്ചുപറയുന്നു. ‘കഥകളിയുടെ നാട്ടിൽ കർഷക നേതാവ്’ എന്നു ബാലഗോപാലിനെ സിപിഎം പോസ്റ്ററിൽ വിശേഷിപ്പിക്കുമ്പോൾ, ട്യൂഷനെടുത്ത് ഉപജീവനം കഴിച്ച രശ്മിയുടെ ജീവിത കഥ യുഡിഎഫ് വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു.

കേന്ദ്രമന്ത്രി നിർമല സീതാരാമൻ അടുത്ത ദിവസം കൊട്ടാരക്കരയിൽ എത്തുന്നതിന്റെ ത്രില്ലിലാണു ബിജെപി ക്യാംപ്. ശബരിമല തീർഥാടകരുടെ ഇടത്താവളമായതുകൊണ്ടാകണം, യുഡിഎഫിന്റെ പ്രചാരണ സാമഗ്രികളിലെല്ലാം ശബരിമല ദൃശ്യങ്ങളുണ്ട്. അത് മറികടക്കാൻ സിപിഎമ്മിന്റെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ ബാലഗോപാലിനു വേണ്ടി പ്രവർത്തിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് ഇനിയും മുന്നോട്ടുപോകാനുണ്ട്. ശശി തരൂർ എംപി യുടെ റോഡ് ഷോ കൊട്ടാരക്കര പട്ടണത്തിൽ ആവേശത്തോടെ ഇന്നലെ നടന്നപ്പോൾ, താഴേത്തട്ടിൽ വോട്ടുറപ്പിക്കുകയായിരുന്നു എൽഡിഎഫ്.

ചടയമംഗലം

ചടയമംഗലം കൊച്ചാലുംമൂട്ടിലെ കശുവണ്ടി ഫാക്ടറിയിലെ പുകക്കുഴലിൽ നിന്നു പുക പുറത്തുവന്നിട്ടു കാലം കുറച്ചായി. ആകെയുള്ള നാൽപതിലേറെ തൊഴിലാളികളിൽ പത്തോ പതിനൊന്നോ പേരാണ് ഇന്നലെ ജോലിക്കു വന്നത്. തോട്ടണ്ടി ഇല്ലാതെ എല്ലാവരും കൂടി വന്നിട്ടെന്തു കാര്യമെന്നു തൊഴിലാളികളിലൊരാളായ ശ്രീലത. നട്ടുച്ചയ്ക്കു സൂര്യൻ തീ തുപ്പുമ്പോൾ, അങ്ങു മുകളിൽ ജടായുപ്പാറയ്ക്കു പൊള്ളുന്നതു നമുക്ക് അനുഭവപ്പെടും. അതിനേക്കാൾ ചൂടുണ്ട് ഇവിടെ തിരഞ്ഞെടുപ്പിന്. സിറ്റിങ് മണ്ഡലം മുറുകെപ്പിടിച്ചില്ലെങ്കിൽ സിപിഐയിൽ കൊട്ടാര വിപ്ലവത്തിനു വഴിവയ്ക്കും. അത്രയും പ്രതിഷേധം കണ്ടതാണ്, സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ.

ചടയമംഗലം കടയ്ക്കൽ റോഡിൽ കൊച്ചാലുംമൂട് സജു കശുവണ്ടി ഫാക്ടറിയിലെ ചുമരുകളിൽ മണ്ഡലത്തിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളുടെയും പോസ്റ്ററുകൾ പതിച്ചിരിക്കുന്നു.

എല്ലാം പറഞ്ഞൊതുക്കിയെന്നാക്കി മണ്ഡലം സെക്രട്ടറി എ. മുസ്തഫയെ കൺവീനറാക്കി പ്രചാരണം കൊഴുപ്പിക്കുകയാണു സിപിഐയും മുന്നണിയും. സ്ഥാനാർഥി പാർട്ടി ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണി തികഞ്ഞ ആത്മവിശ്വാസത്തിൽ. കെപിസിസി ജനറൽ സെക്രട്ടറിയായ യുവനേതാവ് എം.എം നസീർ മത്സരിക്കുന്ന വീറും വാശിയുമുണ്ട് കോൺഗ്രസ് ക്യാംപിൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം കൊല്ലം നഗരത്തിൽ നിന്നെത്തി മണ്ഡലത്തിൽ സജീവ സാന്നിധ്യം അറിയിക്കുന്നു.എൽഡിഎഫിന്റെ സംഘടനാ സംവിധാനവും കോൺഗ്രസിന്റെ തലമുറ മാറ്റവും മാറ്റുരയ്ക്കുമ്പോൾ സ്ഥാനാർഥിയുടെ വ്യക്തിപരമായ മികവ് ഇവിടെ വിധി നിർണയിക്കും.

