പൊടി പാറും പോരാട്ടത്തിൽ പുനലൂർ
Mail This Article
അഞ്ചൽ ∙ ആധിപത്യം നിലനിർത്താൻ ഇടതു മുന്നണിയും അങ്കം ജയിക്കാൻ യുഡിഎഫും കരുത്തു തെളിയിക്കാൻ എൻഡിഎയും രംഗത്തുള്ള പുനലൂരിൽ ഇത്തവണ നടക്കുന്നത് കടുത്ത പോരാട്ടം. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന മണ്ഡലങ്ങളിലൊന്നായിട്ടും സ്ഥാനാർഥികളും പ്രവർത്തകരും വിശ്രമമില്ലാതെ ഓട്ടത്തിലാണ്. ഇന്നത്തോടെ മുന്നണികൾ എല്ലാ അടവുകളും പയറ്റിക്കഴിയും. അവസാന ദിനങ്ങളിൽ എതിരാളിയുടെ ‘പൂഴിക്കടകൻ ’ പ്രയോഗം ഉണ്ടായാൽ നേരിടാനുള്ള തയാറെടുപ്പിലാണു നേതാക്കൾ.
കലാശക്കൊട്ട് ഒഴിവായതിനെത്തുടർന്ന് ഇന്നും നിശബ്ദ പ്രചാരണ ദിനമായ നാളെയും പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള നീക്കങ്ങളാണു നടക്കുന്നത്. ഇതിനിടെ പരമാവധി ആളുകളെ ഫോണിൽ ബന്ധപ്പെടാൻ സ്ഥാനാർഥികൾ ശ്രമിക്കുന്നുണ്ട്. സ്ഥാനാർഥി നിർണയം നേരത്തേ പൂർത്തിയായതിനാൽ ഇടതുമുന്നണി സാരഥി പി.എസ്.സുപാലിനു മറ്റുള്ളവരേക്കാൾ മുൻപേ കളത്തിൽ ഇറങ്ങാൻ കഴിഞ്ഞു. ഒട്ടേറെപ്പേരെ നേരിൽ കാണാൻ വേണ്ടത്ര സമയം അദ്ദേഹത്തിനു ലഭിച്ചു.
അൽപം വൈകിയാണ് അങ്കം കുറിച്ചതെങ്കിലും യുഡിഎഫ് സ്ഥാനാർഥി അബ്ദുറഹ്മാൻ രണ്ടത്താണി പ്രചാരണത്തിൽ ഇടതുമുന്നണിക്കൊപ്പം ഓടിയെത്തി. തുടക്കത്തിലുണ്ടായിരുന്ന പ്രതിസന്ധികൾ തരണം ചെയ്ത് വലിയ മുന്നേറ്റമുണ്ടാക്കിയതായി നേതാക്കൾ പറയുന്നു. എൻഡിഎയുടെ ആയൂർ മുരളി പോരാട്ടത്തിൽ ഒട്ടും പിന്നിലല്ല. എസ്‌യുസിഐ, വൺ ഇന്ത്യ വൺ പെൻഷൻ (ഒഐഒപി) എന്നിവയുടെ സ്ഥാനാർഥികളും രംഗത്തുണ്ട്.