കുണ്ടറ

പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നതു കണ്ടാലറിയാം, മണ്ഡലത്തിലെ വാശി. സിപിഎം സ്ഥാനാർഥി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പോസ്റ്ററുകൾക്കു തൊട്ടടുത്ത് അതേ വലുപ്പത്തിൽ കോൺഗ്രസിലെ പി.സി വിഷ്ണുനാഥിന്റെ പോസ്റ്ററുകൾ. മേഴ്സിക്കുട്ടിയമ്മയ്ക്കാണു കൂടുതൽ ശ്രദ്ധ കിട്ടുന്നതെങ്കിൽ അതു തിരിച്ചുപിടിക്കാൻ വിഷ്ണുനാഥിന്റെ പോസ്റ്ററുകൾ ചുറ്റും. വിഷ്ണുനാഥിന്റെ പോസ്റ്ററുകളാണു കൂടുതലെങ്കിൽ അതിനു ചുറ്റോടു ചുറ്റും മേഴ്സിക്കുട്ടിയമ്മയുടെ പോസ്റ്ററുകൾ... വിട്ടു കൊടുക്കാൻ ആരും തയാറല്ല. ആദ്യം രംഗത്തിറങ്ങിയതിന്റെ ഗുണവും പാർട്ടി സംവിധാനത്തിന്റെ ശക്തിയും മേഴ്സിക്കുട്ടിയമ്മയ്ക്കുണ്ട്. മണ്ഡലത്തിലെ ബന്ധങ്ങളും മേഴ്സിക്കുട്ടിയമ്മയ്ക്കു പ്ലസ് ആണ്.

വൈകി വന്നെങ്കിലും മണ്ഡലമാകെ നിറഞ്ഞു വിഷ്ണുനാഥ് പ്രവചനാതീതമായ മത്സരം കാഴ്ചവയ്ക്കുന്നു. ബിഡിജെഎസ് സ്ഥാനാർഥി വനജ വിദ്യാധരനും സജീവമായി രംഗത്തുണ്ടെങ്കിലും ത്രികോണ മത്സരമെന്നു പറയാനാവുന്നില്ല. സർക്കാരിനെ വെട്ടിലാക്കിയ ആഴക്കടൽ മത്സ്യബന്ധന കരാറുമായി വന്ന അമേരിക്കൻ കമ്പനി ഇഎംസിസി യുടെ പ്രസിഡന്റ് ഷിജു എം. വർഗീസ് െടലിവിഷൻ ചിഹ്നവുമായി മത്സരിക്കുന്നുണ്ടെങ്കിലും സ്ഥാനാർഥിയെ മണ്ഡലത്തിൽ അത്രയങ്ങു കാണുന്നില്ല. എല്ലാം നോക്കിക്കണ്ടു ഇളമ്പള്ളൂർ പട്ടണത്തിൽ കുണ്ടറ വിളംബരത്തിന്റെ കരിങ്കൽ സ്തൂപം മൂകസാക്ഷിയായി നിൽക്കുന്നു.

കുണ്ടറ ആശുപത്രി മുക്കിനു സമീപം എൽഡിഎഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും യുഡിഎഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥിന്റെയും പോസ്റ്ററുകൾ.

പുനലൂർ

പുനലൂർ ടൗണിലെ ഒരു കടയുടെ പേര് പുനലൂർ പൊരിപ്പു കട. മീന സൂര്യൻ കത്തിക്കാളി നിൽക്കുമ്പോൾ ഇവിടെ പൊരിച്ചില്ലേലും പൊരിഞ്ഞോളും. തിരഞ്ഞെടുപ്പു രംഗവും അങ്ങനെ തന്നെ. വെയിലാറുമ്പോൾ ചൂടാകുന്ന മണ്ഡലം കൂടിയാണു പുനലൂർ. ഉച്ചയ്ക്ക് 12 മണിയടുക്കുമ്പോൾ പ്രചാരണത്തിന് അൽപം ശമനം വരും. ചൂടു താങ്ങാനാവില്ല, ഉച്ച കഴിയുമ്പോൾ വീണ്ടും രംഗം കൊഴുക്കും. വെയിലാറിക്കഴിയുമ്പോൾ ആവേശം കത്തിക്കയറും. സിപിഐ ജില്ലാ അസി. സെക്രട്ടറിയും മുൻ എംഎൽഎയുമായ പി.എസ്. സുപാൽ പോസ്റ്ററിൽ കാണുന്നതു പോലെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒരു വോട്ടും കൈവിട്ടു പോകാതിരിക്കാൻ മുന്നണി തികഞ്ഞ ജാഗ്രത കാട്ടുന്നു. തമിഴ് വംശജരുടെ മേഖലകളിൽ തമിഴ് പോസ്റ്ററുകൾ പതിപ്പിക്കാനും ശ്രദ്ധ കാട്ടി.

അങ്ങനെയൊരു പോസ്റ്റർ മുസ്‌ലിംലീഗ് സ്ഥാനാർഥി അബ്ദുറഹിമാൻ രണ്ടത്താണിയുടെ പേരിൽ കണ്ടില്ല. കർഷക മോർച്ച നേതാവ് ആയൂർ മുരളി പാർട്ടിയുടെ സ്വാധീന കേന്ദ്രങ്ങൾ ഇളക്കിമറിച്ചു രംഗത്തുണ്ട്. ഓടിയെത്താൻ കഴിയാത്തത്ര ദൂരമുള്ള മണ്ഡലമാണിത്. തമിഴ്നാട്ടിലെ ചെങ്കോട്ട ചുറ്റി വേണം മണ്ഡലത്തിലെ അച്ചൻകോവിലിലെത്താൻ. എത്താൻ കഴിയുന്നിടത്തൊക്കെ എൽഡിഎഫിനു സംഘടനാ സംവിധാനമുണ്ട്. യുഡിഎഫിലാകട്ടെ, സംവിധാനമുള്ളയിടത്തും കൂടുതൽ സജീവമാകാനുമുണ്ട്. കളം നിറഞ്ഞു ജയം പിടിക്കാൻ മിടുക്കനാണു രണ്ടത്താണി. രണ്ടത്താണിയുടെ മിടുക്ക് പുനലൂരിലും കണ്ടാൽ എൽഡിഎഫിന്റെ അടിത്തറയിൽ വിള്ളലുണ്ടാകും. അടിയൊഴുക്കുകളേറെ കണ്ട നാടാണല്ലോ പുനലൂർ.

പത്തനാപുരം

തെന്മല കഴുതുരുട്ടി നെടുമ്പാറയിൽ എൽഡിഎഫ് സ്ഥാനാർഥി പി.എസ്. സുപാലിനു തമിഴിലും മലയാളത്തിലും, യുഡിഎഫ് സ്ഥാനാർഥി അബ്ദുറഹിമാൻ രണ്ടത്താണിക്കു മലയാളത്തിലും പോസ്റ്റർ പതിച്ചിരിക്കുന്നു.

പിടവൂർ മുട്ടത്തുകടവ് പാലത്തിലേക്കു കയറുമ്പോൾ എതിരെ കെ.ബി ഗണേഷ്കുമാറിന്റെ പ്രചാരണ വാഹനം വരുന്നു. ജ്യോതികുമാർ ചാമക്കാലയുടെ ബോർഡുകൾ വച്ച പ്രചാരണ വാഹനം തൊട്ടുപിന്നാലെ. വഴിയിൽ ഗണേഷ്കുമാറിന്റെ ബോർഡ് ഇങ്ങനെ പറഞ്ഞു: ‘ വിരുന്നുണ്ണാൻ വരുന്നവരുടെ മനോഭാവം മാറണം...’ തൊട്ടടുത്തു ജ്യോതികുമാറിന്റെ ഉശിരൻ മറുപടി ബോർഡ്: ‘അതെ, മാറണം, മണ്ഡലത്തിൽ മാറ്റമാണു വേണ്ടത്...’

ഇഞ്ചോടിഞ്ചല്ല, സെന്റീമീറ്റർ കണക്കിനാണ് ഇവിടെ വാശി. ബിജെപി ജില്ലാ സെക്രട്ടറി വി.എസ് ജിതിൻ ദേവ് യുവത്വത്തിന്റെ പ്രതീകമായി ശൂരനാടു നിന്നെത്തി മണ്ഡലം നിറഞ്ഞു. മണ്ഡലത്തിലുടനീളം അപ്രതീക്ഷിത മുന്നേറ്റം എന്ന പ്രതീതി സൃഷ്ടിച്ച കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയെ തളയ്ക്കാൻ അടവുകൾ പതിനെട്ടും പയറ്റുകയാണു കേരള കോൺഗ്രസ്- ബി യും കെ.ബി ഗണേഷ്കുമാറും. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സിപിഐയ്ക്കേറ്റ കനത്ത പരാജയത്തിന്റെ അലയൊലികൾ പാർട്ടിയിൽ തീർന്നിട്ടില്ല. എങ്കിലും മുന്നണി സംവിധാനത്തിന്റെ ബലവും മണ്ഡലത്തിലുള്ള സ്വാധീനവും മുതലാക്കി വിജയം പ്രതീക്ഷിക്കുകയാണു ഗണേഷ്കുമാർ. അട്ടിമറി വിജയം ജ്യോതികുമാർ കൊണ്ടുവന്നാലും അത്ഭുതപ്പെടാനില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com